ന്യൂഡല്‍ഹി: നരേന്ദ്ര മോദി സര്‍ക്കാരിനെയും ബിജെപിയെയും വീണ്ടും വിമര്‍ശിച്ച് മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി. ഭൂരിപക്ഷം ഉണ്ടെന്ന് കരുതി എന്തും ചെയ്യാം എന്ന മനോഭാവം ആകരുതെന്ന് പ്രണബ് മുഖര്‍ജി പറഞ്ഞു. ജനാധിപത്യത്തില്‍ എതിര്‍ശബ്ദങ്ങളെ മാനിക്കാന്‍ തയ്യാറാകണം. എന്നാല്‍, അധികാരത്തിലെത്തിയാല്‍ പലരും ഇത് മറക്കുകയാണെന്ന് പ്രണബ് മുഖര്‍ജി പറഞ്ഞു. എല്ലാ ജനങ്ങളെയും ഒരുപോലെ പരിഗണിക്കാനും അവര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കാനും ഭരിക്കുന്ന പാര്‍ട്ടിക്ക് സാധിക്കണമെന്നും ഭൂരിപക്ഷം ഉണ്ടെന്ന് കരുതി എന്തും ചെയ്യാം എന്ന മനോഭാവം ഉണ്ടാകരുതെന്നും പ്രണബ് മുഖര്‍ജി പറഞ്ഞു. പൗലോസ് മാര്‍ ഗ്രിഗോറിയോസ് അവാര്‍ഡ് ദാന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നേരത്തെയും മോദി സർക്കാരിനെ പ്രണബ് മുഖർജി വിമർശിച്ചിരുന്നു. കോൺഗ്രസിനെ പുകഴ്ത്തി സംസാരിക്കുമ്പോഴായിരുന്നു പ്രണബ് മോദി സർക്കാരിനെ പരോക്ഷമായി വിമർശിച്ചത്. മുന്‍ സര്‍ക്കാരുകള്‍ പാകിയ അടിത്തറയാണ് രാജ്യത്തെ സമ്പദ്‌വ്യവസ്ഥ ഉയരങ്ങളിലെത്താന്‍ കാരണമെന്നാണ് പ്രണബ് നേരത്തെ പറഞ്ഞത്. ആസൂത്രണ സമ്പദ്‌വ്യവസ്ഥയില്‍ ഉറച്ചുവിശ്വസിച്ചിരുന്ന അതിന്റെ സ്ഥാപകരാണ് ആധുനിക ഇന്ത്യയ്ക്ക് അടിത്തറ പാകിയത്. കോണ്‍ഗ്രസിന്റെ കഴിഞ്ഞ 55 വര്‍ഷത്തെ ഭരണത്തെ വിമര്‍ശിക്കുന്നവര്‍ ഇന്ത്യ സ്വാതന്ത്ര്യം നേടിയ കാലത്തില്‍ നിന്ന് എത്ര ദൂരം പിന്നിട്ടെന്ന് ആലോചിക്കണമെന്നും പ്രണബ് മുഖര്‍ജി പറഞ്ഞു. ഡല്‍ഹിയില്‍ സ്വകാര്യ ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
Read Also: മോദിക്ക് അയച്ച കത്തില്‍ മണിരത്‌നം ഒപ്പിട്ടിരുന്നോ?; വ്യാജ വാര്‍ത്തകള്‍ പങ്കുവയ്ക്കരുതെന്ന് സുഹാസിനി
2024 ല്‍ ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ അഞ്ച് ട്രില്യണ്‍ യുഎസ് ഡോളറില്‍ എത്തുമെന്നാണ് ധനമന്ത്രി ബജറ്റ് അവതരണ വേളയില്‍ പറഞ്ഞത്. അത് ശരിയാണ്. ഈ വളര്‍ച്ചയ്ക്ക് കാരണം പെട്ടെന്നുണ്ടായ മാറ്റങ്ങളല്ല. മറിച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് പാകിയ ശക്തമായ അടിത്തറയാണ്. ബ്രീട്ടീഷുകാരല്ല അതിനു പ്രയത്‌നം നടത്തിയത്. മറിച്ച് സ്വാതന്ത്ര്യം ലഭിച്ച കാലം മുതലുള്ള സര്‍ക്കാരുകളാണ് അതിന് കാരണമെന്നും പ്രണബ് മുഖര്‍ജി പറഞ്ഞു.
പഞ്ചവത്സര പദ്ധതികളാണ് ജനങ്ങളില്‍ വികസനത്തെ കുറിച്ചും സമ്പദ്‌വ്യവസ്ഥയെ കുറിച്ചും ആരോഗ്യത്തെ കുറിച്ചും ഒരു ബോധ്യമുണ്ടാക്കിയത്. കോണ്‍ഗ്രസ് മാത്രമല്ല കോണ്‍ഗ്രസ് ഇതര സര്‍ക്കാരുകളും ഈ വികസന കാഴ്ചപ്പാടിലേക്ക് അവരാല്‍ ആകുന്നത് ചെയ്തിട്ടുണ്ടെന്നും മുഖര്‍ജി പറഞ്ഞു.