ന്യൂഡല്‍ഹി: മധ്യപ്രദേശിലെ മൊറേനയില്‍ വ്യോമസേനയുടെ(ഐഎഎഫ്) രണ്ടു വിമാനങ്ങള്‍ തകര്‍ന്നു വീണ അപകടത്തില്‍ കോര്‍ട്ട് ഓഫ് എന്‍ക്വയറി പ്രഖ്യാപിച്ചു. അപകട കാരണം കണ്ടെത്തുന്നതിന് അന്വേഷണ സഘത്തെ നിയമച്ചതായും ഇത്തരം വിപുലമായ പരിശീലന ദൗത്യങ്ങളിലെ സങ്കീര്‍ണ്ണതയും നിലവാരവും പൈലറ്റുമാരുടെ നൈപുണ്യ നിലവാരവും കണക്കിലെടുക്കുമ്പോള്‍ വിശദമായ അന്വേഷണം പൂര്‍ത്തിയാകുന്നതിന് മുമ്പ് ഊഹാപോഹങ്ങള്‍ പറയുക പ്രയാസമാണെന്നും മുന്‍ ഐഎഎഫ് വിദഗ്ധര്‍ ഉള്‍പ്പെടെയുള്ളവര്‍ ഇന്ത്യന്‍ എക്പ്രസിനോട് പറഞ്ഞു.
അപകടത്തിന്റെ റിപ്പോര്‍ട്ടുകളുടെ പ്രാഥമിക വിശകലനം, രണ്ട് വിമാനങ്ങളും ഒരേ എയര്‍ ബേസില്‍ നിന്ന് പറന്നുയരുകയും ഒരേ സമയം തകര്‍ന്നു വീഴുകയും അവശിഷ്ടങ്ങള്‍ ഒരേ പ്രദേശത്ത് കണ്ടെത്തുകയും ചെയ്ത സാഹചര്യത്തില്‍ കൂട്ടിയിടി ഉണ്ടാകാനുള്ള സാധ്യതയിലേക്ക് വിരല്‍ ചൂണ്ടുന്നു.
‘ഏത് ഘട്ടത്തിലാണ് തകരാറ് സംഭവിച്ചതെന്ന് ഞങ്ങള്‍ക്ക് അറിയില്ല. ഇതുടീമുകളും തമ്മില്‍ ബന്ധപ്പെട്ടിരുന്നുന്നോ പിന്നീട് കൂട്ടിയിടി സംഭവിച്ചോ എന്നിവയും അന്വേഷണം വെളിച്ചം വീശുന്ന കാര്യങ്ങളാണിവ,” യുദ്ധ പരിശീലനത്തില്‍ പരിചിതനായ ഐഎഎഫ് വിദഗ്ധന്‍ പറഞ്ഞു. ടാക്റ്റിക്സ് ആന്‍ഡ് എയര്‍ കോംബാറ്റ് ഡെവലപ്മെന്റ് എസ്റ്റാബ്ലിഷ്മെന്റില്‍ മികച്ച യുദ്ധ തന്ത്രങ്ങള്‍ വികസിപ്പിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു. ”യുദ്ധാന്തരീക്ഷവും കരുനീക്കങ്ങളും കൂടുതല്‍ സങ്കീര്‍ണ്ണമാകുമ്പോള്‍ അപകടസാധ്യത കൂടുതലാണ്. ഇതൊരു നല്ല സാഹചര്യമല്ല,’ ഓഫീസര്‍ കൂട്ടിച്ചേര്‍ത്തു. ഇത്തരം അപകടങ്ങള്‍ സാധാരണമല്ല. അത്തരമൊരു സങ്കീര്‍ണ്ണമായ പരിശീലന ദൗത്യം ഏറ്റെടുക്കുന്നതിന് മുമ്പ് ധാരാളം മുന്‍കരുതലുകളും തയ്യാറെടുപ്പുകളും പരിശീലനവും നടക്കുന്നു. വ്യോമയാന ചരിത്രകാരന്‍ അഞ്ചിത് ഗുപ്ത ഇന്ത്യന്‍ എക്സ്പ്രസിനോട് പറഞ്ഞു.