ന്യൂഡല്‍ഹി: മുന്‍ സര്‍ക്കാരുകള്‍ പാകിയ അടിത്തറയാണ് രാജ്യത്തെ സമ്പദ്വ്യവസ്ഥ ഉയരങ്ങളിലെത്താന്‍ കാരണമെന്ന് മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി. ആസൂത്രണ സമ്പദ്വ്യവസ്ഥയില് ഉറച്ചുവിശ്വസിച്ചിരുന്ന അതിന്റെ സ്ഥാപകരാണ് ആധുനിക ഇന്ത്യയ്ക്ക് അടിത്തറ പാകിയത്. കോണ്‍ഗ്രസിന്റെ കഴിഞ്ഞ 55 വര്‍ഷത്തെ ഭരണത്തെ വിമര്‍ശിക്കുന്നവര്‍ നമ്മള് സ്വാതന്ത്ര്യം നേടിയ കാലത്തില്‍ നിന്ന് എത്ര ദൂരം ഇന്ത്യ പിന്നിട്ടെന്ന് ആലോചിക്കണമെന്നും പ്രണബ് മുഖര്‍ജി പറഞ്ഞു. ഡല്‍ഹിയില്‍ സ്വകാര്യ ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
2024 ല്‍ ഇന്ത്യയുടെ സമ്പദ്വ്യവസ്ഥ അഞ്ച് ട്രില്യണ്‍ യുഎസ് ഡോളറില്‍ എത്തുമെന്നാണ് ധനമന്ത്രി ബജറ്റ് അവതരണ വേളയില്‍ പറഞ്ഞത്. അത് ശരിയാണ്. ഈ വളര്‍ച്ചയ്ക്ക് കാരണം പെട്ടെന്നുണ്ടായ മാറ്റങ്ങളല്ല. മറിച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് പാകിയ ശക്തമായ അടിത്തറയാണ്. ബ്രീട്ടീഷുകാരല്ല അതിനു പ്രയത്നം നടത്തിയത്. മറിച്ച് സ്വാതന്ത്ര്യം ലഭിച്ച കാലം മുതലുള്ള സര്‍ക്കാരുകളാണ് അതിന് കാരണമെന്നും പ്രണബ് മുഖര്‍ജി പറഞ്ഞു.
പഞ്ചവത്സര പദ്ധതികളാണ് ജനങ്ങളില്‍ വികസനത്തെ കുറിച്ചും സമ്പദ്വ്യവസ്ഥയെ കുറിച്ചും ആരോഗ്യത്തെ കുറിച്ചും ഒരു ബോധ്യമുണ്ടാക്കിയത്. കോണ്‍ഗ്രസ് മാത്രമല്ല കോണ്‍ഗ്രസ് ഇതര സര്‍ക്കാരുകളും ഈ വികസന കാഴ്ചപ്പാടിലേക്ക് അവരാല്‍ ആകുന്നത് ചെയ്തിട്ടുണ്ടെന്നും മുഖര്‍ജി പറഞ്ഞു.
ജവഹർലാൽ നെഹ്റുവും മറ്റുള്ളവരും ഐഐടികളും എയിംസും ബാങ്കിങ് ശൃംഖലകളും സ്ഥാപിച്ചതിനാലാണ് ഇന്ത്യക്ക് കുതിച്ചുചാട്ടം സാധ്യമായത്. മൻമോഹൻ സിങ്ങും നരസിംഹ റാവുവും ഉദാരവത്ക്കരണം നടപ്പിലാക്കിയതോടെ ഇന്ത്യയുടെ സമ്പദ്വ്യവസ്ഥയുടെ സാധ്യതകൾ തുറന്നിടപ്പെട്ടു. ഇന്ത്യയുടെ സമ്പദ്വ്യവസ്ഥയെ അഞ്ച് ട്രില്യൺ ഡോളറിൽ എത്തിക്കുമെന്ന ധനകാര്യമന്ത്രിയുടെ അവകാശവാദത്തിന്റെ അടിത്തറ ഇതാണെന്നും അദ്ദേഹം പറഞ്ഞു.