ന്യൂഡൽഹി: ഇന്ത്യയുടെ കരുത്ത് നാനാത്വത്തിലും സഹിഷ്ണുതയിലുമാണെന്ന് മുന്‍ രാഷ്ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജി. നാഗ്പൂരിലെ ആര്‍എസ്എസ് ആസ്ഥാനത്ത് ആര്‍എസ്എസ് പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദേശം,ദേശീയത, ദേശസ്നേഹം എന്നതിനെ കുറിച്ചുള്ള തന്റെ കാഴ്ചപ്പാട് പങ്കുവെക്കാനാണ് താന്‍ എത്തിയത് എന്ന് പറഞ്ഞ പ്രണബ് മുഖര്‍ജി ഇന്ത്യ കരുത്താര്‍ജ്ജിക്കുന്നത് സഹിഷ്ണുതയില്‍ നിന്നാണ് എന്ന് അഭിപ്രായപ്പെട്ടു. ആധുനിക ഇന്ത്യയെന്ന കാഴ്ചപ്പാട് മതങ്ങളിലും വംശീയതകളുമായി ബന്ധിതമല്ല എന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കൂട്ടിച്ചേര്‍ത്തു.
“ഒട്ടേറെ നേതാക്കളുടെ പ്രയത്നത്തിലാണ് ആധുനിക ഇന്ത്യ കെട്ടിപ്പടുത്തത്. മതവും വംശീയതയുമായി അത് ബന്ധിക്കപ്പെട്ടിട്ടില്ല എന്നാണ് അമ്പത് വര്‍ഷത്തെ പൊതുജീവിതം എന്നെ പഠിപ്പിച്ചത്. ” പ്രണബ് മുഖര്‍ജി പറഞ്ഞു.
ഏറ്റവും വേഗത്തില്‍ വളര്‍ച്ച പ്രാപിക്കുന്ന സാമ്പത്തിക ശക്തി ആവുമ്പോഴും സന്തോഷ സൂചികയില്‍ (ഹാപ്പിനസ് ഇന്‍ഡക്സ്) ഏറെ പിന്നിലാണ് ഇന്ത്യ എന്നും മുന്‍ രാഷ്ട്രപതി ഓര്‍മിപ്പിച്ചു. രാജ്യം അതിക്രമങ്ങളില്‍ നിന്നും ഹിംസയില്‍ നിന്നും പിന്തിരിയണം എന്നും പറഞ്ഞു. ‘ജനങ്ങളുടെ സന്തോഷമാണ് രാജാവിന്റെ സന്തോഷം’ കൗടില്യയുടെ വാക്കുദ്ധരിച്ച് പ്രണബ് മുഖര്‍ജി പറഞ്ഞു.
ആർഎസ്എസ് സ്ഥാപകൻ കെബി ഹെഡ്ഗെവാറിന്റെ സ്മാരകത്തിലും അദ്ദേഹം സന്ദർശനം നടത്തി. രാജ്യത്തിന്റെ വീരപുത്രനാണ് ഹെഡ്ഗെവാര്‍ എന്ന് സന്ദര്‍ശക പുസ്തകത്തില്‍ കുറിക്കുകയും ചെയ്തു. ഇന്ത്യയുടെ മഹാനായ പുത്രനെ അഭിവാദനം ചെയ്യുന്നതിനും ബഹുമാനം അറിയിക്കുന്നതിനുമാണ് താന്‍ ഇവിടെയെത്തിയത് എന്നും അദ്ദേഹം കുറിച്ചു.
