?ബി ജെ പിയെ തോൽപ്പിക്കുന്നതിന് കോൺഗ്രസിനെ ഒഴിവാക്കിക്കൊണ്ട് മതേതര, ജനാധിപത്യ കക്ഷികളുമായി തിരഞ്ഞെടുപ്പ് സഖ്യമുണ്ടാക്കാമെന്ന് പറയുന്ന സി പി എമ്മിന്റെ കരട് രേഖയിൽ വൈരുദ്ധ്യമില്ലേ

=അതിൽ വൈരുദ്ധ്യമൊന്നുമില്ല, തിരഞ്ഞെടുപ്പിനെ ചില പാർട്ടികൾ തമ്മിലുള്ള നമ്പരിന്റെ കളി മാത്രമാണ് എന്ന് കരുതുന്നവരെ സംബന്ധിച്ച് മാത്രമാണ് ഇത് വൈരുദ്ധ്യമായി തോന്നുന്നത്. ഞങ്ങളെ സംബന്ധിച്ചടത്തോളം ഇത് രാഷ്ട്രീയപോരാട്ടമാണ്. ബി ജെ പിക്കെതിരെയും മോദി സർക്കാരിന്റെ സാമ്പത്തിക, സാമൂഹിക, വിദേശ നയങ്ങളുൾപ്പടെയുളള നടപടികൾക്കെതിരെ ജനങ്ങളെ അണിനിരത്തി ഫലപ്രദമായി പോരാടാം എന്നതാണ് ഇവിടുത്തെ ചോദ്യം. അതായത് ഈ നയങ്ങൾ ദോഷകരമായി അനുഭവിക്കേണ്ടി വരുന്ന ജനങ്ങളുടെ കാര്യമാണ്. പ്രാഥമികമായി സാമ്പത്തിക നയങ്ങളാണ്. അവ തൊഴിലാളികളെയും കർഷകരെയും മധ്യവർഗ ജനതയെയും ചെറുകിട കച്ചവടക്കാരെയുമാണ് ഏറ്റവും കൂടുതൽ ബാധിച്ചിരിക്കുന്നത്. കോൺഗ്രസിനെ സംബന്ധിച്ചടത്തോളം അവരും ബി ജെ പിയും ഒരേ സാമ്പത്തിക നയവും ഒരേ വർഗ താൽപര്യവുമാണ് പിന്തുടരുന്നത്.
ഈ നയങ്ങളുടെ ആദ്യ നടത്തിപ്പുകാരായിരുന്നത് കോൺഗ്രസുകാരാണ്. അതുകൊണ്ട് ഞങ്ങൾ ഈ നയങ്ങൾക്കെതിരെ ജനങ്ങളെ അണിനിരത്തി പോരാടാനാണ് ശ്രമിക്കുന്നത്. കോൺഗ്രസിന് ഈ പോരാട്ടത്തിൽ അണിചേരാൻ സാധിക്കില്ല.
ഈ രാഷ്ട്രീയ സമീപനത്തിലൂടെ കഴിയുന്നത്ര ബി ജെ പി വിരുദ്ധ വോട്ടുകളെ സ്വന്തമാക്കാനായിരിക്കും ശ്രമിക്കുക.

