മുംബൈ : ഭിമാ കൊറേഗാവ് സംഭവത്തോടനുബന്ധിച്ച് നടന്ന അക്രമ സംഭവങ്ങളും തുടര്‍ന്ന് നടന്ന മഹാബന്ധും ഉണര്‍വ് നല്‍കുന്നത് പ്രകാശ് അംബേദ്‌കറിന് കീഴില്‍ സംഘടിതമായ ഒരു ദളിത് മുന്നേറ്റത്തിനാണ്. ഭരിപ ബഹുജന്‍ മഹാസംഘ് പ്രസിഡന്റായ ഈ 63കാരനാണ് മഹാരാഷ്ട്രയില്‍ നടന്ന ദളിത് പ്രക്ഷോഭങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചത്.
കഴിഞ്ഞ രണ്ടു ദശകങ്ങളായി അമരാവതിയിലെയും വിദര്‍ഭയിലേയും കോട്ടന്‍ കൃഷിമേഖലയില്‍ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുകയായിരുന്നു ബി ആര്‍ അംബേദ്‌കറിന്‍റെ ഈ കൊച്ചുമകന് സംസ്ഥാന രാഷ്ട്രീയത്തില്‍ ശക്തി തെളിയിക്കാനുള്ള അവസരം ഒരുക്കുന്നത് കൂടിയാണ് കഴിഞ്ഞ ദിവസങ്ങളിലായി അരങ്ങേറിയ ദളിത്- മറാത്ത പ്രശ്നങ്ങള്‍.
സംസ്ഥാന രാഷ്ട്രീയത്തില്‍ സജീവമല്ലായെങ്കിലും ദേശീയ രാഷ്ട്രീയത്തില്‍ പല മുന്നേറ്റങ്ങളെയും കോര്‍ത്തിണക്കുന്ന ഒരു ശക്തിയായി പ്രവര്‍ത്തിച്ചു വരികയായിരുന്നു പ്രകാശ് അംബേദ്‌കര്‍. രാജ്യത്തെ ബിജെപി, കോണ്‍ഗ്രസ് ഇതര കക്ഷികളുമായി അടുത്ത ബന്ധം പുലര്‍ത്തുന്നുണ്ട് അദ്ദേഹം. ഇടതുപക്ഷത്തേയും സോഷ്യലിസ്റ്റുകളെയും മറ്റ് ജനാധിപത്യ കക്ഷികളെയും ചേര്‍ത്തിണക്കിക്കൊണ്ടൊരു ബദല്‍ രാഷ്ട്രീയ നിര്‍മാണത്തിലാണ് രണ്ട് പതിറ്റാണ്ടുകളോളം അദ്ദേഹം ഏറെ സമയം ചെലവിട്ടത്. ഇത്തരം ബദല്‍ മുന്നേറ്റങ്ങളുമായി സഖ്യത്തിലായെങ്കിലും ഇന്നേവരെ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ തിളങ്ങാന്‍ അദ്ദേഹത്തിന് സാധിച്ചിട്ടില്ല. ഇന്ത്യയിലെ മാറിവരുന്ന സാഹചര്യങ്ങളില്‍, ഉണരുന്ന ദളിത് പ്രക്ഷോഭങ്ങളില്‍ അദ്ദേഹം ലക്ഷ്യം വെക്കുന്നതും അത് തന്നെയാകും.
ഭിമാ കൊറേഗാവിന്‍റെ 200ാം വാര്‍ഷികത്തിന് എത്തിയ ലക്ഷങ്ങള്‍ ആ സംഘാടന മികവിന്‍റെ ഫലമാണ്. ഗുജറാത്തിലെ ഉനയില്‍ നിന്നുയര്‍ന്ന ദളിത് പ്രക്ഷോഭം വളര്‍ത്തിയ ജിഗ്നേഷ് മേവാനി, രോഹിത് വെമുലയുടെ അമ്മ രാധിക വെമുല തുടങ്ങി ഇന്ത്യയിലുടനീളമുള്ള ദളിത് ശബ്ദങ്ങളെ അഭിസംബോധന ചെയ്യുന്നതായിരുന്നു ഭിമാ കൊറേഗാവിന്‍റെ 200ാം ആണ്ട് ആഘോഷം. 2019ല്‍ മഹാരാഷ്ട്ര തിരഞ്ഞെടുപ്പിനെ നേരിടുന്ന സാഹചര്യത്തില്‍ ദളിത് ശക്തികളെ ഒന്നിച്ചു നിര്‍ത്തുന്നതാകും മുന്നേറ്റത്തിന്‍റെ ഭാവി പരിപാടി.