പ്രണബ് മുഖർജി ആർ.എസ്.എസ് പരിപാടിയിൽ പങ്കെടുക്കുന്നതിൽ അമർഷവുമായി കോൺഗ്രസില്‍ ഒന്നടങ്കം പ്രതിഷേധം പുകയുന്നുണ്ടായിരുന്നു. പ്രണബിന്റെ ഭാഗത്ത് നിന്ന് ഇത്തരമൊരു നടപടി ഒരിക്കലും പ്രതീക്ഷിച്ചില്ലെന്ന് കോൺഗ്രസ് മുൻ അദ്ധ്യക്ഷ സോണിയാ ഗാന്ധിയുടെ രാഷ്ട്രീയകാര്യ സെക്രട്ടറി അഹമ്മദ് പട്ടേൽ പറഞ്ഞു.
#WATCH:Former President Pranab Mukherjee in conversation with Rashtriya Swayamsevak Sangh (RSS) chief Mohan Bhagwat at RSS founder KB Hedgewar’s birthplace in Nagpur. pic.twitter.com/PDXnP5H4lE
— ANI (@ANI) June 7, 2018
അതേസമയം സോണിയുടെ നിർദ്ദേശം അനുസരിച്ചാണ് അഹമ്മദ് പട്ടേൽ ഇത്തരമൊരു പ്രസ്താവന നടത്തിയതെന്നാണ് വിവരം. പാർട്ടി അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയോ സോണിയയോ പ്രണബിന്റെ വിഷയം സംബന്ധിച്ച് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. നാഗ്പൂരിലെ ആർ.എസ്.എസ് ആസ്ഥാനത്താണ് നടക്കുന്ന സംഘ ശിക്ഷ വർഗ് പാസിംഗ് ഔട്ട് പരിപാടിയിലാണ് പ്രണബ് പങ്കെടുക്കുന്നത്. ഇതിനായി കഴിഞ്ഞ ദിവസം തന്നെ പ്രണബ് നാഗ്പൂരിൽ എത്തിയിരുന്നു.
അതേസമയം, പ്രണബിന്റെ നിലപാടിനെ മകൾ ശർമിഷ്ഠ മുഖർജി വിമർശിച്ചിരുന്നു. തെറ്റായ കഥകൾ ഉണ്ടാക്കാൻ ബിജെപിക്കും ആർഎസ്എസിനും അവസരം നൽകരുതെന്ന് ശർമിഷ്ഠ പറഞ്ഞു. താൻ ബി.ജെ.പിയിൽ ചേരുകയാണെന്ന വാർത്തകളും അവർ നിഷേധിച്ചു. ‘പ്രണാബിന്റെ പ്രസംഗം എല്ലാവരും മറക്കും. ദൃശ്യങ്ങൾ നിലനിൽക്കും. അതാണ് ആർഎസ്എസ് ആഗ്രഹിക്കുന്നത്. ബിജെപിയുടെ കുതന്ത്ര വിഭാഗം എങ്ങനെ പ്രവർത്തിക്കു ന്നുവെന്ന് പ്രണാബിന് ഇപ്പോൾ മനസിലായിക്കാണുമെന്നു പ്രതീക്ഷിക്കാം’, ശർമിഷ്ഠ വ്യക്തമാക്കി.
വിമര്‍ശനങ്ങള്‍ക്കിടയില്‍ ആര്‍എസ്എസ് ആസ്ഥാനം സന്ദര്‍ശിക്കുന്നതില്‍ നിന്നും പിന്തിരിയാഞ്ഞ പ്രണബ് മുഖര്‍ജി ഏറെ നയതന്ത്രപരമായായിരുന്നു ഇടപെട്ടത്. പ്രണബ് മുഖര്‍ജിയുടെ സന്ദര്‍ശനത്തിന് യാതൊരു രാഷ്ട്രീയ പ്രസക്തിയുമില്ല എന്നായിരുന്നു ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭഗവതിന്റെ പ്രതികരണം. ” പരിപാടിക്ക് ശേഷവും ആര്‍എസ്എസ് ആര്‍എസ്എസ് ആയും പ്രണബ് മുഖര്‍ജി പ്രണബ് മുഖര്‍ജിയായും തുടരും” ആര്‍എസ്എസ് തലവന്‍ പറഞ്ഞു.