prakash karat ,interview

? ഏറ്റവും വലിയ മതേതര പാർട്ടിയായ കോൺഗ്രസിനെ ഒഴിവാക്കക്കൊണ്ട് ഇതെങ്ങനെ സാധ്യമാകും

=തിരഞ്ഞെടുപ്പ് തന്ത്രങ്ങൾ രാഷ്ട്രീയ ലൈനിനെ അടിസ്ഥാനമാക്കിയായിരിക്കും രൂപപ്പെടുക. ബി ജെ പിയോട് തിരഞ്ഞെടുപ്പിൽ പോരാടുന്ന നിരവധി രാഷ്ട്രീയ ശക്തികളുണ്ടാകാം. പക്ഷേ, ഞങ്ങളുടെ രാഷ്ട്രീയ സമീപനത്തിന്റെ അടിസ്ഥാനത്തിൽ അവരുമായി ധാരണ ഉണ്ടാക്കാൻ സാധ്യമാകണമെന്നില്ല. ഈ സാഹചര്യത്തിൽ എത്രത്തോളമാകാം? ഇതൊരു പുതിയ കാര്യമല്ല. 1993 ൽ ബാബറി മസ്‌ജിദ് തകർത്തതിന് പിന്നാലെ ബി ജെ പി സർക്കാരുകളെ പിരിച്ചുവിടപ്പെട്ടു. അന്നാണ് ആദ്യമായി ഈ വിഷയം ഞങ്ങൾ ചർച്ച ചെയ്തത്. ബാബറി മസ്‌ജിദ് തകർത്ത രാഷ്ട്രീയ പാർട്ടിയുടെ അപകടം ഞങ്ങൾ പറഞ്ഞു. പക്ഷേ, കോൺഗ്രസുമായി ധാരണയ്ക്ക് പോയില്ല. ഞങ്ങൾക്ക് ഫലപ്രദമായി ഇടപെടാൻ സാധിക്കുന്ന നിശ്ചിത സീറ്റുകളിൽ മത്സരിക്കാനും മറ്റിടങ്ങളിൽ ബി ജെ പിക്ക് എതിരെ പ്രചാരണം നടത്താനുമുളള തീരുമാനമാണ് ഞങ്ങളുടേത്.

? അതായത്, വീണ്ടും അതേ പദ്ധതി തന്നെയാണ് പരിഗണനയിലുളളത്.

=കൃത്യമായ ഒരു തിരഞ്ഞെടുപ്പ് തന്ത്രം ഇപ്പോൾ രൂപീകരിച്ചിട്ടില്ല അത് സാഹചര്യങ്ങളെ ആശ്രയിച്ച് സന്ദർഭോചിതമായി തീരുമാനിക്കും. ചില നിയമസഭാ തിരഞ്ഞെടുപ്പുകൾ വരുന്നു. അടുത്ത വർഷം ലോകസഭാ തിരഞ്ഞെടുപ്പും. ആ സമയത്ത് സന്ദർഭോചിതമായി തീരുമാനം ഞങ്ങൾ രൂപീകരിക്കും.

?ഈ തന്ത്രങ്ങൾ കോൺഗ്രസിനെ പരോക്ഷമായി സഹായിക്കുന്നതാവില്ലേ

=ഇത് സഹായിക്കുന്നതിന്റെയോ നേടുന്നതിന്റെയോ ചോദ്യമല്ല. ഞങ്ങളുടെ രാഷ്ട്രീയ ലൈൻ അനുസരിച്ച് പാർട്ടിയുടെ ശക്തി വർധിപ്പിക്കുകയെന്നതാണ് ആദ്യ കടമ. മറിച്ച് പ്രസ്ഥാനങ്ങൾ രൂപീകരിക്കുന്നതിലും രാഷ്ട്രീയ സ്വാധീനം ചെലുത്തുന്നതിലും സി പിഎമ്മിന്റെയും ഇടതുപക്ഷത്തിന്റെയും ശക്തി കുറയുന്നുണ്ട്. ഇത് തിരഞ്ഞെടുപ്പ് കണക്കുകളുടെ അടിസ്ഥാനത്തിലല്ല.

