scorecardresearch
Latest News

അവസരവാദം, അധികാരം, ആരോപണം, നാടകീയത, തമിഴ് രാഷ്ട്രീയം കടന്നുപോയ 73 ദിവസങ്ങൾ

അധികാരമത്സരത്തിനായുളള രാഷ്ട്രീയ കരുനീക്കങ്ങളുടെ 73 ദിനങ്ങളാണ് തമിഴ്‌നാട്ടിൽ കടന്നു പോയത്. ആരോപണ പ്രത്യാരോപണങ്ങളുടെയും നാടകീയ മുഹൂർത്തങ്ങളുടെയും വേദിയായി മാറിയ തമിഴകത്തിന്റെ നാൾവഴി

അവസരവാദം, അധികാരം, ആരോപണം, നാടകീയത, തമിഴ് രാഷ്ട്രീയം കടന്നുപോയ 73 ദിവസങ്ങൾ

തട്ടുപൊളിപ്പൻ തമിഴ് സിനിമകളെ അനുസ്‌മരിപ്പിക്കുന്ന രംഗങ്ങളിലൂടെ തമിഴ് രാഷ്ട്രീയത്തിലെ ഒരു രംഗം കൂടി അവസാനിച്ചു. മുഖ്യമന്ത്രിയായിരുന്ന ജെ.ജയലളിത 2016 ഡിസംബർ അഞ്ചിന് നിര്യാതയായതിനെ തുടർന്നാണ് തമിഴക രാഷ്ട്രീയം നാടകീയ രംഗങ്ങളുടെ ആവർത്തനമാരംഭിച്ചത്. 1987ൽ ഇതുപോലെ അതി വൈകാരികമായ നാടകീയ രംഗങ്ങൾക്ക് തമിഴകം സാക്ഷ്യം വഹിച്ചിട്ടുണ്ട്. അതിന് ശേഷം നീണ്ട ഇടവേളയിലാണ് ഇത്ര നീണ്ട രാഷ്ട്രീയ കരുനീക്കൾക്കും പോർവിളികൾക്കും വൈകാരിക പ്രകടനങ്ങൾക്കും സാക്ഷ്യം വഹിച്ചത്.

Read More: നാടകീയ നിമിഷങ്ങൾക്ക് വിരാമം; പളനിസാമിക്ക് വിശ്വാസവോട്ടെടുപ്പിൽ ജയം

മുപ്പത് വർഷങ്ങൾക്കുശേഷം വീണ്ടും തിരക്കഥയിൽ വലിയ മാറ്റമൊന്നുമില്ലാതെ കഥാപാത്രങ്ങൾ മാത്രം മാറി തമിഴകം രാഷ്ട്രീയം ആടിത്തിമിർക്കുന്നു. ഡിസംബർ അഞ്ചിന് ജയലളിതയുടെ നിര്യാണത്തെ തുടർന്ന് പനീർസെൽവം മുഖ്യമന്ത്രിയായി ചുമതലേയറ്റു. ഡിസംബർ 29 ന് ജയലളിതയുടെ തോഴി ശശികല എന്ന വി.കെ.ശശികലയെ അണ്ണാ ഡിഎംകെയുടെ ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുത്തു. ഫെബ്രുവരി ഏഴിന് മുഖ്യമന്ത്രിയായി ശശികലയെ പാർട്ടി തിരഞ്ഞെടുത്തു. തുടർന്ന് രണ്ട് മാസത്തെ മുഖ്യമന്ത്രി സ്ഥാനം പനീർസെൽവം രാജിവച്ചു. മൂന്നാം തവണയാണ് പനീർസെൽവം മുഖ്യമന്ത്രി സ്ഥാനത്തു നിന്നും രാജിവയ്ക്കുന്നത്. നേരത്തെ രണ്ട് തവണയും ജയലളിത ജയിലിൽ​ ആയപ്പോഴാണ് മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുത്തതും ജയലളിത ജയിൽ മോചിതയായപ്പോൾ സ്ഥാനം ഒഴിഞ്ഞതും. ജയലളിതയുടെ മരണത്തെ തുടർന്ന് ആരാകും മുഖ്യമന്ത്രി എന്നുള്ളതിന് പനീർസെൽവം എന്നു തന്നെയായിരുന്നു പൊതുവിൽ തമിഴ്നാട്ടിലെ രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തിയത്. ആദ്യം അതുപോലെ സംഭവിച്ചുവെങ്കിലും പിന്നീട് ദിവസങ്ങൾക്കുള്ളിൽ പാർട്ടിയും ഭരണവും ശശികലയുടെ കുടുംബത്തിന്റെയും കൈകളിലേയ്ക്കു നീങ്ങുന്ന കാഴ്ചയാണ് കണ്ടത്. സമർത്ഥമായ കരുനീക്കങ്ങളിലൂടെ പനീർസെൽവത്തെ മാറ്റി, അമ്മയുടെ സ്ഥാനത്തേയ്ക്ക് ചിന്നമ്മ കടന്നുവന്നു.

