ന്യൂഡല്‍ഹി: മലേഗാവ് സ്‌ഫോടന കേസ് വാദം കേള്‍ക്കലിനായി ഭോപ്പാല്‍ എംപിയും ബിജെപി നേതാവുമായ പ്രഗ്യാ സിങ് ഠാക്കൂര്‍ കോടതിയില്‍ ഹാജരായി. പ്രഗ്യാ സിങ് കോടതിയില്‍ എത്താത്തതില്‍ കഴിഞ്ഞ ദിവസം മുംബൈ സ്‌പെഷ്യല്‍ കോടതി അതൃപ്തി അറിയിച്ചിരുന്നു. വാദത്തിനിടെ തനിക്ക് സ്‌ഫോടന കേസുമായി ബന്ധപ്പെട്ട് ഒരു കാര്യവും അറിയില്ലെന്ന് പ്രഗ്യാ സിങ് കോടതിയോട് പറഞ്ഞു. എത്ര സാക്ഷികളെ കേസില്‍ വിസ്തരിച്ചു എന്ന് നിങ്ങള്‍ക്ക് അറിയുമോ എന്ന ചോദ്യത്തിനും ‘തനിക്കൊന്നും അറിയില്ല’ എന്ന് പ്രഗ്യാ സിങ് പറഞ്ഞു. കേസില്‍ ഇതുവരെ 116 സാക്ഷികളെ കോടതി വിസ്തരിച്ചു. കോടതി നടപടികള്‍ പൂര്‍ത്തിയാകും വരെ കോടതിയിലുണ്ടാകണമെന്നും പ്രഗ്യാ സിങ്ങിനോട് കോടതി പറഞ്ഞു.
Read More: വയറുവേദനയും രക്തസമ്മര്‍ദവും; ആശുപത്രിയിൽ അഡ്മിറ്റായ പ്രഗ്യാ സിങ് പാർട്ടി പരിപാടിയിൽ പങ്കെടുത്തു
കഴിഞ്ഞ ദിവസം കേസ് വാദം കേള്‍ക്കലിനായി പ്രഗ്യാ സിങ് കോടതിയിലെത്തിയിരുന്നില്ല. വയറുവേദനയും രക്ത സമ്മര്‍ദവും മൂലം ആശുപത്രിയില്‍ പ്രവേശിപ്പിച്ച സാഹചര്യത്തില്‍ കോടതി ഒരു ദിവസത്തെ ഇളവ് അനുവദിക്കുകയായിരുന്നു. ബുധനാഴ്ച വൈകീട്ടോടെയാണ് പ്രഗ്യയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വ്യാഴാഴ്ച രാവിലെ ഡിസ്ചാര്‍ജ് ചെയ്യുകയും ചെയ്തു.
മലേഗാവ് സ്‌ഫോടന കേസില്‍ വാദം കേള്‍ക്കല്‍ നടക്കുന്നതിനാല്‍ പ്രഗ്യാ സിങ്ങിനോട് കോടതിയില്‍ ഹാജരാകണമെന്ന് നേരത്തെ നിര്‍ദേശിച്ചിരുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിനാല്‍ കോടതിയില്‍ ഹാജരാകുന്നതിന് മുംബൈ സ്‌പെഷ്യല്‍ കോടതി ഒരു ദിവസത്തെ ഇളവ് അനുവദിക്കുകയായിരുന്നു. ഇളവ് ലഭിച്ചതിനാല്‍ പ്രഗ്യാ സിങ് ഇന്നലെ കോടതിയില്‍ ഹാജരായില്ല. എന്നാല്‍, അടുത്ത ദിവസം നിര്‍ബന്ധമായും കോടതിയില്‍ ഹാജരാകണമെന്ന് കോടതി നിര്‍ദേശം നല്‍കിയിരുന്നു. മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ ഹാജരാകാത്ത പക്ഷം പ്രഗ്യാ സിങ്ങിനെതിരെ ഗുരുതര നടപടികള്‍ സ്വീകരിക്കുമെന്ന മുന്നറിയിപ്പും മുംബൈ കോടതി ഇന്നലെ നല്‍കിയിരുന്നു.