പ്രധാന മുൻഗണന കഴിഞ്ഞാൽ, രണ്ടാമതായി ഇടതുപക്ഷ ജനാധിപത്യ ബദല്‍ രൂപീകരിക്കുകയെന്നതാണ്. ബദലിൽ കോൺഗ്രസിനെ പോലുളള പാർട്ടികളെ ഉൾപ്പെടുത്തിയല്ല.  തിരഞ്ഞെടുപ്പ് വരുമ്പോൾ ആ സമയത്തെ സാഹചര്യം വിലയിരുത്തിയാകും കാര്യങ്ങൾ തീരുമാനിക്കുക.  ബി ജെ പി യെ പരാജയപ്പെടുത്തുക എന്ന ലക്ഷ്യത്തിലെത്താൻ എത്രത്തോളം ഇടപെടാൻ സാധിക്കുമെന്നായിരിക്കും ഇതിൽ ആലോചിക്കുക.

? കഴിഞ്ഞ നാല് വർത്തിനുളളിൽ ബി ജെ പി ശക്തിനേടി കഴിഞ്ഞു. ഈ​ സാഹചര്യത്തിലും കഴിഞ്ഞ പാർട്ടി കോൺഗ്രസ് നയം തന്നെ തുടരുന്നതാണ് അനുഗുണമെന്ന് താങ്കൾക്ക് തോന്നുന്നുണ്ടോ

=അടിസ്ഥാനപരമായി ഇതിനെ ഒരു രാഷ്ട്രീയ സൈദ്ധാന്തിക പോരാട്ടമായാണ് ഞങ്ങൾ കാണുന്നത്. അത് ഞങ്ങൾക്ക് ഫലപ്രദമായി നിറവേറ്റാൻ സാധിക്കുമ്പോൾ അത് തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലും പ്രതിഫലിക്കും. ബി ജെപി രാഷ്ട്രീയമായി ശക്തിപ്പെട്ടിരിക്കുന്നുവെന്നതും അവരത് എങ്ങനെയാണ് ചെയ്തതെന്നും ഞങ്ങളുടെ പ്രമേയം വ്യക്തമാക്കുന്നുണ്ട്. ഞങ്ങൾ ഉറച്ചു വിശ്വസിക്കുന്നത് സർക്കാരിന്റെ സാമ്പത്തികനയങ്ങളിലൂന്നിയുളള പ്രചാരണമാണെന്നാണ്.

? അസംതൃപ്തിയുടെ പ്രധാന കാരണമെന്താണ്? എവിടെയൊക്കെയാണ് പോരാട്ടങ്ങൾ രൂപപ്പെടുന്നത്

=ബി ജെ പി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ കർഷകരും ഗ്രാമീണ മേഖലയിലും ഉളള ജനങ്ങൾ അവരുടെ ദൈനംദിന ജീവിതവുമായി ബന്ധപ്പെട്ട് മുന്നോട്ട് വരുന്നുണ്ട്. അവിടെ ഞങ്ങൾ വിശാല സഖ്യമുണ്ടാക്കും അവിടെ ആര്‍ക്കും അതിനോട് ചേരാം.

?എന്തുകൊണ്ടാണ് മൂന്ന് സംസ്ഥാനങ്ങൾക്കപ്പുറം സി പി എമ്മിന് വളരാൻ സാധിക്കാതെ പോയത്.ബംഗാളിൽ പോലും ഇപ്പോൾ തിരിച്ചടി നേരിടുന്നു

=ബംഗാളിൽ അടുത്ത കാലത്ത് ഞങ്ങൾക്ക് തിരിച്ചടി നേരിട്ടു. പല സംസ്ഥാനങ്ങളിലും ബൂർഷ്വാ പാർട്ടികളും പ്രാദേശിക പാർട്ടികളുമായി ദീർഘകാലമായി നിലനിൽക്കുന്ന സഖ്യം ഞങ്ങളുടെ സ്വതന്ത്രമായ അടിത്തറയെ ബാധിച്ചിട്ടുണ്ട്. നിങ്ങളുടെ രാഷ്ട്രീയത്തെ കുറിച്ച് സ്വതന്ത്രമായ തലത്തിൽ അവതരിപ്പിക്കാൻ സാധിച്ചില്ലെങ്കിൽ യുവജനങ്ങൾക്ക് നിങ്ങളുടെ പാർട്ടിയും മറ്റ് പാർട്ടികളും തമ്മിലുളള വ്യത്യാസം കാണാൻ സാധിക്കില്ല. ​അതുകൊണ്ട് തന്നെ സ്വാഭാവികമായും ഞങ്ങൾക്ക് അവരെ ആകർഷിക്കാൻ സാധിച്ചില്ല.

