ന്യൂഡല്‍ഹി: ഇഫ്‌താര്‍ വിരുന്നിലേക്ക് മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയ്‌ക്ക് ക്ഷണമില്ലെന്നത് അടിസ്ഥാന രഹിതമായ വാര്‍ത്തയെന്ന് കോണ്‍ഗ്രസ്. രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ നടക്കുന്ന വിരുന്നിലേക്ക് രാഹുല്‍ തന്നെ പ്രണബിനെ ക്ഷണിച്ചിട്ടുണ്ടെന്നും അദ്ദേഹം അത് സ്വീകരിച്ചിട്ടുണ്ടെന്നും കോണ്‍ഗ്രസ് അറിയിച്ചു.

കോണ്‍ഗ്രസ് നേതാവായ പ്രണബ് മുഖര്‍ജി നാഗ്പൂരിലെ ആര്‍എസ്എസ് സമ്മേളനത്തില്‍ പങ്കെടുത്തത് വലിയ വിവാദമായതിന് പിന്നാലെയാണ് അദ്ദേഹത്തെ വിരുന്നിന് ക്ഷണിച്ചില്ലെന്ന വാര്‍ത്ത പ്രചരിക്കാന്‍ തുടങ്ങിയത്. വാര്‍ത്ത ഊഹാപോഹമെന്നും അനാവശ്യമായ വിവാദമുണ്ടാക്കാന്‍ ചിലര്‍ ശ്രമിക്കുന്നുവെന്നും കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജെവാല പറഞ്ഞു.

കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം ഏറ്റെടുത്ത ശേഷം രാഹുല്‍ ഗാന്ധി ആദ്യമായി നടത്തുന്ന ഇഫ്‌താര്‍ വിരുന്നാണിത്. പ്രണബിന് പുറമെ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളും ക്ഷണിച്ചവരുടെ പട്ടികയില്‍ ഇല്ലെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. രണ്ടു വര്‍ഷത്തെ ഇടവേളക്ക് ശേഷമാണ് കോണ്‍ഗ്രസ് ഇഫ്‌താര്‍ വിരുന്ന് സംഘടിപ്പിക്കുന്നത്. ജൂണ്‍ 13 ന് ഡല്‍ഹി താജ് പാലസ് ഹോട്ടലിലാണ് വിരുന്ന്.

നേരത്തെ രാഷ്ട്രപതി ഭവനില്‍ എല്ലാ വര്‍ഷവും നടത്തി വരാറുള്ള ഇഫ്‌താര്‍ വിരുന്ന് ഇത്തവണ വേണ്ടെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് തീരുമാനിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കോണ്‍ഗ്രസ് ഇത്തവണ ഇഫ്‌താര്‍ വിരുന്ന് നടത്താന്‍ തീരുമാനിച്ചത്.

സിപിഎം ഉള്‍പ്പടെയുള്ള ഇടത് പാര്‍ട്ടി പ്രതിനിധികളെയും വിരുന്നിന് ക്ഷണിച്ചിട്ടുണ്ട്. എന്നാല്‍ ഇഫ്‌താറില്‍ പങ്കെടുക്കുന്ന കാര്യം പിന്നീട് അറിയിക്കാമെന്നാണ് ഇടതു പാര്‍ട്ടികള്‍ അറിയിച്ചത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