ഒ.പനീർസെൽവം ജയലളിതയ്ക്കൊപ്പം. (ഫയൽ ചിത്രം)

ഫെബ്രുവരി ഏഴിന് പനീർസെൽവത്തെ മാറ്റാനും ശശികലയെ മുഖ്യമന്ത്രിയായി അവരോധിക്കാനുമുള്ള പാർട്ടി തീരുമാനം വന്നു. പനീർസെൽവം എന്ന വിനീത വിധേയനായ എംഎൽ​​എ മുഖ്യമന്ത്രിസ്ഥാനം രാജിവച്ചു, കാവൽ മുഖ്യമന്ത്രിയായി. എന്നാൽ തമിഴ് രാഷ്ട്രീയം കലങ്ങിമറിയാനുള്ള കാടിളക്കുന്ന വെടി പൊട്ടാൻ അപ്പോൾ മണിക്കൂറുകൾ മാത്രമേ അവശേഷിക്കുന്നുള്ളൂവെന്ന് ആരും അറിഞ്ഞിരുന്നില്ല. അടുത്ത ദിവസം രാവിലെ മുൻ സ്പീക്കറും എഐഎഡിഎംകെയുടെ മുതിർന്ന നേതാവും മുൻ സ്പീക്കറുമായ പി.എച്ച്.പാണ്ഡ്യനാണ് തമിഴ് രാഷ്ട്രീയത്തിന്റെ തലവര മാറ്റിവരച്ച പ്രസ്താവനയുമായി രംഗത്തെത്തിയത്. ശശികലയ്ക്കെതിരെ ആഞ്ഞടിച്ച പാണ്ഡ്യൻ തമിഴ് രാഷ്ട്രീയത്തെ ഇളക്കി മറിച്ചു. ജയലളിതയുടെ മരണത്തെ കുറിച്ചുളള സംശയങ്ങളും അദ്ദേഹം ഉന്നയിച്ചു. മരണത്തിന് പിന്നിലെ ദുരൂഹത നീക്കണമെന്നും ആവശ്യപ്പെട്ടു. പാണ്ഡ്യന്റെ ആരോപണങ്ങളുടെ വിരൽ നീണ്ടത് ശശികലയ്ക്കും കുടുംബത്തിനും നേരെയായിരുന്നു.

ഇതിന് തൊട്ടുപിന്നാലെ അന്യൻ എന്ന തമിഴ് സിനിമയിലെ നായക കഥാപാത്രത്തെ അനുസ്‌മരിപ്പിച്ച് കൊണ്ട് പനീർസെൽവം മറ്റൊരാളായി. ജയലളിതയുടെ സ്മൃതി മണ്ഡപത്തിൽ പ്രാർത്ഥിച്ച് പുറത്തിറങ്ങിയ പനീർസെൽവം ശശികലയ്ക്കെതിരായി ആഞ്ഞടിച്ചു. തന്നെ നിർബന്ധിച്ച് രാജിവയ്പ്പിച്ചതാണെന്നും അദ്ദേഹം വെളിപ്പെടുത്തി.

Read More: നാടകീയം നിയമസഭ: ‘ഇതാ കാണു അതിക്രമം’; തന്റെ വസ്ത്രം വലിച്ചു കീറിയതായി സ്റ്റാലിന്‍