?സി പി എമ്മിന്റെ രാഷ്ട്രീയ പ്രമേയം വൈരുദ്ധ്യമാണെന്ന് സി പി ഐ പറയുന്നുണ്ടല്ലോ

=ഞങ്ങൾ സി പി ഐയുടെ കരട് രേഖ കണ്ടിരുന്നു. ഞങ്ങൾ അവരുമായി ചർച്ച നടത്തിയിരുന്നു​. അവരുടെ പാർട്ടി കോൺഗ്രസിന് ശേഷം ആ​ ധാരണ അവർ ഇടയ്ക്ക് വച്ച് മാറ്റിയിരിക്കുന്നു. അവർ കോൺഗ്രസ് ഉൾപ്പെടുന്ന ഒരു വിശാല ജനാധിപത്യ മതേതര ശക്തികളുടെ ഐക്യത്തെ കുറിച്ച് പറയുന്നു. അതിനോട് ഞങ്ങൾ യോജിക്കുന്നില്ലെന്ന് നേരത്തെ തന്നെ അവരോട് വ്യക്തമാക്കിയിട്ടുണ്ട്. ഇതാണ് സി പി എമ്മും സി പി ഐയും തമ്മിലുളള വിയോജിപ്പിന്റെ അടിസ്ഥാന നിലപാട്. അവരുടെ സമീപനം സൂചിപ്പിക്കുന്നത് കോൺഗ്രസ് സ്വാഭാവിക സഖ്യകക്ഷിയാകുമെന്നാണ്. കോൺഗ്രസുമായുളള സഖ്യത്തിൽ എന്താണ് സംഭവിച്ചതെന്ന് നമ്മൾ കണ്ടതാണ്.

? 2004 ലെ സാഹചര്യം ഉണ്ടായാൽ 2019ലെ പോലെ കോൺഗ്രസുമായി സഹകരിക്കുമോ

=2004 ലെ പോലെ അല്ല ഇപ്പോഴത്തെ സ്ഥിതി. ആദ്യമായി അന്നത്തെ തിരഞ്ഞെടുപ്പ് വിജയം സി പി എം ഇപ്പോൾ പ്രതീക്ഷിക്കുന്നില്ല. അന്ന് കേരളത്തിൽ 20 ൽ 18 സീറ്റുകളാണ് ഇടതുപക്ഷം ജയിച്ചത്. അത് അന്നത്തെ ഒരു പ്രത്യേക സാഹചര്യത്തിൽ സംഭവിച്ചതാണ്. അത് ​ആവർത്തിക്കുമെന്ന് യാന്ത്രികമായി പറയാൻ സാധിക്കില്ല. 2019 ലെ ലോകസഭാ തിരഞ്ഞെടുപ്പിൽ എന്ത് സംഭവിക്കുമെന്ന് പറയാൻ സാധിക്കില്ല. 2019 ലും 2004 ലെ പോലൊരു സ്ഥിതി സംജാതമാകുകയും അക്കാര്യത്തിൽ​ കേന്ദ്രത്തിലൊരു മതേതര സർക്കാരുണ്ടാക്കാനാകും ഞങ്ങളുടെ പിന്തുണ. അത്തരമൊരു സാഹചര്യം വരുന്ന സാഹചര്യമാണ് തിരഞ്ഞെടുപ്പിന് ശേഷം ഉണ്ടാകുന്നതെങ്കിൽ അതിന് അനുസരിച്ച് ഞങ്ങൾ നിലപാട് സ്വീകരിക്കും.

