ന്യൂഡല്‍ഹി: ഗാന്ധിഘാതകന് നാഥുറാം ഗോഡ്സെയെ രാജ്യസ്നേഹിയെന്നു വിശേഷിപ്പിച്ചതില്‍ ഖേദം രേഖപ്പെടുത്തി ഭോപ്പാലില്‍നിന്നുള്ള ബിജെപി എംപി പ്രഗ്യാ സിങ് ഠാക്കൂര്‍. ലോക്സഭയിലാണ് പ്രഗ്യാ സിങ് മാപ്പ് പറഞ്ഞത്. ഗോഡ്സെ പരാമര്‍ശം ആരെയെങ്കിലും വേദനിപ്പിച്ചെങ്കില്‍ ഖേദം പ്രകടിപ്പിക്കുന്നതായി പ്രഗ്യാ സിങ് പറഞ്ഞു.
തന്റെ പ്രസ്താവന വളച്ചൊടിച്ചതാണെന്നു പറഞ്ഞ പ്രഗ്യാ സിങ് തനിക്കെതിരായ തീവ്രവാദി പരാമര്‍ശത്തിലും പ്രതികരിച്ചു. കോടതിയില്‍ തനിക്കെതിരായ കുറ്റങ്ങളൊന്നും തെളിയിക്കപ്പെട്ടിട്ടില്ല. എന്നെ തീവ്രവാദിയെന്നു വിളിക്കുന്നത് നിയമവിരുദ്ധമാണ്. അത് തന്നെ അപമാനിക്കാനാണെന്നും പ്രഗ്യാ സിങ് ഠാക്കൂര്‍ ലോക്സഭയില്‍ പറഞ്ഞു.
“ഞാന്‍ പറഞ്ഞ കാര്യങ്ങള്‍ സന്ദര്‍ഭത്തില്‍നിന്ന് അടര്‍ത്തിമാറ്റുകയായിരുന്നു. രാഷ്ട്രത്തിനു വേണ്ടി ഗാന്ധിജി നല്കിയ സംഭാവനങ്ങളെ ഞാന്‍ ബഹുമാനിക്കുന്നു” പ്രഗ്യ ലോക്സഭയിൽ പറഞ്ഞു.
Read Also: ഷെയ്നിനെ ഞാനെന്റെ അസിസ്റ്റന്റാക്കും, അവനെ വച്ച് സിനിമയും ചെയ്യും: രാജീവ് രവി
പ്രഗ്യാ സിങ്ങിന്റെ പ്രസ്താവന അപലപനീയമെന്ന് ബിജെപി വർക്കിങ് പ്രസിഡന്റ് ജെ.പി.നഡ്ഡ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. പ്രഗ്യാ സിങ്ങിനെ പ്രതിരോധ സമിതിയിൽനിന്നു പുറത്താക്കിയിട്ടുണ്ട്. ബിജെപി പാർലമെന്ററി പാർട്ടി യോഗങ്ങളിൽ പങ്കെടുക്കുന്നതിനും പ്രഗ്യാ സിങ്ങിന് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.
ബുധനാഴ്ച ലോക്സഭയിൽ നടന്ന ചർച്ചയ്ക്കിടയിലാണ് നാഥുറാം വിനായക് ഗോഡ്സെ രാജ്യസ്നേഹിയാണെന്ന നിലപാട് ബിജെപി എംപി പ്രഗ്യാ സിങ് ഠാക്കൂർ ആവർത്തിച്ചത്. എസ്പിജി സുരക്ഷ സംബന്ധിച്ച് സഭയിൽ നടന്ന ചർച്ചയിൽ, എന്തുകൊണ്ട് മഹാത്മ ഗാന്ധിയെ കൊലപ്പെടുത്തിയെന്ന ഗോഡ്സെയുടെ പ്രസ്താവന ഡിഎംകെ നേതാവ് എ.രാജ ആവർത്തിച്ചപ്പോൾ പ്രകോപിതയായ പ്രഗ്യാ സിങ് പ്രതികരിക്കുകയായിരുന്നു.
Read Also: Horoscope Today November 29, 2019: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം
നേരത്തെ ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ സമയത്തും പ്രഗ്യ സമാനമായ പ്രസ്താവന നടത്തിയിരുന്നു. ഗോഡ്സെ ദേശഭക്തനാണെന്നും ഇനിയും ദേശഭക്തനായി തന്നെ അറിയപ്പെടുമെന്നും അവർ പറഞ്ഞിരുന്നു. ഗോഡ്സെയെ തീവ്രവാദി എന്ന് വിളിക്കുന്നവര്‍ ആദ്യം ആത്മപരിശോധ നടത്തണം. ഗോഡ്സെയെ തീവ്രവാദി എന്ന് വിളിക്കുന്നവര്‍ക്ക് തിരഞ്ഞെടുപ്പില്‍ അതിനുതക്ക മറുപടി ലഭിക്കുമെന്നും പ്രഗ്യാ സിങ് കൂട്ടിച്ചേര്‍ത്തു. സ്വതന്ത്ര ഇന്ത്യയിലെ ആദ്യ ഹിന്ദു തീവ്രവാദി ഗോഡ്സെയാണെന്ന കമല്‍ഹാസന്റെ പരാമര്‍ശത്തിന് മറുപടി നല്‍കുകയായിരുന്നു പ്രഗ്യാ സിങ്.