ലോക്‌സഭാ എംപി എന്ന നിലയില്‍ പാര്‍ലമെന്റിലെ നടപടികളില്‍ പങ്കെടുക്കേണ്ടതുള്ളതിനാല്‍ വാദം കേള്‍ക്കുന്ന സമയത്ത് തനിക്ക് കോടതിയിലെത്താന്‍ സാധിക്കില്ലെന്ന് പറഞ്ഞ് പ്രഗ്യാ സിങ് നേരത്തെ ഹര്‍ജി നല്‍കിയിരുന്നു. ഈ ആഴ്ച കോടതിയില്‍ ഹാജരാകാന്‍ സാധിക്കില്ലെന്ന് കാണിച്ചായിരുന്നു പ്രഗ്യ സിങ് ഹര്‍ജി നല്‍കിയത്. എന്നാല്‍, ഈ ഹര്‍ജി കോടതി തള്ളിക്കളയുകയായിരുന്നു. കേസില്‍ വാദം കേള്‍ക്കുന്ന സമയത്ത് പ്രഗ്യാ സിങ്ങിന്റെ സാന്നിധ്യം അത്യാവശ്യമാണെന്ന് പറഞ്ഞാണ് കോടതി ഹര്‍ജി തള്ളിക്കളഞ്ഞത്.
മധ്യപ്രദേശിലെ ഭോപ്പാല്‍ മണ്ഡലത്തില്‍ നിന്നാണ് പ്രഗ്യാ സിങ് ഠാക്കൂര്‍ ലോക്‌സഭയിലേക്ക് എത്തിയത്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായ ദിഗ് വിജയ് സിങ്ങിനെയാണ് പ്രഗ്യാ സിങ് പരാജയപ്പെടുത്തിയത്. 3,63,9033 വോട്ടുകൾക്കായിരുന്നു വിജയം. 1989 മുതല്‍ ഭോപ്പാലില്‍ നിന്നും ബിജെപി ഒരു പാര്‍ലമെന്ററി തിരഞ്ഞെടുപ്പിലും തോറ്റിട്ടില്ല. സ്ഫോടനക്കേസില്‍ കുറ്റം ചുമത്തപ്പെട്ട പ്രഗ്യാ സിങ് ദേശീയത ഉയര്‍ത്തിയാണ് ഹിന്ദി ഹൃദയഭൂമിയില്‍ വിജയിക്കുന്നത്. മലേഗാവ് സ്ഫോടനക്കേസിൽ ജാമ്യത്തിലാണ് ഇപ്പോള്‍ പ്രഗ്യാ സിങ്ങുളളത്.
Read More: ‘ഇനി വാ തുറക്കില്ല’; പ്രഗ്യ സിങ് ഠാക്കൂർ മൗനവ്രതത്തിൽ
2008 സെപ്റ്റംബർ 29 നാണ് മലേഗാവിൽ ഒരു മോട്ടോർസൈക്കിളിൽ ഘടിപ്പിച്ച രണ്ട് ബോംബ് പൊട്ടിത്തെറിച്ചത്. ഇതിൽ ഏഴ് പേർ കൊല്ലപ്പെടുകയും നൂറോളം പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു. മഹാരാഷ്ട്ര ഭീകരവിരുദ്ധ സേന അന്വേഷിച്ചുകൊണ്ടിരുന്ന മലേഗാവ് കേസ് ഏപ്രില്‍ 2011നാണ് എന്‍ഐഎയ്ക്കു കൈമാറുന്നത്. രാംജി കല്‍സംഗ്ര എന്നയാള്‍ക്ക് ബൈക്ക് നല്‍കി എന്നായിരുന്നു സാധ്വിക്കെതിരായി മഹാരാഷ്ട്ര ഭീകരവിരുദ്ധ സേനയുടെ പ്രധാന ആരോപണം. കല്‍സംഗ്ര ഇപ്പോഴും ഒളിവിലാണ്. ഇതിനു പുറമേ, മലേഗാവ് സ്ഫോടനം ആസൂത്രണം ചെയ്യുന്നതിനായി ഭോപ്പാലില്‍ ചേര്‍ന്ന ഗൂഢാലോചനാ യോഗത്തിലും സാധ്വി പങ്കാളിയാണെന്ന് മഹാരാഷ്ട്ര ഭീകരവിരുദ്ധ സേന ആരോപിച്ചിരുന്നു.