/indian-express-malayalam/media/media_files/uploads/2019/03/pramod-savanth-pramod-sawant-oath-001.jpg)
മുംബൈ: ഗോവയിലെ പ്രമോദ് സാവന്ത് മന്ത്രിസഭ ബുധനാഴ്ച നിയമസഭയിൽ വിശ്വാസ വോട്ട് തേടും. ഒരാഴ്ചയ്ക്കകം വകുപ്പുകൾ തീരുമാനിക്കുമെന്നും പ്രമോദ് സാവന്ത് പറഞ്ഞു. 40 അംഗ സഭയിൽ നിലവിൽ 36 പേരാണുള്ളത്. മുഖ്യമന്ത്രിയായിരുന്ന മനോഹര്‍ പരീക്കറുടെ മരണത്തോടെ ബിജെപിയുടെ അംഗസംഖ്യ 12 ആയി കുറഞ്ഞിട്ടുണ്ട്.
ഗോവ ഫോര്‍വേര്‍ഡ് പാര്‍ട്ടിയും (ജിഎഫ്പി) മഹാരാഷ്ട്രവാദി ഗോമന്തക് പാര്‍ട്ടി (എംജിപി)യുമുള്‍പ്പടെ പ്രാദേശിക കക്ഷികളുടേയും സ്വതന്ത്രന്റേയും പിന്തുണയടക്കം 19 പേരുടെ പിന്തുണയാണ് നിലവില്‍ സര്‍ക്കാരിനുള്ളത്. മനോഹർ പരീക്കർക്കു ശേഷം ഗോവയിൽ ബിജെപി ഭരണത്തുടർച്ച ഉറപ്പാക്കിയത് 28 മണിക്കൂർ നീണ്ട നാടകീയ നീക്കങ്ങൾക്കൊടുവിലായിരുന്നു.
Read: അർധ രാത്രിയില്‍ അധികാരത്തില്‍; പ്രമോദ് സാവന്ത് ഗോവ മുഖ്യമന്ത്രിയായി ചുമതലയേറ്റു
ആർഎസ്എസ് ബന്ധമുള്ള ഡോ.പ്രമോദ് സാവന്തിനെ നിയമസഭ കക്ഷി നേതാവായി ബിജെപി കണ്ടെത്തിയെങ്കിലും സഖ്യകക്ഷികളും സ്വതന്ത്രരും ആദ്യം അംഗീകരിച്ചില്ല. മുഖ്യനാകാൻ ശ്രമിച്ച മൂന്നംഗങ്ങളുള്ള മഹാരാഷ്ട്രവാദി ഗോമന്തക് പാർട്ടി (എംജിപി) എംഎൽഎ സുദിൻ ധാവലികർ പിണങ്ങിപ്പോയി. പിന്നീട് ചർച്ചകൾക്കും പരീക്കറുടെ സംസ്കാര ചടങ്ങുകൾക്കും സുദിൻ ധാവലിക്കറും എംജിപി അധ്യക്ഷൻ ദീപക് ധാവലിക്കറും പോയില്ല. എന്നാൽ, പാർട്ടി എംഎൽഎമാർ മനോഹർ അസഗവങ്കറും ദീപക് പവസ്കറും സജീവമായിരുന്നു. മൂന്ന് സ്വതന്ത്രന്മാർ ഒപ്പം നിന്നതോടെ ഗോവ ഫോർവേഡ് പാർട്ടി (ജിഎഫ്പി) അധ്യക്ഷൻ വിജയ് സർദേശായി കരുത്താർജിക്കുകയും ചെയ്തു.
ഏറ്റവും വലിയ ഒറ്റ കക്ഷിയായ കോണ്‍ഗ്രസിന് 14 സീറ്റുകളുണ്ട്. എന്‍സിപിക്ക് ഒരു എംഎല്‍എയും. സര്‍ക്കാര്‍ രൂപീകരിക്കാനുള്ള അവകാശവാദവുമായി കോണ്‍ഗ്രസ് രംഗത്തുണ്ട്. ജിഎഫ്പിയുടേയും എംജിപിയുടേയും മൂന്ന് എംഎല്‍എമാര്‍ വീതം നിലവിലെ സര്‍ക്കാരിനെ പിന്തുണക്കുന്നുണ്ട്. കൂടാതെ മൂന്ന് സ്വതന്ത്രന്മാരുടെ പിന്തുണയുമുണ്ടെന്നാണ് ബിജെപി അവകാശപ്പെട്ടത്. ബിജെപി എംഎല്‍എ ഫ്രാന്‍സിസ് ഡീസൂസയും മരിച്ചിരുന്നു. നിലവില്‍ 36 എംഎല്‍എമാരാണുള്ളത്. കോണ്‍ഗ്രസ് എംഎല്‍എമാരായ സുഭാഷ് ശിരോദ്കറും ദയാനന്ദ് സോപ്തെയും രാജി വച്ചിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.