” ഉത്തര്‍പ്രദേശ്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലൊക്കെ ദളിതര്‍ക്ക് നേരെ വളര്‍ന്നു വരുന്ന അതിക്രമങ്ങള്‍ രാജ്യത്തിനു മേലെ ഒന്നാകെ ഒരു നിഴലായി നില്‍ക്കുന്നുണ്ട്. അത് സമുദായത്തിനുള്ളില്‍ ഒട്ടാകെ അതൃപ്തി വളരുന്നതിനും കാരണമായിട്ടുണ്ട്.” പ്രകാശ് അംബേദ്‌കര്‍ പറഞ്ഞു. ഭരണത്തിലിരിക്കുന്ന ബിജെപി പ്രതീകാത്മകമായ ആംഗ്യങ്ങൾ കാണിച്ചുകൊണ്ട് ദളിതരെ വിശ്വാസത്തിലെടുക്കാന്‍ നടക്കുന്ന ശ്രമങ്ങള്‍ പരാജയപ്പെടും എന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. ബി ആര്‍ അംബേദ്‌കര്‍ ജീവിച്ചതും പ്രവര്‍ത്തിച്ചതുമായ അഞ്ച് കേന്ദ്രങ്ങള്‍ വികസിപ്പിക്കുക പോലുള്ള കാര്യങ്ങള്‍ അവര്‍ വകവെക്കില്ലെന്നും പ്രകാശ് അംബേദ്‌കര്‍ അഭിപ്രായപ്പെടുന്നു.
“ദളിതര്‍ക്കിടയില്‍ വിശ്വാസം വേണമെങ്കില്‍ അവരെ ഉള്‍ക്കോള്ളുകയെന്നത്
അത്യാവശ്യമാണ്. അവര്‍ക്ക് ആവശ്യമായ സുരക്ഷയും നൽകണം. തീവ്രവലതുപക്ഷ സംഘടനകളെ ദലിത് വിരുദ്ധരായാണ് കണക്കാക്കുന്നത്. പ്രത്യേകിച്ച് പശു സംരക്ഷണം പോലെയുള്ള നയഗല്‍ ദലിതര്‍ക്ക് നേരെയുള്ള ആക്രമണങ്ങളെ പ്രേരിപ്പിക്കുന്നതാണ്, “അദ്ദേഹം പറഞ്ഞു.
ബിജെപി, കോണ്‍ഗ്രസ്, എന്‍സിപി, ശിവസേന എന്നീ മുഖ്യധാരാ സംഘടനകള്‍ക്ക് ബദലായി ദളിത് മുന്നേറ്റം രൂപപ്പെടണം എന്ന് പ്രകാശ് അംബേദ്‌കര്‍ ലക്ഷ്യംവെക്കുന്നു. ആനന്ദ് രാജ് അംബേദ്‌കര്‍, യോഗേന്ദ്ര കവാഡ, ഗജേന്ദ്ര ഗവായി, പിഐ (കോബ്രഗാഡെ), ആര്‍പിഐ (കാംബ്ലേ) തുടങ്ങിയവര്‍ നേതൃത്വം കൊടുക്കുന്നതായ ചിതറിക്കിടക്കുന്ന ദളിത് മുന്നേറ്റങ്ങളെ ഒന്നിപ്പിച്ചു നിര്‍ത്താനുള്ള ശ്രമത്തിലാണ് പ്രകാശ് അംബേദ്‌കര്‍.
1990കളില്‍ ഇതിന് നടത്തിയൊരു ശ്രമം വിജയിക്കുകയും യുണൈറ്റഡ് ദളിത് ഡെമോക്രാറ്റിക് ഫ്രണ്ട് എന്ന സംഘടന നാല് ലോകസഭാ സീറ്റില്‍ മത്സരിച്ച് വിജയിക്കുകയും ചെയ്തിരുന്നു. അത് ആവര്‍ത്തിച്ചാലും ഇല്ലെങ്കിലും പഷിമോത്തര മഹാരാഷ്ട്രയില്‍ പറയത്തക്ക സ്വാധീനമുള്ള ദളിതര്‍ വരും തിരഞ്ഞെടുപ്പുകളില്‍ നിര്‍ണായകമാകും എന്ന് തീര്‍ച്ച.