ആരാധകർ ഏറ്റവും ആവേശത്തോടെ കാത്തിരിക്കുന്ന പ്രഭാസ് ചിത്രം ‘സാഹോ’ തിയേറ്ററുകളിലെത്താൻ ഇനി മണിക്കൂറുകൾ മാത്രമേ ബാക്കിയുള്ളൂ. അതിനിടെയാണ് ഒരു ദുഃഖവാർത്ത എത്തുന്നത്. സാഹോയുടെ ബാനർ കെട്ടുന്നതിനിടെ വൈദ്യുതാഘാതമേറ്റ് പ്രഭാസിന്റെ ആരാധകൻ മരിച്ചു.
റിലീസ് തീയതി അടുത്തിരിക്കെ, സാഹോയുടെ റിലീസ് ആഘോഷിക്കുന്നതിനായി പ്രഭാസിന്റെ കടുത്ത ആരാധകർ തിയേറ്ററുകൾക്കും, തങ്ങളുടെ ജന്മനാട്ടിലും ബാനറുകളും കട്ടൌട്ടുകളും സ്ഥാപിക്കുകയാണ്. തെലങ്കാനയിലെ മഹബൂബ് നഗർ സ്വദേശിയായ പ്രഭാസിന്റെ യുവ ആരാധകനും സുഹൃത്തുക്കളോടൊപ്പം അവിടെയുള്ള ഒരു പ്രാദേശിക തിയേറ്ററിൽ ഒരു ബാനർ കെട്ടുകയായിരുന്നു.
Read More: Saaho Release: കാത്തിരിപ്പിന് വിരാമം, പ്രഭാസിന്റെ ‘സാഹോ’ നാളെയെത്തും
തിയേറ്റർ കെട്ടിടത്തിൽ നിന്ന് ബാനർ ശരിയാക്കാൻ ശ്രമിച്ച അദ്ദേഹം അബദ്ധത്തിൽ ഒരു വൈദ്യുത കമ്പിയിൽ തട്ടുകയും വൈദ്യുതാഘാതമേറ്റ് കെട്ടിടത്തിനു മുകളിൽ നിന്നും താഴെ വീഴുകയും ചെയ്തു. സംഭവം തിയേറ്റർ അധികൃതർ ഉടൻ പൊലീസിനെ അറിയിക്കുകയും, പൊലീസ് സ്ഥലത്തെത്തുകയും ചെയ്തു.
സംഭവത്തെ കുറിച്ച് പ്രഭാസോ ചിത്രത്തിന്റെ അണിയറ പ്രവർത്തകരോ ഇതുവരെ പ്രതികരിച്ചിട്ടില്ല. മുമ്പ് ഇത്തരം സംഭവങ്ങൾ നടന്ന സമയത്ത്, പ്രഭാസ് മരിച്ചയാളുടെ വീട്ടിലെത്തുകയും കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
ബാനറുകൾക്ക് പുറമേ, അദ്ദേഹത്തിന്റെ ആരാധകരിൽ ചിലർ പ്രഭാസിന്റെ ജന്മനാടായ ഹൈദരാബാദിൽ 200 അടി ഉയരമുള്ള ബാനർ സ്ഥാപിച്ചിട്ടുണ്ട്. സാഹോയോടുള്ള ആരാധകരുടെ ‘ഭ്രാന്ത്’ പുതിയ തലങ്ങളിൽ എത്തിക്കൊണ്ടിരിക്കുകയാണ്. തമിഴ്നാട്ടിൽ മാത്രം അഞ്ഞൂറിലധികം സ്ക്രീനുകളിൽ ചിത്രം റിലീസ് ചെയ്യും.
