അലാസ്കന്‍ ഉപദ്വീപില്‍ ശക്തമായ ഭൂകമ്പമുണ്ടായി. റിക്ടര്‍ സ്കെയിലില്‍ 7.8 രേഖപ്പെടുത്തിയ ഭൂകമ്പത്തെ തുടര്‍ന്ന് സുനാമി മുന്നറിയിപ്പ് നല്കി. ഇതേതുടര്‍ന്ന് ജനം ഉയര്‍ന്ന പ്രദേശങ്ങളില്‍ അഭയം തേടി. കൊറോണവൈറസ് വ്യാപന ഭീതിക്കിടയിലും നൂറുകണക്കിന് പേര് മാസ്ക് ധരിച്ച് സാമൂഹിക അകലം പാലിക്കാനാകാതെ ഷെല്‍ട്ടറുകളില്‍ അഭയം തേടി.
അപകടകാരികളായ തിരകള്‍ ഉണ്ടാകാത്തതിനെ തുടര്‍ന്ന് സുനാമി മുന്നറിയിപ്പ് പിന്‍വലിച്ചു. കോഡിയാക്ക് ദ്വീപിലെ ഒരു ഹൈ സ്കൂളിലാണ് ആളുകള്‍ തടിച്ചു കൂടിയത്.
യുഎസ് ജിയോളജിക്കല്‍ സര്‍വേയുടെ റിപ്പോര്‍ട്ട് അനുസരിച്ച് പ്രാദേശിക സമയം രാത്രി 10.12-നാണ് ഭൂകമ്പം ഉണ്ടായത്. അലാസ്കയിലെ പെറിവില്ലെയുടെ തെക്ക്-തെക്ക്കിഴക്ക് 65 മൈല്‍ അകലെ കടലില്‍ 17 മൈലുകള്‍ താഴെയാണ് ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രം.
നാശനഷ്ടങ്ങള്‍ ഉണ്ടായതായി റിപ്പോര്‍ട്ടില്ലെന്ന് കോഡിയാക്ക് പൊലീസ് സാര്‍ജന്റ് മൈക്ക് സോര്‍ട്ടര്‍ പറഞ്ഞതായി അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
Read in English: Powerful 7.8 quake hits Alaska isles; tsunami threat over