ചെന്നൈ: ബെംഗളൂരുവിൽ തിരഞ്ഞെടുപ്പ് റാലിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസംഗിച്ചതിന് തൊട്ടടുത്ത ദിവസം തന്നെ മോദിയുടെ വാഗ്‌ദാനങ്ങളെ പരിഹസിച്ച് പ്രകാശ് രാജ്. ട്വിറ്ററിൽ പോസ്റ്റ് ചെയ്ത ട്വീറ്റിൽ മോദിയുടേത് വെറും വാഗ്‌ദാന ടൂത്ത് പേസ്റ്റാണെന്നും ഇതുപയോഗിച്ച ആരും ഇതുവരെ ചിരിച്ചിട്ട് പോലുമില്ലെന്നും പ്രകാശ് രാജ് പറഞ്ഞു.

“2014 ൽ വിറ്റ വാഗ്‌ദാന ടൂത്ത് പേസ്റ്റ് ഉപയോഗിച്ചവർ ചിരിക്കാൻ സാധിക്കാത്ത നിലയിൽ പരാജയപ്പെട്ടിരിക്കുന്നു”, എന്നാണ് പ്രധാനമന്ത്രിയുടെ വാഗ്‌ദാന ലംഘനങ്ങളെ ചൂണ്ടിക്കാട്ടി പ്രകാശ് രാജ് കുറിച്ചത്.

ജസ്റ്റ് ആസ്‌കിങ് എന്ന ഹാഷ് ടാഗിൽ സംഘപരിവാറിനെയും കേന്ദ്രസർക്കാരിനെയും ഉന്നമിട്ട് പ്രകാശ് രാജ് നടത്തുന്ന ട്വീറ്റ് ആക്രമണങ്ങളിൽ ഏറ്റവും പുതിയതാണിത്.

ബെംഗളൂരുവിൽ റാലിയിൽ നരേന്ദ്ര മോദി നൽകിയ വാഗ്‌ദാനങ്ങളെ നിങ്ങൾ വിശ്വസിക്കുന്നുണ്ടോയെന്നും അദ്ദേഹം ട്വീറ്റിൽ ചോദിച്ചു.  “എല്ലാവർക്കും ഒപ്പം, എല്ലാവർക്കും വികസനം” എന്ന മുദ്രാവാക്യമുയർത്തി സംസ്ഥാനത്തിന് പുരോഗതി കൈവരിക്കുമെന്ന് ഇന്നലെ നടന്ന റാലിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞിരുന്നു. “കോൺഗ്രസ് ഗവൺമെന്റിന് മുന്നിൽ പുറത്തേക്കുളള വാതിൽ തുറക്കപ്പെട്ടു”വെന്നും അദ്ദേഹം റാലിയിൽ വിമർശിച്ചു.

“നൂറ് കണക്കിന് താമരകൾ കർണ്ണാടകത്തിൽ വിരിയും. അത് കോൺഗ്രസ് സർക്കാരിനെ താഴെയിറക്കും. ബിജെപി മികച്ച വിജയം കൈവരിക്കുമെന്ന് എനിക്കുറപ്പുണ്ട്”, എന്നാണ് മോദി ജനങ്ങളോട് പറഞ്ഞത്.

ടൊമാറ്റോ (തക്കാളി), ഒനിയൻ (ഉളളി), പൊട്ടറ്റൊ (ഉരുളക്കിഴങ്ങ്) എന്നർത്ഥം വരുന്ന TOP എന്ന ചുരുക്കപ്പേരിൽ കർഷകരെ ഉന്നമിട്ടുളള പ്രചാരണത്തിനും മോദിയും കൂട്ടരും തുടക്കം കുറിച്ചിട്ടുണ്ട്.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