ന്യൂഡല്‍ഹി: കോവിഡ് മഹാമാരിയുടെ രണ്ടു വര്‍ഷത്തെ ഇടവേളയ്ക്കുശേഷം സ്കൂളുകളിലേക്ക് കുട്ടികള്‍ വന്‍തോതില്‍ എത്തിയതായി വാര്‍ഷിക വിദ്യാഭ്യാസ റിപ്പോര്‍ട്ട് (എഎസ്ഇആര്‍). എന്നാല്‍ പഠന നിലവാരത്തില്‍ വന്‍ ഇടിവ് സംഭവിച്ചതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
2022-ല്‍ സ്കൂളില്‍ അഡ്മിഷന്‍ നേടിയ കുട്ടികളുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ആറിനും 14-നും ഇടയില്‍ പ്രായമുള്ള 98.4 ശതമാനം കുട്ടികളും നിലവില്‍ അഡ്മിഷന്‍ നേടിയിട്ടുണ്ട്. 2018-ല്‍ ഇത് 97.2 ശതമാനം മാത്രമായിരുന്നു.
എന്നാല്‍ അഡ്മിഷന്‍ നേടിയ പെണ്‍കുട്ടികളുടെ എണ്ണത്തില്‍ കുറവ് സംഭവിച്ചിട്ടുണ്ട്. 11-14 വയസിനുമിടയില്‍ പ്രായമുള്ള പെണ്‍കുട്ടികുട്ടികളുടെ എണ്ണം 4.1 (2018) ശതമാനത്തില്‍ നിന്ന് രണ്ടിലേക്ക് (2022) എത്തി.
പക്ഷെ മഹാമാരിയുടെ സ്വാധീനം ഏറ്റവുമധികം ഉണ്ടായത് പഠന നിലവാരത്തിലാണ്. വായനയിലും ഗണിതശാസ്ത്രത്തിലും അടിസ്ഥാന കഴിവുകളിലും കുട്ടികള്‍ പിന്നോട്ടുപോയത് ഭയപ്പെടുത്തുന്ന വസ്തുതയാണ്.
2014-നും 2018-നും ഇടയിൽ, വായനയുടെയും ഗണിതത്തിന്റെയും അടിസ്ഥാനത്തിൽ പഠന നിലവാരം ക്രമേണ ഉയർന്നുകൊണ്ടിരുന്നു. ക്ലാസ് രണ്ടിലെ പാഠപുസ്തകം വായിക്കാൻ കഴിയുന്ന മൂന്നാം ക്ലാസ് വിദ്യാർഥികളുടെ അനുപാതം 2014-ൽ 23.6 ശതമാനത്തിൽ നിന്ന് 2018-ൽ 27.2 ആയി ഉയർന്നിരുന്നു.
എന്നാല്‍ 2022-ല്‍ എത്തിയപ്പോള്‍ വായിക്കാനുള്ള മൂന്നാം ക്ലാസ് വിദ്യാര്‍ഥികളുടെ ശേഷിയില്‍ വലിയ കുറവാണ് സംഭവിച്ചത്. 2018-ല്‍ ഇത് 27.3 ശതമാനമായിരുന്നു. 2022-ല്‍ എത്തിയപ്പോള്‍ ഇത് 20.5 ആയി ചുരുങ്ങി. അഞ്ചാം ക്ലാസ് വിദ്യാര്‍ഥികളില്‍ കൂടുതല്‍ വ്യത്യാസം സംഭവിച്ചിട്ടുണ്ട്. 50.4 (2018) ശതമാനത്തില്‍ നിന്ന് 42.8 ആയി കുറഞ്ഞു.

വായനിയിലെന്നപോലെ ഗണിതശാസ്ത്ര നിലവാരവും പിന്നോട്ടാണ്.
കുറയ്ക്കാനെങ്കിലും അറിയാവുന്ന മൂന്നാം ക്ലാസിലെ കുട്ടികളുടെ ശതമാനം 2018-ല്‍ 28.2 ആയിരുന്നു. ഇത് 2022-ലെത്തിയപ്പോള്‍ 25.9-ലെത്തി. അഞ്ചാം ക്ലാസ് വിദ്യാര്‍ഥികളും എണ്ണം 27.9 (2018) ശതമാനത്തില്‍ നിന്ന് 25.6 ആയി മാറി.
സ്കൂളുകള്‍ തുറന്നശേഷം പഠനനിലവാരം വീണ്ടെടുക്കാനുള്ള ശ്രമങ്ങള്‍ പല സംസ്ഥാനങ്ങളിലും നടക്കുന്നതായാണു കണക്കുകള്‍ സൂചിപ്പിക്കുന്നത്.
ഛത്തീസ്‌ഗഢില്‍ രണ്ടാം ക്ലാസിലെ പാഠപുസ്തം വായിക്കാന്‍ കഴിയുന്ന മൂന്നാം ക്ലാസ് വിദ്യാര്‍ഥികളുടെ എണ്ണം 2021-ല്‍ 12.3 ശതമാനമായി കുറഞ്ഞിരുന്നു. എന്നാല്‍ 2022-ല്‍ ഇത് 24.2 ആയി ഉയര്‍ന്നു. പശ്ചിമ ബംഗാളിലും ഉയര്‍ച്ചയാണ് സംഭവിച്ചിരിക്കുന്നത്. 2021-ല്‍ 29.5 ശതമാനമായിരുന്നുത് 2022-ലെത്തിയപ്പോള്‍ 33-ലെത്തി.
കണക്കിലും സമാനമായി മികവ് ഉയര്‍ന്നിട്ടുണ്ട്. മൂന്നാം ക്ലാസ് വിദ്യാര്‍ഥികളുടെ കണക്കിലെ മികവ് ഒന്‍പത് ശതമാനത്തിലേക്ക് (2021) കൂപ്പുകുത്തിയിരുന്നു. എന്നാല്‍ 2022-ല്‍ 19.6 ശതമാനമായി ഉയര്‍ന്നു. കര്‍ണാടകയില്‍ ഇത് 17.3 (2021) ശതമാനത്തില്‍ നിന്ന് 22.2 ആയി. പശ്ചിമ ബംഗാളില്‍ 29.4 (2021) ശതമാനമായിരുന്നു പഠനമികവ്. ഇത് 34.2 ശതമാനമായി ഉയര്‍ന്നു.
സര്‍ക്കാര്‍ സ്കൂളുകള്‍ തിരഞ്ഞെടുക്കുന്ന കുട്ടികളുടെ എണ്ണത്തിലും വര്‍ധനവ് സംഭവിച്ചിട്ടുണ്ട്. 2018-ല്‍ ഇത് 65 ശതമാനം മാത്രമായിരുന്നു. 2022-ലെത്തിയപ്പോള്‍ ഇത് 71.7 ശതമാനമായി ഉയര്‍ന്നു.
രാജ്യത്തെ 616 ജില്ലകളിലെ ഏഴ് ലക്ഷത്തോളം വിദ്യാര്‍ഥികളെ ഉള്‍പ്പെടുത്തിയാണ് സര്‍വേ നടത്തിയിരിക്കുന്നത്.