?പ്രാദേശിക പാർട്ടികളുമായി ദേശീയ തലത്തിൽ സഖ്യമുണ്ടാക്കില്ല എന്ന് നേരത്തെ പറഞ്ഞിരുന്നല്ലോ

=മൂന്നാം ബദൽ എന്ന നിലയിൽ​ നേരത്തെ നിരവധി പ്രാദേശിക പാർട്ടികളെ വിളക്കി ചേർത്ത് സംവിധാനം ആലോചിച്ചിരുന്നു. ഞങ്ങളുടെ അനുഭവത്തിൽ നിന്നും അതൊരു പ്രയോഗികമായ കാര്യമല്ലെന്ന് മനസ്സിലായി. കാരണം ഈ​ ഒരു കാലഘട്ടത്തിനിടയിൽ പ്രാദേശിക പാർട്ടികളുടെ സ്വാഭവത്തിലും റോളിലും മാറ്റം വന്നു. മിക്കവാറും എല്ലാ പാർട്ടികളും അതത് സംസ്ഥാനങ്ങളിൽ മാത്രമാണ് അവരുടെ പ്രവർത്തന മണ്ഡലം. ഞങ്ങളുടെ ലക്ഷ്യങ്ങളെ ബാധിക്കാത്ത വിധം ബി ജെ പിയെ തോൽപ്പിക്കുകയെന്ന കാര്യത്തിൽ യോജിക്കാനാവുന്ന പ്രാദേശിക പാർട്ടികളുമായി ധാരണയുണ്ടാക്കുവാനാണ് തീരുമാനം. എല്ലാവരും കോൺഗ്രസിനെ കുറിച്ചാണ് പറയുന്നത്. എന്നാൽ നിരവധി സംസ്ഥാനങ്ങളിൽ പ്രാദേശിക പാർട്ടികളാണ് ബി ജെ പിക്കെതിരായ പോരാട്ടത്തിൽ പ്രധാന പങ്ക് വഹിക്കുന്നത്.  ഉത്തർ പ്രദേശിൽ  കോൺഗ്രസ്സാണോ ബി ജെ പിക്കെതിരായ നിർണ്ണായക ശക്തി? അത് ബി എസ് പിയോ എസ് പിയോ ആണ്. അത് ഓരോ സംസ്ഥാനത്തും വ്യത്യസ്തമായിരിക്കും.

?​ ഉദാഹരണത്തിന് സി പി എം, ഉത്തർപ്രദേശിൽ  എസ് പിയുമായി സഖ്യത്തിലെത്തുന്നു എസ് പി അവിടെ കോൺഗ്രസുമായി സഖ്യത്തിലാകുന്നുവെങ്കിൽ

=ഞങ്ങളെ സംബന്ധിച്ചടത്തോളം അതൊരു പ്രധാന വിഷയമല്ല. ബി ജെ പിയെ തോൽപ്പിക്കാൻ ആഗ്രഹിക്കുന്നവർ എസ് പിയോടോ ബി എസ് പിയോടെ ചേർന്ന് പോരാടും. അത് ഫലമുണ്ടാക്കും. പക്ഷേ, സി പി എം ആരുമായും സഖ്യമുണ്ടാക്കുന്നില്ല. തിരഞ്ഞെടുപ്പ് പോരാട്ടത്തിൽ ബി ജെ പി വിരുദ്ധ ശക്തികളെ ഏകോപിപ്പിക്കുകയെന്നതാണ് യഥാർത്ഥ കാര്യം.

? എസ് പിയെയും ബി എസ് പിയെയും ഒന്നിച്ചു കൊണ്ടുവരുവാൻ മുൻകൈ എടുക്കുമോ

=അത്തരം ലക്ഷ്യങ്ങളിലേയ്ക്കുളള ആഗ്രഹങ്ങൾ ഞങ്ങളുടെ കഴിവിനും അപ്പുറമാണ്. ആ വഴിയിൽ അത് പ്രാവർത്തികമാകുമില്ല.

