ന്യൂഡൽഹി: പവർ ബങ്ക് പൊട്ടിത്തെറിച്ചതിന് ഉപഭോക്താവിന് 1.35 ലക്ഷം രൂപ നൽകാൻ ഉപഭോക്തൃ തർക്ക പരിഹാര ഫോറം ഉത്തരവിട്ടു. ഛണ്ഡിഗഡ് സെക്ടർ 21 ലെ താമസക്കാരനായ അങ്കിത് മഹാജന്റെ പരാതിയിലാണ് ഉത്തരവ്. പവർ ബാങ്ക് ഉൽപ്പാദകരും ഡീലറും ഓൺലൈൻ വാണിജ്യ വെബ്സൈറ്റും ആണ് പണം നൽകേണ്ടത്. ഛണ്ഡിഗഡ് കൺസ്യുമർ ഫോറത്തിന്റേതാണ് വിധി.
ആംബ്രെയ്ൻ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് (Ambrane India Pvt Ltd) നിർമ്മിച്ച ആംബ്രെയ്ൻ പി 2000 എന്ന 20800 എംഎഎച്ചിന്റെ പവർ ബാങ്കാണ് സ്‌നാപ്‌ഡീൽ ഡോട് കോം വഴി അങ്കിത് 1699 രൂപ മുതൽ മുടക്കി വാങ്ങിച്ചത്. ഈ പവർ ബാങ്കിന്റെ യുഎസ്‌ബി പ്ലോട്ടിൽ തകരാർ കണ്ട് ഉൽപ്പന്നം മാറ്റി മറ്റൊന്ന് നൽകണമെന്ന് അങ്കിത് സ്നാപ്‌ഡീൽ വഴി ആവശ്യപ്പെട്ടിരുന്നു. എന്നാൽ കമ്പനി ഇത് വിസമ്മതിച്ചു.
2016 ഓഗസ്റ്റ് 16 നാണ് പവർ ബാങ്ക് പൊട്ടിത്തെറിച്ചത്. തന്റെ ഓഡി എ4 കാർ പാർക്ക് ചെയ്ത് അങ്കിത് ഓഫീസിലേക്ക് പോയപ്പോഴാണ് സംഭവം. കാറിന്റെ പുറകിലെ സീറ്റിലായിരുന്ന പവർ ബാങ്ക് പൊട്ടിത്തെറിച്ച് സീറ്റ് കത്തിയെരിഞ്ഞു. കാറിന്റെ ഇന്റീരിയർ ഭാഗികമായി നശിച്ചു. ഇത് പിന്നീട് പൂർണ്ണമായി മാറ്റേണ്ടി വന്നു. ഇക്കാര്യം അറിയിച്ചിട്ടും പവർ ബാങ്കിന്റെ നിർമ്മാതാക്കളോ സ്നാപ്‌ഡീലോ യാതൊന്നും നൽകിയില്ല.
കാറിന് തകരാർ പരിഹരിക്കാൻ 4.92 ലക്ഷം രൂപയാണ് ചിലവായത്. ഇതിൽ 4.74 ലക്ഷം രൂപ ഇൻഷുറൻസ് കമ്പനി അടച്ചു. പക്ഷെ 18,340 രൂപ സ്വന്തം പോക്കറ്റിൽ നിന്ന് ചെലവായതായി അദ്ദേഹം ഉപഭോക്തൃ കോടതിയിൽ പറഞ്ഞു.
ഉച്ചയ്ക്ക് വെയിലത്ത് നിർത്തിയിട്ട കാറിനകത്ത് പവർ ബാങ്ക് വച്ചതാണ് അപകടം ഉണ്ടാക്കിയതെന്ന് ആംബ്രെയ്ൻ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് ഫോറത്തിൽ പറഞ്ഞു. തങ്ങൾ ഉൽപ്പാദകരോ വിൽപ്പനക്കാരോ അല്ലെന്ന് സ്‌നാപ്‌ഡീൽ പറഞ്ഞു. പക്ഷെ രണ്ട് വാദവും ഫോറം തളളി. പവർബാങ്കിന് തകരാർ ഉണ്ടായതിനാലാണ് പൊട്ടിത്തെറിച്ചതെന്ന് കോടതി പറഞ്ഞു.