ന്യൂഡല്‍ഹി: തപാല്‍ ജീവനക്കാരുടെ സമരം അവസാനിപ്പിച്ചു. തപാല്‍ വകുപ്പിലെ തുച്ഛ വരുമാനക്കാരായ ഗ്രാമീണ്‍ ഡക് സേവകര്‍ക്ക് ശമ്പളം പരിഷ്‌കരിച്ച് നല്‍കണം എന്നാവശ്യപെട്ടായിരുന്നു സമരം നടത്തിയിരുന്നത്. 30 ദിവസത്തിനുള്ളില്‍ ശമ്പള വര്‍ദ്ധനവ് ഉണ്ടാവുമെന്ന ഉറപ്പിനെ തുടര്‍ന്നാണ് സമരം പിന്‍വലിക്കാന്‍ ധാരണയായത്.

സമരം പിന്‍വലിച്ച സാഹചര്യത്തില്‍ തപാല്‍ ഉരുപ്പടികള്‍ വെള്ളിയാഴ്‌ച മുതല്‍ വിതരണം ചെയ്യുമെന്നും, കെട്ടികിടക്കുന്നവ യുദ്ധകാലാടിസ്ഥാനത്തില്‍ വിതരണം ചെയ്യുമെന്നും തപാല്‍ ജീവനക്കാര്‍ അറിയിച്ചു. സമരത്തെ തുടര്‍ന്ന് കേരളത്തില്‍ മാത്രം 1.4 കോടി തപാല്‍ ഉരുപ്പടികള്‍ കെട്ടിക്കിടക്കുന്നുണ്ട്.

ദേശീയ തലത്തില്‍ നടത്തിയ സമരത്തില്‍ പല സംസ്ഥാനങ്ങളിലും തപാല്‍ സേവനങ്ങള്‍ പൂർണമായും നിശ്ചലമായിരുന്നു. ഇടത് സംഘടനകളുടേയും, കോണ്‍ഗ്രസ് അനുകൂല സംഘടനകളുടേയും നേതൃത്വത്തിലായിരുന്നു തപാല്‍ ജീവനക്കാരുടെ സമരം.

പത്ത് ദിവസമായി ജീവനക്കാര്‍ സമരം തുടര്‍ന്നു വരികയായിരുന്നു. അത്യാവശ്യ സേവനങ്ങള്‍ പോലും സമരത്തില്‍ നിന്നും ഒഴിവാക്കപ്പെട്ടിരുന്നില്ല. സമരം ചെങ്ങന്നൂര്‍ ഇലക്ഷനിലെ തപാല്‍ വോട്ടുകളേയും ബാധിച്ചിരുന്നു. സമരം പെട്ടന്ന് ഒത്തുതീര്‍പ്പാക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