ബെംഗളൂരു: ദലിത് സമൂഹത്തെ അപമാനിച്ച കേന്ദ്ര മന്ത്രി അനന്ത്കുമാർ ഹെഗ്ഡെയ്ക്കെതിരെ നടൻ പ്രകാശ് രാജ്. ദലിത് വിഭാഗത്തെ തെരുവു നായ്ക്കളോട് ഉപമിച്ച മന്ത്രിയെ അധികാരത്തിൽനിന്നും പുറത്താക്കാൻ ബിജെപി നേതാക്കൾ തയ്യാറാകുമോയെന്ന് പ്രകാശ് രാജ് ചോദിച്ചു. അതോ അദ്ദേഹത്തിന്റെ വാക്കുകളെ ന്യായീകരിക്കുമോയെന്നും അദ്ദേഹം ആരാഞ്ഞു.

കർണാടകയിൽ കേന്ദ്ര നൈപുണ്യ മന്ത്രാലയം സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുക്കാനെത്തിയ മന്ത്രിയുടെ വാഹനം ദലിത് സംഘടനകൾ തടഞ്ഞിരുന്നു. ഭരണഘടനാ ശില്‍പ്പി ഡോ.ബി.ആര്‍.അംബേദ്കറിനെ മന്ത്രി അപമാനിച്ചെന്ന് ആരോപിച്ചായിരുന്നു വാഹനം തടഞ്ഞത്. ഇതിനുപിന്നാലെ വേദിയിൽ നടത്തിയ പ്രസംഗത്തിലാണ് ‘ഞങ്ങളുടെ പ്രതിബദ്ധത രാജ്യത്തോടാണ്, അതിനിടയിൽ കുരയ്ക്കുന്ന തെരുവ് പട്ടികളെ ഗൗനിക്കേണ്ടതില്ലെ’ന്നുമാണ് മന്ത്രി പറഞ്ഞത്.

അതിനിടെ, തന്റെ വാക്കുകൾ രാഷ്ട്രീയ നേട്ടത്തിനു വേണ്ടി കോൺഗ്രസ് വളച്ചൊടിക്കുകയാണെന്ന് ഹെഗ്ഡെ ആരോപിച്ചു. ബുദ്ധി ജീവികളെ ഉദ്ദേശിച്ചായിരുന്നു തന്റെ വാക്കുകളെന്നും എന്നാല്‍ ദലിത് വിരുദ്ധമായി അത് വളച്ചൊടിക്കുകയായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