രാജ്യത്തെ ഇന്ധന വില ഉപഭോക്താക്കളെ ബാധിക്കുന്നുണ്ടെന്നും എന്നാൽ പെട്രോളിന്റെയും ഡീസലിന്റെയും വില കുത്തനെ ഉയരുന്നതിനുള്ള കാരണം ക്ഷേമപദ്ധതികൾക്കായി ചെലവഴിക്കാൻ കേന്ദ്രം പണം ലാഭിക്കുന്നതാണെന്നും കേന്ദ്ര മന്ത്രി ധർമേന്ദ്ര പ്രധാൻ.
“ഇന്ധനവില ഉപഭോക്താക്കളെ ബാധിക്കുന്നതായി ഞാൻ അംഗീകരിക്കുന്നു, അതിൽ യാതൊരു സംശയവുമില്ല. എന്നാൽ കോവിഡ് വാക്‌സിനുകൾക്കായി ഒരു വർഷം 35,000 കോടി രൂപ ചെലവഴിച്ചു. പാവപ്പെട്ടവർക്ക് എട്ട് മാസത്തെ റേഷൻ നൽകുന്നതിനായി പ്രധാൻ മന്ത്രി ഗരീബ് കല്യാൺ യോജനയ്ക്കായി ഒരു ലക്ഷം കോടി രൂപ ചെലവഴിച്ചു. പ്രധാനമന്ത്രി കിസാന്റെ കീഴിലുള്ള ഏതാനും ആയിരം കോടി രൂപ കർഷകരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് മാറ്റിയിട്ടുണ്ട്… ഇത്തരം ദുഷ്‌കരമായ സമയങ്ങളിൽ, ക്ഷേമപദ്ധതികൾക്കായി ചെലവഴിക്കാൻ ഞങ്ങൾ പണം ലാഭിക്കുന്നു,” പ്രധാൻ മാധ്യമങ്ങളോട് പറഞ്ഞു.
ഇന്ധനവിലയെച്ചൊല്ലി പ്രതിക്ഷം കേന്ദ്രത്തിനെതിരെ നിരന്തര വിമർശനം ഉന്നയിക്കുന്നതിനിടെയാണ് ധർമേന്ദ്ര പ്രധാന്റെ പ്രതികരണം. ഇന്ധന നികുതി കുറയ്ക്കാൻ കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാന സർക്കാരുകളോട് പ്രധാൻ ആവശ്യപ്പെടുകയും ചെയ്തു.
Read More: അതൃപ്തിയുമായി ആര്‍.എസ്.എസും സംസ്ഥാന നേതാക്കളും; സുരേന്ദ്രന് മുന്നറിയിപ്പ് നല്‍കി ദേശിയ നേതൃത്വം
“കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളായ പഞ്ചാബ്, രാജസ്ഥാൻ, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ ഇന്ധനവില എങ്ങനെയാണ് ഉയർന്നതെന്ന് രാഹുൽ ഗാന്ധി ഉത്തരം നൽകണം. ദരിദ്രരെക്കുറിച്ച് അദ്ദേഹത്തിന് അത്രയധികം ആശങ്കയുണ്ടെങ്കിൽ, മുംബൈയിൽ ഇന്ധനവില വളരെ ഉയർന്നതിനാൽ നികുതി കുറയ്ക്കാൻ അദ്ദേഹം മഹാരാഷ്ട്ര മുഖ്യമന്ത്രിയോട് നിർദ്ദേശിക്കണം,” പ്രധാൻ പറഞ്ഞു.
അതേസമയം, ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളായ മധ്യപ്രദേശ്, കർണാടക തുടങ്ങിയ സംസ്ഥാനങ്ങൾ പെട്രോൾ 100 രൂപ കടന്നതിൽ അതേപടി ചെയ്യണോ എന്ന ചോദ്യത്തിൽ നിന്ന് പ്രധാൻ ഒഴിഞ്ഞുമാറി.