ഇതോടെ തനിക്കൊപ്പമുളള എംഎൽഎമാരെ കൂവത്തൂരിലെ റിസോർട്ടിലേയ്ക്ക് മാറ്റി പാർപ്പിച്ച് ശശികല യുദ്ധപ്രഖ്യാപനത്തിന് മറുപടി നൽകി. പാർട്ടി നേതാക്കളും എംപിമാരും എംഎൽഎമാരും പരസ്പരം ഏതു കളത്തിലെന്നറിയാതെ കളിക്കുന്ന കാഴ്ചയാണ് പലപ്പോഴും തമിഴകത്ത് കണ്ടത്. കലങ്ങി മറിയുമ്പോൾ ഗവർണർ സുരക്ഷിതമായ നിലപാടെടുത്തു നിന്നു. അതിനിടയിൽ ശശികലയെ കാത്ത് മറ്റൊരു വിധിയുണ്ടായിരുന്നു. മുഖ്യമന്ത്രി സ്ഥാനത്തിരിക്കും മുന്പ് അധികാരത്തിന്റെ മുന്നിൽ നിന്നും  അഴിക്കുപിന്നിലേയ്ക്കു പോകാനുള്ള വിധി. ഫെബ്രുവരി 14 ന് സുപ്രീം കോടതി അനധികൃത സ്വത്ത് സമ്പാദന കേസിൽ ശശികലയ്ക്കും ബന്ധുക്കൾക്കും എതിരായി വിധി പറഞ്ഞു. ജയലളിതയും ശശികലയും ശശികലയുടെ ബന്ധുക്കളും ചേർന്ന് 66 കോടിയുടെ അഴിമതി നടത്തിയെന്ന കേസിലായിരുന്നു വിധി. വിചാരണക്കോടതി നാല് വർഷവും പത്ത് കോടി രൂപ പിഴയും ശശികലയ്ക്കും ബന്ധുക്കൾക്കും വിധിയിക്കുകയും ജയലളിതയ്ക്ക് നാല് വർഷവും നൂറ് കോടി പിഴയുമാണ് വിധിച്ചിരുന്നത്. എന്നാൽ കർണാടക ഹൈക്കോടതി ഈ വിധി റദ്ദാക്കി. ഇതിനെതിരെ കർണാടക സർക്കാർ സുപ്രീം കോടതി നൽകിയ അപ്പീലിലാണ് വിചാരണക്കോടതി വിധി ശരിവച്ച് ഉത്തരവുണ്ടായത്. ഇതേ തുടർന്ന് ശശികലയുടെ മുഖ്യമന്ത്രി മോഹത്തിന് മേൽ വിലങ്ങു വീണു. പിന്നീട് ഇടഞ്ഞു നിൽക്കുന്ന പനീർസെൽവത്തെ തളയ്ക്കാനുളള വഴിയിലായി. അതിനായി മറ്റൊരു വിശ്വസ്തനായ എടപ്പാടി പളനിസാമിയെ മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് പാർട്ടി തിരഞ്ഞെടുത്തു.

തമിഴ്നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത പളനിസാമിക്ക് ഗവർണർ പൂച്ചെണ്ട് നൽകുന്നു. (ഫയൽ ചിത്രം)

ശശികല ബെംഗളുരു പാരപ്പന അഗ്രഹാര ജയിലിലേയ്ക്കു പോകുമ്പോൾ പളനിസാമിയും പനീർസെൽവവും മുഖ്യമന്ത്രി സ്ഥാനത്തേയ്ക്കുള്ള ജനപ്രതിനിധകളുടെ തലയെണ്ണം കൊണ്ടുളള കണക്കുകൂട്ടലിലായിരുന്നു. പതിനാറിന് പളനിസാമിയെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാൻ ഗവർണർ അനുവദിച്ചു. വിശ്വാസവോട്ട് തേടാൻ പതിനഞ്ച് ദിവസവും സമയം നൽകി. എന്നാൽ 48 മണിക്കൂറിനകം വിശ്വാസവോട്ട് തേടാനാണ് പളനിസാമി തയറായത്. ഒപ്പം നിൽക്കുന്നവർ കൊഴിഞ്ഞുപോകുന്നത് തടയാനുള്ളതായിരുന്നു. ആ നീക്കം. വിശ്വാസ വോട്ടെടുപ്പ് രഹസ്യ ബാലറ്റ് വേണമെന്ന പ്രതിപക്ഷ കക്ഷികളുടെയയും പനീർസെൽവം വിഭാഗത്തിന്റെയും ആവശ്യം സ്പീക്കർ തളളിതോടെ നിയമസഭ സംഘർഷഭരിതമായി. നിർത്തിവച്ചു. പ്രതിപക്ഷ നേതാവ് സ്റ്റാലിൻ തനിക്ക് മർദ്ദനത്തിൽ പരുക്കേറ്റതായി വ്യക്തമാക്കി. കീറിയ കുപ്പായവുമായി സ്റ്റാലിൻ സഭയ്ക്ക് പുറത്തെത്തി. ഒട്ടേറെ രാഷ്ട്രീയ നാടകവേദിയായ മറീന ബീച്ചിൽ നിരാഹാര സമരമാരംഭിച്ചു. അധികം വൈകുന്നതിന് മുമ്പ് സ്റ്റാലിനെ അറസ്റ്റ് ചെയ്ത് നീക്കി.  പ്രതിപക്ഷ പാർട്ടികളായ ഡിഎംകെ, കോൺഗ്രസ്, ലീഗ് എന്നിവരില്ലാതെ നടന്ന വിശ്വാസ വോട്ടെടുപ്പ് പളനിസാമി അതിജീവിച്ചു. എന്നാൽ വരും ദിനങ്ങളിൽ തമിഴ്നാട്ടിൽ രൂപപ്പെടുന്ന പുതിയ രാഷ്ട്രീയ കാലാവസ്ഥയെ പളനിസാമി എങ്ങനെ മറികടക്കും എന്നതിനെ ആശ്രയിച്ചായിരിക്കും അദ്ദേഹത്തിന്റെ രാഷ്ട്രീയ ഭാവി, പനീർസെൽവത്തിന്റെയും.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Power shift in tamil politics edapadi palanisami paneerselvam sasikala mk stalin