? ദേശീയ സഖ്യത്തിനുള്ള സാധ്യതകൾ

=ദേശീയ തലത്തിൽ ഒരു സഖ്യം രൂപപ്പെട്ടുവരുമെന്ന് ഞാൻ കരുതുന്നില്ല. പക്ഷേ, സംസ്ഥാന തലത്തിൽ​ ബി ജെ പിക്കെതിരായി സഖ്യങ്ങൾ രൂപപ്പെടും.

? പൊളിറ്റ് ബ്യൂറോയിൽ നിലനിൽക്കുന്ന ഭിന്നത പാർട്ടി കോൺഗ്രസിൽ എങ്ങനെ പ്രതിഫലിക്കും

=അത് ഭിന്നതയല്ല. രാഷ്ട്രീയ വിഷയങ്ങളിൽ ഞങ്ങളുടെ പാർട്ടിയിൽ അഭിപ്രായ വ്യത്യാസം ഉണ്ടാകാം. അവിടെ പൊളിറ്റ് ബ്യൂറോയുടെ കരടും ന്യൂനപക്ഷ കരടും ഉണ്ട്. ഒരു പ്രത്യേക വിഷയത്തിലാണ് അത്. വർത്തമാനകാല തന്ത്രം എന്നത് ഒരിക്കലും ഞങ്ങളുടെ അടിസ്ഥാന നിലപാട് അല്ല. തിരഞ്ഞെടുപ്പ് തന്ത്രങ്ങൾ ഞങ്ങളെ സംബന്ധിച്ചടത്തോളം ഏറ്റവും ചെറിയ പ്രാധാന്യം മാത്രമാണ് ഉളളത്. എന്നാൽ രാഷ്ട്രീയ സമീപനം എന്നത് അടുത്ത പാർട്ടി കോൺഗ്രസ് വരെയുളള മൂന്ന് വർഷക്കാലത്തേയ്ക്കുളള പ്രവർത്തനത്തിന്റെ ദിശ പകരുന്നതാണ്. അത് ഗൗരവതരമായ കാര്യമാണ്.

?പക്ഷേ, അവിടെ ഒരു കേരളാ ലൈനും ബംഗാൾ ലൈനുമില്ലേ

=ഈ ഭിന്നത എന്നത് വല്ലാതെ ഊതിപ്പെരുപ്പിച്ചതാണ്. പൊളിറ്റ് ബ്യൂറോയിലും കേന്ദ്രകമ്മിറ്റിയിലും ഉള്ളവർ പാർട്ടിയെ ഒന്നായി ആണ് കാണുന്നത്. ആരെങ്കിലും പാർട്ടിയുടെ ഏതെങ്കിലുമൊരു ഘടകത്തെ മാത്രമായി പ്രതിനിധീകരിക്കുന്നില്ല. അങ്ങനെയുളള പ്രാദേശിക വേർതിരിവുകളൊന്നും കമ്മിറ്റികളിൽ ഇല്ല. ചില വിഷയങ്ങളിൽ അഭിപ്രായ വ്യത്യാസങ്ങളുണ്ടാകും. എന്നാൽ വിഭാഗീയതയല്ല. പാർട്ടി കോൺഗ്രസിൽ അഭിപ്രായ വ്യത്യാസങ്ങൾ പരിഹരിക്കും. പൂർണമായ ഉൾപാർട്ടി ജനാധപത്യമാണ് സി പി എമ്മിനുളളത്. ഞങ്ങൾ ഞങ്ങളുടെ നിലപാടുകൾ ശക്തമായും തുറന്നും സ്വതന്ത്രമായും പറയും പക്ഷേ, തീരുമാനം എടുത്തുകഴിഞ്ഞാൽ അത് നടപ്പാക്കും.

