/indian-express-malayalam/media/media_files/uploads/2021/06/cyber-crime.jpg)
ന്യൂഡൽഹി: ഡാർക്ക് വെബിൽ കോവിൻ ഡാറ്റാബേസ് ചോർന്നതായി റിപ്പോർട്ടുകൾ വന്നതിനു പിന്നാലെ അന്വേഷണത്തിന് ആവശ്യപ്പെട്ട് ഐടി മന്ത്രാലയം. ഇന്ത്യൻ കമ്പ്യൂട്ടർ റെസ്പോൺസ് ടീമി (സിഇആർടി-ഇൻ) നോടാണ് വിഷയത്തിൽ അന്വേഷണം നടത്താൻ മന്ത്രാലയം ആവശ്യപ്പെട്ടത്.
"ഞങ്ങൾ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ട്. നമ്മുടെ സിസ്റ്റത്തിലെ ഡാറ്റാബേസുകൾ സംരക്ഷിക്കുന്നതിനും അതിന്റെ സുരക്ഷയ്ക്കും എല്ലാവിധ നടപടികളും സ്വീകരിക്കും. ഇത്തരത്തിലുള്ള ഭീഷണികളെക്കുറിച്ചും ആക്രമണങ്ങളെക്കുറിച്ചും ഞങ്ങൾ ബോധവാന്മാരാണ്, ഡാറ്റാബേസിൽ നുഴഞ്ഞു കയറാനുള്ള എല്ലാ ശ്രമങ്ങളും തടയുന്നത് തുടരും." കോവിന് പ്ലാറ്റ്‌ഫോമിന്റെ ഉത്തരവാദിത്തമുള്ള ദേശീയ ആരോഗ്യ സമിതി സിഇഒ ഡോ. ആർ.എസ് ശർമ്മ പറഞ്ഞു.
പ്രശ്നം നിലവിൽ കൈകാര്യം ചെയ്തിട്ടുണ്ടെന്ന് സിഇആർടി-ഇൻ വൃത്തങ്ങൾ പറഞ്ഞു. മറ്റു ആഭ്യന്തര സൈബർ സെക്യൂരിറ്റി വിദഗ്‌ധരുടെ സഹായത്തോടെ മറ്റു പോരായ്മകൾ ഉണ്ടോയെന്ന് പരിശോധിച്ചു വരികയാണെന്നും പറഞ്ഞു.
"കോവിൻ ആപ്പ് വന്നതിനു ശേഷം പലയിടങ്ങളിൽ നിന്നും നിരന്തര ആക്രമണങ്ങൾ വന്നിരുന്നു. ചിലത് എസ്ക്യുഎൽ (സ്ട്രക്ചേർഡ് ക്വറി ലാംഗ്വേജ്) രീതിയിലും ചിലത് ഡിഡിഒഎസ് (ഡിസ്ട്രിബിയൂട്ടഡ് ഡീനയൽ ഓഫ് സർവീസ്) രീതിയിലുമായിരുന്നു. ഞങ്ങൾ അതിനോട് ജാഗ്രത പുലർത്തുന്നുണ്ട്" ഐടി മന്ത്രാലയത്തിന്റെ വക്താവ് പറഞ്ഞു.
Read Also: കോവാക്സിൻ മൂന്നാം ഘട്ട പരീക്ഷണ വിവരങ്ങൾ 7-8 ദിവസത്തിനുള്ളിൽ പ്രസിദ്ധീകരിക്കും: വി.കെ.പോൾ
വ്യാഴാഴ്ചയാണ് ഇന്ത്യയുടെ കോവിഡ് വാക്സിനേഷൻ രജിസ്‌ട്രേഷൻ സൈറ്റായ കോവിനിന്റെ മുഴുവൻ ഡാറ്റാബേസും ഹാക്ക് ചെയ്യപ്പെട്ടെന്നും ഡാർക്ക്വെബിൽ ചോർന്നെന്നും റിപ്പോർട്ട് വന്നത്. 150 മില്യൺ വരുന്ന വക്സിൻ എടുത്ത ഇന്ത്യക്കാരുടെ വിവരങ്ങൾ ചോർന്നുവെന്നും 800 ഡോളറിന് ഡാർക്ക്വെബിൽ വിൽപനയ്ക്ക് വന്നുവെന്നുമായിരുന്നു റിപ്പോർട്ട്. പേര്, മൊബൈൽ നമ്പർ, ആധാർ കാർഡ് നമ്പർ, ലൊക്കേഷൻ ഉൾപ്പെടയുള്ള വിവരങ്ങൾ ചോർന്നുവെന്നായിരുന്നു റിപ്പോർട്ട്.
വരുന്ന വാർത്ത തെറ്റാണെന്ന് കേന്ദ്ര സർക്കാർ പറഞ്ഞു. എന്നാൽ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്ത ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും അതിന്റെ ഭാഗമായി കോവിൻ ഡാറ്റകൾ സുരക്ഷിതമായാണ് സൂക്ഷിക്കുന്നതെന്ന് വ്യക്തമാക്കാൻ തങ്ങൾ ഉദ്ദേശിക്കുന്നുവെന്നും സർക്കാർ പറഞ്ഞു. കോവിന് പുറത്തുള്ള ആരുമായും കോവിൻ ഡാറ്റകൾ പങ്കുവയ്ക്കുന്നില്ലെന്നും സർക്കാർ വ്യക്തമാക്കി.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.