സിനിമയിലെ രംഗങ്ങൾ ജീവിതത്തിൽ അനുകരിക്കാൻ പലരും ശ്രമിക്കാറുണ്ട്. പലപ്പോഴും ഇത് ദുരന്തത്തിലാണ് അവസാനിക്കുക. ‘ബാഹുബലി’ ചിത്രത്തിലെ ഒരു രംഗം അനുകരിക്കാൻ ശ്രമിച്ച യുവാവിന് സ്വന്തം ജീവനാണ് നഷ്ടമായത്. ‘ബാഹുബലി’ സിനിമയിലെ പ്രധാനപ്പെട്ടൊരു രംഗമായിരുന്നു പ്രഭാസ് വെളളച്ചാട്ടത്തിനു കുറുകേ ചാടുന്നത്. ഈ രംഗം അനുകരിക്കാൻ ശ്രമിച്ചപ്പോഴാണ് വിനോദസഞ്ചാരിയായ യുവാവിന് ജീവൻ നഷ്ടമായതെന്ന് റിപ്പോർട്ടുകൾ പറയുന്നു.

മഹൗലി വെളളച്ചാട്ടം കാണാൻ എത്തിയ യുവാവ് സിനിമയിലെ രംഗം അനുകരിച്ച് വെളളത്തിലേക്ക് ചാടുകയായിരുന്നു. 27 കാരനായ മുംബൈ സ്വദേശി ബിസിനസുകാരൻ ഇന്ദ്രപാൽ പട്ടേൽ ആണ് മരിച്ചതെന്നാണ് റിപ്പോർട്ടുകൾ. സുഹൃത്തുക്കൾക്കൊപ്പമാണ് യുവാവ് വെളളച്ചാട്ടം കാണാനെത്തിയത്. എന്നാൽ യുവാവ് ചാടിയതല്ലെന്നും മനഃപൂർവം ആരോ തളളിവിട്ടതെന്നുമാണ് ബന്ധുക്കളുടെ ആരോപണം.

അതേസമയം, മഹൗലി വെളളച്ചാട്ടത്തിൽ അപകട മരണങ്ങൾ അടുത്തിടെ പതിവാണ്. അതിനാൽ ഇവിടേക്കുളള സന്ദർശകരുടെ വരവ് നിരോധിക്കാനാണ് പൊലീസ് ആലോചിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