രണ്ടുവര്‍ഷത്തിന് ശേഷം തങ്ങളുടെ പ്രിയതാരത്തെ വെള്ളിത്തിരയില്‍ വീണ്ടും കാണുവാനുള്ള ആവേശത്തിലാണ് ആരാധകര്‍. പ്രദര്‍ശനത്തിന് മുമ്പേ ശ്രദ്ധ പിടിച്ചുപറ്റിയ ‘സാഹോ’യില്‍ പ്രഭാസിന്റെ നായികയായി എത്തുന്നത് ബോളിവുഡ് താരം ശ്രദ്ധ കപൂറാണ്. ‘റണ്‍ രാജ റണ്‍’ എന്ന തെലുങ്ക് ചിത്രത്തിലൂടെ ശ്രദ്ധേയനായ സുജീത്ത് അണിയിച്ചൊരുക്കുന്ന ആക്ഷന്‍ ത്രില്ലര്‍ ചിത്രത്തില്‍ കിടിലന്‍ ലുക്കില്‍ മലയാളി താരം ലാലും എത്തുന്നുണ്ട്. ജാക്കി ഷ്രോഫ്, മന്ദിര ബേദി, ചങ്കി പാണ്ഡേ, മഹേഷ് മഞ്ജറേക്കര്‍, അരുണ്‍ വിജയ്, മുരളി ശര്‍മ, ടിനു ആനന്ദ്, ശരത് ലോഹിതഷ്വ,എവിലിന് ശര്‍മ്മ, വെനില കിഷോര്‍ തുടങ്ങിയവരും ചിത്രത്തിലുണ്ട്.
ത്രില്ലര്‍ ചിത്രമെന്ന ഖ്യാതിയോടെയാണ് ‘സാഹോ’യെത്തുന്നതെങ്കിലും പ്രണയത്തിനും നല്ല പങ്കുണ്ട് ചിത്രത്തിലെന്നാണ് അറിയാൻ കഴിയുന്നത്. ശ്രദ്ധയും പ്രഭാസും തമ്മിലുള്ള പ്രണയ ഗാനങ്ങളും ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ ഹിറ്റായി കഴിഞ്ഞു. ചിത്രത്തിന്റെ ട്രെയിലറിന് ലഭിച്ച വരവേല്‍പ്പും ‘സാഹോ’ ചരിത്രം തിരുത്തിക്കുറിക്കുമെന്ന സൂചനയാണ് നല്‍കുന്നത്. ആക്ഷന്‍ ഏറെ പ്രധാന്യം നല്‍കിയിരിക്കുന്ന ചിത്രത്തില്‍ കെന്നി ബേറ്റ്സാണ് ആക്ഷന്‍ രംഗങ്ങള്‍ ഒരുക്കിയത്. യുവി ക്രിയേഷന്‍സിന്റെ ബാനറില്‍ വംശി കൃഷ്ണ റെഡ്ഡി, പ്രമോദ് ഉപ്പലപ്പട്ടി, ബുഷന് കുമാര്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിച്ച ചിത്രത്തിന്റെ കലാസംവിധായകന്‍ സാബു സിറിലാണ്.
ഛായാഗ്രഹണം ആര് മഥിയും എഡിറ്റിങ് ശ്രീകര്‍ പ്രസാദും നിര്‍വഹിക്കുന്നു. വിഷ്വല്‍ എഫക്ട്സ് ഒരുക്കിയത് ആര്‍സി കമലാകണ്ണന്‍. വിഷ്വല്‍ ഡെവലപ്മെന്റ് ഗാപി കൃഷ്ണ, അജയ് സുപാഹിയ എന്നിവരും നിർവ്വഹിച്ചു. വസ്ത്രാലങ്കാരം തോട്ട വിജയ് ഭാസ്കര്‍, ലീപാക്ഷി എല്ലവദി എന്നിവരും സൗണ്ട് ഡിസൈന്‍ സിന്‍ക് സിനിമയും നിർവ്വഹിച്ചു. പെങ് സാങ്, ദിലീസ് സുബരായന്‍, സ്റ്റണ്ട് സില്‍വ, സ്റ്റീഫന്‍, ബോബ് ബ്രൗണ്‍, റാംലക്ഷ്മണ്‍ എന്നിവരാണ് ആക്ഷൻ ഡയറക്ടർമാർ.