ന്യൂഡൽഹി: രാഷ്ട്രപിതാവ് ഗാന്ധിജിയെ കൊലപ്പെടുത്തിയ  നാഥുറാം ഗോഡ്‌സെ രാജ്യസ്‌നേഹിയാണെന്ന പരാമർശത്തിൽ ബിജെപി നേതാവ് പ്രഗ്യാ സിങ് ഠാക്കൂർ മാപ്പ് പറഞ്ഞു. വിവാദ പരാമർശത്തിൽ ബിജെപി പ്രഗ്യ സിങ്ങിനെ കയ്യൊഴിഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് പ്രഗ്യ സിങ് മാപ്പ് പറഞ്ഞതായി മുതിർന്ന നേതാവും മധ്യപ്രദേശിന്റെ ചുമതലയുമുള്ള വിനയ് സഹസ്രബുദ്ധേ ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു.

ഗോഡ്‌സെ ദേശഭക്തനാണെന്നും ഇനിയും ദേശഭക്തനായി തന്നെ അറിയപ്പെടുമെന്നും പ്രഗ്യാ സിങ് ഠാക്കൂര്‍ പറഞ്ഞിരുന്നു. ഗോഡ്‌സെയെ തീവ്രവാദി എന്ന് വിളിക്കുന്നവര്‍ ആദ്യം ആത്മപരിശോധ നടത്തണം. ഗോഡ്‌സെയെ തീവ്രവാദി എന്ന് വിളിക്കുന്നവര്‍ക്ക് തിരഞ്ഞെടുപ്പില്‍ അതിനുതക്ക മറുപടി ലഭിക്കുമെന്നും പ്രഗ്യാ സിങ് കൂട്ടിച്ചേര്‍ത്തു. സ്വതന്ത്ര ഇന്ത്യയിലെ ആദ്യ ഹിന്ദു തീവ്രവാദി ഗോഡ്‌സെയാണെന്ന കമല്‍ഹാസന്റെ പരാമര്‍ശത്തിന് മറുപടി നല്‍കുകയായിരുന്നു പ്രഗ്യാ സിങ്.

സംഭവം വിവാദമായതോടെ ബിജെപി പ്രഗ്യ സിങ്ങിന്റെ പരാമർശത്തെ തള്ളിയിരുന്നു. പ്രസ്താവന പിൻവലിച്ച് പ്രഗ്യ സിങ് മാപ്പ് പറയണമെന്ന് ബിജെപി വക്താവ് ജി.വി.എൽ നരസിംഹറാവു ആവശ്യപ്പെട്ടു. പ്രഗ്യ സിങ്ങിന്റെ പ്രസ്താവന ബിജെപി അപലപിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.

” ബിജെപിയുടെ ഭോപ്പാൽ സ്ഥാനാർത്ഥി പ്രഗ്യ സിങ് ഠക്കൂറിന്റെ ഭാഗത്ത് നിന്നും മഹത്മ ഗാന്ധിയുമായി ഒരു പ്രസ്താവന ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. ബിജെപി പ്രഗ്യയുടെ പ്രസ്​താവനയെ അംഗീകരിക്കുന്നില്ല. പ്രസ്​താവനയെ ശക്​തമായി അപലപിക്കുന്നു. എന്തുകൊണ്ടാണ് ഇത്തരത്തിലൊരു പ്രസ്താവന നടത്തിയതെന്ന് പ്രഗ്യയോട് പാർട്ടി വിശദീകരണം തേടും.” ജി.വി.എൽ നരസിംഹറാവു പറഞ്ഞു.

വിവാദ പരാമർശത്തിൽ വലിയ പ്രതിഷേധമാണ് കമൽ ഹാസന് നേരെ ഉയർന്നത്. താരത്തിനെതിരെ ക്രിമിനൽ കുറ്റം ചുമത്തി കേസും എടുത്തിരുന്നു. മേയ് 19ന് ലോക്സഭാ തിരഞ്ഞെടുപ്പ് നടക്കുന്ന നാല് മണ്ഡലങ്ങളില്‍ ഒന്നാണ് അരുവാക്കുച്ചി. ഇവിടെ കമല്‍ഹാസന്റെ പാര്‍ട്ടിയായ മക്കള്‍ നീതി മയ്യം സ്ഥാനാർഥിയെ നിര്‍ത്തിയിട്ടുണ്ട്. മഹാത്മ ഗാന്ധിയുടെ കൊച്ചുമകനായിട്ടാണ് താന്‍ നില്‍ക്കുന്നതെന്നും അദ്ദേഹത്തിന്റെ ഘാതകരോട് ചോദ്യം ചെയ്യാനാണ് എത്തിയതെന്നും തുറന്ന വാഹനത്തിന് മുകളില്‍ നിന്ന് അദ്ദേഹം പ്രസംഗിച്ചിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook