ഭോപ്പാൽ: ലോക്സഭാ എംപി പ്രഗ്യ സിങ് ഠാക്കൂറിനെ ‘കാണ്മാനില്ല’ എന്നു പറഞ്ഞ് അനവധി പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടതിനു പിന്നാലെ വിശദീകരണവുമായി ബിജെപി. നാട് കോവിഡിൽ വലയുമ്പോൾ എംപിയെ കാണാനില്ലെന്നായിരുന്നു പോസ്റ്ററുകളിൽ എഴുതിയിരുന്നത്. എന്നാൽ പ്രഗ്യ സിങ് കാൻസറിനും, നേത്രരോഗത്തിനും ചികിത്സയിലാണെന്നും നിലവിൽ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ‌്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലാണ് ഉള്ളതെന്നും ബിജെപി വക്താവ് അറിയിച്ചു.

അതേസമയം, പ്രഗ്യ സിങ് വീഡിയോ കോൾ വഴി നഗരത്തിലെ ബൈരാഗർ ചിച്ലിയിൽ സഹകർ ഭാരതി ആരംഭിച്ച ഒരു മൊബൈൽ ആശുപത്രി ഉദ്ഘാടനം ചെയ്തതായി ഇതിന്റെ പ്രവർത്തകരിലൊരാളായ ഉമാകാന്ത് ദിക്ഷിത് പറഞ്ഞു. എംപി എയിംസിൽ ചികിത്സയിലാണെന്നും അദ്ദേഹം വ്യക്തമാക്കി.

Read More: അഞ്ചാം ഘട്ട ലോക്ക്‌ഡൗണ്‍ പ്രഖ്യാപനം ഇന്ന്; ആരാധനാലയങ്ങൾ തുറക്കാൻ അനുമതി ലഭിച്ചേക്കും

കൊറോണ വൈറസ് വ്യാപനത്തിനിടെ പ്രഗ്യ സിങ് പാർട്ടി പ്രവർത്തകരെ ഫോണിൽ ബന്ധപ്പെട്ടിരുന്നുവെന്നും കുടിയേറ്റക്കാരെയും വിദ്യാർത്ഥികളെയും ആവശ്യക്കാരെയും സഹായിക്കണമെന്ന് നിർദേശിച്ചിരുന്നെന്നും ഉമാകാന്ത് ദീക്ഷിത് പറഞ്ഞു.

ഭോപ്പാൽ സൗത്ത് വെസ്റ്റ് നിയോജകമണ്ഡലത്തിൽ നിന്നുള്ള കോൺഗ്രസ് എം‌എൽ‌എയും മുൻ മന്ത്രിയുമായ പി‌.സി.ശർമ്മയും ഈ ദുരിത സമയത്ത്‌ ഠാക്കൂർ എവിടെയാണെന്ന് അറിയാൻ ആളുകൾക്ക് അവകാശമുണ്ടെന്ന് വ്യക്തമാക്കുന്ന പോസ്റ്ററുകളെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു.

2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ 3.60 ലക്ഷം വോട്ടുകൾക്ക് ഠാക്കൂർ പരാജയപ്പെടുത്തിയ കോൺഗ്രസിന്റെ മുതിർന്ന നേതാവ് ദിഗ്‌വിജയ് സിങ് നഗരത്തിലുണ്ടെന്നും ലോക്ക്ഡൗണ്‍ സമയത്ത് ആളുകളെ സഹായിക്കുകയാണെന്നും ശർമ്മ അവകാശപ്പെട്ടു.

കാൻസർ, നേത്രരോഗം എന്നിവയ്ക്കുള്ള ചികിത്സയ്ക്കായി എംപി ഡൽഹിയിലെ എയിംസിലാണെന്ന് സംസ്ഥാന ബിജെപി വക്താവ് രാഹുൽ കോത്താരി പറഞ്ഞു.

ഠാക്കൂർ നിയോജകമണ്ഡലത്തിലുടനീളം ഭക്ഷണവും പലചരക്ക് സാധനങ്ങളും മറ്റ് അവശ്യ സാധനങ്ങളും വിതരണം ചെയ്യുന്നുണ്ടെന്നും ദിഗ്‌വിജയ് സിങ്ങിന്റെ പരസ്യമായ പ്രത്യക്ഷപ്പെടൽ “രാഷ്ട്രീയം” ആണെന്നും കോത്താരി പറഞ്ഞു.

മുൻ മുഖ്യമന്ത്രി കമൽനാഥ്, അദ്ദേഹത്തിന്റെ മകനും എംപിയുമായ നകുൽ നാഥ്, കോൺഗ്രസിൽ നിന്ന് ബിജെപിയിലേക്ക് മാറിയ ജ്യോതിരാദിത്യ സിന്ധ്യ തുടങ്ങിയവരെ കാൺമാനില്ലെന്നുമുളള പോസ്റ്ററുകൾ നേരത്തേ പ്രത്യക്ഷപ്പെട്ടിരുന്നു.

Read More: Pragya Singh Thakur in AIIMS for cancer, eye treatment: BJP responds to ‘missing’ posters in Bhopal

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook