ന്യൂഡൽഹി: ഗ്രാമീണ തപാൽ ജീവനക്കാരുടെ ശമ്പളം കേന്ദ്രസർക്കാർ പരിഷ്‌കരിച്ചു. കേന്ദ്ര സർക്കാർ ജീവനക്കാരുടെ മാതൃകയിൽ ക്ഷാമബത്ത വർധിപ്പിക്കാനാണ് കേന്ദ്ര മന്ത്രിസഭാ യോഗത്തിൽ തീരുമാനമായത്.

ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർക്ക് കുറഞ്ഞത് 12,000 രൂപയും അസിസ്റ്റന്റ് ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർക്ക് കുറഞ്ഞത് 10,000 രൂപയും മാസ ശമ്പളമായി നിശ്ചയിച്ചു. 3.07 ലക്ഷം ഡാക് സേവർക്ക് ശമ്പള വർധനവിന്റെ ഗുണം ലഭിക്കും. കൂടാതെ ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ എന്ന തസ്‌തിക അസിസ്റ്റന്റ് ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ എന്നാക്കാനും തീരുമാനമായി. ശമ്പള പരിഷ്‌കരണം ആവശ്യപ്പെട്ട് ഗ്രാമീണ ഡാക് സേവകുമാർ (ജിഡിഎസ്) ഏറെ നാളായി സമരത്തിലായിരുന്നു.

തപാല്‍ വകുപ്പിലെ നാലര ലക്ഷത്തോളം വരുന്ന ജീവനക്കാരില്‍ 2.63 ലക്ഷം തൊഴിലാളികളും ജിഡിഎസുകാരുമാണ്. കേരളത്തില്‍ ഏകദേശം 15,000ത്തോളം ജിഡിഎസ് ജീവനക്കാരുണ്ടാകും. എന്നാല്‍ തുടക്കക്കാരായി എത്തുന്ന ജിഡിഎസ് ജീവനക്കാര്‍ക്ക് ലഭിക്കുന്ന അടിസ്ഥാന വേതനം വെറും 4,500 രൂപയാണ്. മൊത്തം ശമ്പളം 10,000 രൂപയോളം വരുമ്പോള്‍, പ്രതിവര്‍ഷ ശമ്പള വര്‍ധന 60 രൂപ.

ഗ്രാമീണ മേഖലയിലെ തപാല്‍ ജീവനക്കാരുടെ തൊഴിലവസ്ഥയെപ്പറ്റി 2016 നവംബര്‍ 16നാണ് കമലേഷ് ചന്ദ്രാ കമ്മിറ്റി കേന്ദ്രത്തിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. റിപ്പോര്‍ട്ടില്‍ ജിഡിഎസ് തൊഴിലാളികള്‍ക്ക് പ്രതിമാസം ഏറ്റവും കുറഞ്ഞ വേതനം 10,000 രൂപയും ഏറ്റവും കൂടുതല്‍ വേതനം 35,480 ആക്കുക, പ്രതിവര്‍ഷ ശമ്പള വര്‍ധനവ് 3 ശതമാനം ആക്കി വര്‍ധിപ്പിക്കുക, ജിഡിഎസ് പോസ്റ്റ്‌ ഓഫീസുകളില്‍ പ്രവര്‍ത്തിക്കുന്ന തൊഴിലാളികൾക്ക് അസിസ്റ്റന്റ് ബ്രാഞ്ച് പോസ്റ്റ്‌ മാസ്റ്റര്‍ (എബിപിഎം) എന്നും ഡിപ്പാർട്മെന്റ് പോസ്റ്റ്‌ ഓഫീസില്‍ പ്രവര്‍ത്തിക്കുന്ന തൊഴിലാളികൾക്ക് ഡാക്ക് സേവക് (ഡിഎസ്) എന്ന പേര് നല്‍കുക തുടങ്ങിയ ശുപാർശകളും ഉണ്ടായിരുന്നു.

റിപ്പോര്‍ട്ട് സമര്‍പ്പിച്ച ഉടനെ എല്ലാ വാഗ്‌ദാനങ്ങളും നടപ്പിലാക്കും എന്ന് ധനമന്ത്രി വാക്ക് നൽകിയിരുന്നു. എന്നാല്‍ 18 മാസങ്ങള്‍ കഴിഞ്ഞിട്ടും ശമ്പളയിനത്തിൽ യാതൊരു വിധ മാറ്റങ്ങളും ജിഡിഎസ് തൊഴിലാളികള്‍ക്ക് സര്‍ക്കാര്‍ കൊണ്ട് വന്നില്ല. ഇതിനെത്തുടർന്നാണ് ജീവനക്കാർ സമരം തുടങ്ങിയത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