scorecardresearch
Latest News

പ്രഗ്യാ സിങിനെ പോലുള്ളവര്‍ കൊല്ലുന്നത് ഗാന്ധിജിയുടെ ആത്മാവിനെ: കൈലാഷ് സത്യാര്‍ഥി

ചെറിയ നേട്ടങ്ങള്‍ക്ക് വേണ്ടി ഇത്തരം പരാമര്‍ശങ്ങള്‍ നടത്തുന്ന നേതാക്കളെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാന്‍ ബിജെപി തയ്യാറാകണമെന്നും കെെലാഷ് സത്യാർഥി

പ്രഗ്യാ സിങിനെ പോലുള്ളവര്‍ കൊല്ലുന്നത് ഗാന്ധിജിയുടെ ആത്മാവിനെ: കൈലാഷ് സത്യാര്‍ഥി

ന്യൂഡല്‍ഹി: ഗാന്ധി ഘാതകന്‍ നാഥുറാം ഗോഡ്‌സെയെ രാജ്യസ്‌നേഹി എന്ന് വിളിച്ച ബിജെപിയുടെ ഭോപ്പാലിലെ സ്ഥാനാര്‍ഥി പ്രഗ്യാ സിങ് ഠാക്കൂറിനെതിരെ നോബേല്‍ ജേതാവ് കൈലാഷ് സത്യാര്‍ഥി. പ്രഗ്യാ സിങിനെ പോലുള്ളവര്‍ ഗാന്ധിജിയുടെ ആത്മാവിനെയാണ് കൊല്ലുന്നതെന്നും അത്തരം നേതാക്കളെ ബിജെപി വേഗം പുറത്താക്കണമെന്നും കൈലാഷ് സത്യാര്‍ഥി ട്വിറ്ററില്‍ കുറിച്ചു.

ഗോഡ്‌സെ ഗാന്ധിജിയെ കൊന്നു. എന്നാല്‍, പ്രഗ്യാ സിങിനെ പോലുള്ളവര്‍ കൊല്ലുന്നത് ഗാന്ധിജിയുടെ ആത്മാവിനെയാണ്. രാജ്യത്തിന്റെ സമാധാനത്തെയും സഹിഷ്ണുതയെയും അഹിംസയെയും ഇന്ത്യയുടെ ആത്മാവിനെ തന്നെയുമാണ് പ്രഗ്യാ സിങിനെ പോലുള്ളവര്‍ കൊലപ്പെടുത്തുന്നത്. ചെറിയ നേട്ടങ്ങള്‍ക്ക് വേണ്ടി ഇത്തരം പരാമര്‍ശങ്ങള്‍ നടത്തുന്ന നേതാക്കളെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാന്‍ ബിജെപി തയ്യാറാകണമെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

Read More: പ്രഗ്യാ സിങിന് മാപ്പില്ലെന്ന് മോദി: അനില്‍ സൗമിത്രയ്ക്ക് സസ്‌പെന്‍ഷന്‍

രാജ്യത്തെ ആദ്യത്തെ ഹിന്ദു തീവ്രവാദി ഗാന്ധി ഘാതകനായ നാഥുറാം ഗോഡ്‌സെയാണെന്ന് കമല്‍ഹാസന്‍ പറഞ്ഞതിനു മറുപടിയായാണ് പ്രഗ്യാ സിങ് വിവാദ പരാമര്‍ശം നടത്തിയത്. ഗോഡ്‌സെ രാജ്യസ്‌നേഹിയായിരുന്നു എന്നും, ഇനിയും രാജ്യസ്‌നേഹിയായി അറിയപ്പെടുമെന്നുമാണ് പ്രഗ്യാ സിങ് ഠാക്കൂര്‍ പറഞ്ഞത്. എന്നാല്‍, ഇതിനെതിരെ വിമര്‍ശനങ്ങളുയര്‍ന്നതോടെ പ്രഗ്യാ മാപ്പ് പറഞ്ഞു. ബിജെപി അധ്യക്ഷന്‍ അമിത് ഷായും പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രഗ്യാ സിങിനെ തള്ളി രംഗത്തെത്തുകയും ചെയ്തു.

നാഥുറാം ഗോഡ്‌സെയെ രാജ്യസ്‌നേഹി എന്ന് വിളിച്ച പ്രഗ്യാ സിങ് ഠാക്കൂറിന് മാപ്പില്ലെന്ന് മോദി പറഞ്ഞു. ന്യൂസ് 24 ന് നല്‍കിയ അഭിമുഖത്തിലാണ് പ്രധാനമന്ത്രി പ്രഗ്യാ സിങിനെ തള്ളി രംഗത്തെത്തിയത്. പ്രഗ്യാ സിങ് നടത്തിയത് തെറ്റായതും മോശവുമായ പരാമര്‍ശമാണ്. പരാമര്‍ശത്തില്‍ പ്രഗ്യാ സിങ് മാപ്പ് പറഞ്ഞിട്ടുണ്ടാകാം. എന്നാലും പൂര്‍ണമായും പ്രഗ്യയോട് ക്ഷമിക്കാന്‍ തനിക്ക് കഴിയില്ലെന്ന് മോദി പറഞ്ഞു.

Read More: ‘ആത്മാവ് സന്തോഷിക്കുന്നുണ്ടാകും’; ഗോഡ്‌സെയെ വാഴ്ത്തിപ്പാടി കൂടുതല്‍ ബിജെപി നേതാക്കള്‍

പ്രഗ്യാ സിങ് ഠാക്കൂര്‍, അനന്ത്കുമാര്‍ ഹെഡ്‌ഗെ, നളിന്‍ കുമാര്‍ തുടങ്ങിയവര്‍ ഗോഡ്‌സെയെ അനുകൂലിച്ച് നടത്തിയ പ്രസ്താവനകള്‍ പാര്‍ട്ടിയുടെ പ്രത്യയശാസ്ത്രത്തിന് വിരുദ്ധമാണെന്ന് അമിത് ഷാ പറഞ്ഞു. മൂന്നു നേതാക്കളില്‍ നിന്നും ബിജെപി അച്ചടക്ക സമിതി വിശദീകരണം നേടുമെന്നും പാര്‍ട്ടി അധ്യക്ഷന്‍ വ്യക്തമാക്കി.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Pragya killing gandhis soul says kailash satyarthi