? എന്തുകൊണ്ട് കോൺഗ്രസുമായി ധാരണ വേണമെന്ന് ബംഗാൾ ഘടകം ആവശ്യപ്പെടുന്നത്

=ബംഗാളിലെ സ്ഥിതി സാധാരണഗതിയിലുളളതല്ല. അവിടെ ഭരിക്കുന്ന പാർട്ടി വിശ്വസിക്കുന്നത് സി പി എമ്മിനെ അടിച്ചമർത്തണമെന്നാണ്. സി പിഎമ്മിന്, അവിടെ ആ സാഹചര്യത്തെ എതിരടേണ്ടതുണ്ട്.

?സീതാറാം യെച്ചൂരിയുമായി താങ്കൾ കടുത്ത അഭിപ്രായ ഭിന്നതയിലാണോ

=ഞങ്ങളെ മറ്റ് പാർട്ടികളെ പോലെ ചിത്രീകരിക്കുകയാണ്. മുൻകാലങ്ങളിൽ സുന്ദരയ്യയും മറ്റ് ചിലരും തമ്മിലുളള ബന്ധത്തെകുറിച്ചും ഇതേ ആരോപണങ്ങൾ ഉന്നയിക്കപ്പെട്ടിരുന്നു. അങ്ങനെ പറയുന്നവർ കാര്യങ്ങളെ വ്യക്തിപരമായി കാണുന്നവരാണ്. ഞങ്ങൾക്ക് അത് പ്രധാനമല്ല. ഞങ്ങൾ രാഷ്ട്രീയപ്രശ്നങ്ങളെയാണ് പ്രധാനമായി കാണുന്നത്. അതേകുറിച്ച് സംവാദം നടത്തുകയും ചർച്ച ചെയ്യുകയും ചെയ്യും.

?അടുത്ത പാർട്ടി കോൺഗ്രസ്സിൽ ജനറൽ സെക്രട്ടറിയുടെ കാര്യത്തിൽ​ മാറ്റം ഉണ്ടാകുമോ

=അതിപ്പോൾ ഞങ്ങളുടെ ചർച്ചയയിലുളള കാര്യമല്ല. പാർട്ടി കോൺഗ്രസിൽ നേതൃത്വത്തെ കുറിച്ച് മുഴുവനും ചർച്ച ചെയ്യും. അത് പുതിയ കേന്ദ്രകമ്മിറ്റിയും പുതിയ പൊളിറ്റ് ബ്യൂറോയും പിന്നെ ജനറൽ സെക്രട്ടറിയും. അതെല്ലാം രാഷ്ട്രീയ പ്രമേയവും രാഷ്ട്രീയ സംഘടനാ റിപ്പോർട്ടും അംഗീകരിച്ച ശേഷം മാത്രം ചർച്ച ചെയ്യുന്ന കാര്യങ്ങളാണ്.

? ത്രിപുര നിലനിർത്താൻ കഴിയുമെന്ന വിശ്വാസമുണ്ടോ

=ത്രിപുരയിൽ എട്ടാം തവണയും അധികാരത്തിലെത്തുമെന്ന് തന്നെയാണ് വിശ്വസിക്കുന്നത്. ത്രിപുര തിരഞ്ഞെടുപ്പ് ഫലം ശക്തമായ രാഷ്ട്രീയ സന്ദേശമായിരിക്കും നൽകുക. ഇടതുപക്ഷവും ബി ജെ പിയും നേരിട്ട് മത്സരിക്കുന്ന ആദ്യ സംസ്ഥാനമാണ് ത്രിപുര. ത്രിപുരയിൽ​ പറയപ്പെടുന്ന ബി ജെ പിയുടെ വളർച്ചയിൽ മത്സരങ്ങൾ നേരിടുന്നു. പക്ഷേ ഞങ്ങൾക്ക് അവരെ തോൽപ്പിക്കാനാവും.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