വാഷിങ്ടണ്‍: മെയ് മാസത്തില്‍ നടക്കാന്‍ പോകുന്ന ലോക്‌സഭ തിരഞ്ഞെടുപ്പിന് മുമ്പ് ഇന്ത്യയില്‍ വര്‍ഗീയ കലാപത്തിന് സാധ്യതയുള്ളതായി യുഎസ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. ബിജെപി തീവ്രഹിന്ദുത്വ നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണെങ്കില്‍ കലാപത്തിനുള്ള സാധ്യത കൂടുതലാണെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

യുഎസ് ഇന്റലിജന്‍സ് ഡയറക്ടര്‍ ഡാനിയല്‍ കോട്ട്‌സ് ചൊവ്വാഴ്ച സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ പകര്‍പ്പുകള്‍, സിഐഎ, എഫ്ബിഐ, എന്‍എസ്എ, ജിന ഹാസ്‌പെല്‍, ക്രിസ്റ്റഫര്‍ റേ, പോള്‍ നകാസോണ്‍ എന്നിവര്‍ക്കും കൈമാറും. ഇന്ത്യയിലെ വര്‍ഗ്ഗീയകലാപം ആഗോള ഭീഷണിയായിരിക്കുമെന്നും ഈ കത്തില്‍ പറയുന്നു. മോദിയുടെ ഭരണകാലത്ത് ബിജെപിയുടെ നയങ്ങള്‍ ചില സംസ്ഥാനങ്ങളില്‍ വര്‍ഗ്ഗീയ സംഘര്‍ഷങ്ങള്‍ സൃഷ്ടിച്ചുവെന്നാണ് ഇവരുടെ കണ്ടെത്തല്‍.

‘ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഭാരതീയ ജനതാ പാര്‍ട്ടിയും തീവ്രഹിന്ദുത്വ നിലപാടുകളില്‍ ഉറച്ചു നിന്നാല്‍ ലോക്‌സഭ തിരഞ്ഞെടുപ്പിന് മുമ്പ് ഇന്ത്യയില്‍ വര്‍ഗീയ കലാപത്തിനുള്ള സാധ്യത കൂടുതലാണ്,’ നാഷണല്‍ ഇന്റലിജന്‍സ് മേധാവി ഡാന്‍ കോട്ട്‌സ് കമ്മിറ്റിക്കു മുമ്പില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.

അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സികളുടെ തലവന്മാരെല്ലാവരും സെനറ്റ് കമ്മിറ്റിക്ക് മുമ്പാകെ ഹാജരായി. സിഐഎ ഡയറക്ടര്‍ ജിന ഹാസ്പെല്‍, എഫ്ബിഐ ഡയറക്ടര്‍ ക്രിസ്റ്റഫര്‍ റേയ്, പ്രതിരോധ രഹസ്യാന്വേഷണ വിഭാഗം മേധാവി റോബര്‍ട്ട് ആഷ്ലി എന്നിവരും കോട്ട്സിനൊപ്പമുണ്ടായിരുന്നു.

അഫ്ഗാനിസ്ഥാനില്‍ ജൂലൈ മധ്യത്തോടെ നടക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പ്, താലിബാന്റെ വര്‍ധിക്കാനിടയുള്ള ഭീകരാക്രമണങ്ങള്‍, ഭീകരസംഘടനകളോട് പാക്കിസ്ഥാന്‍ സ്വീകരിക്കുന്ന മൃദുസമീപനം, തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ഇന്ത്യയിലുണ്ടാകാനിടയുള്ള വര്‍ഗീയ കലാപങ്ങള്‍ എന്നിവയാണ് തെക്കന്‍ ഏഷ്യന്‍ രാജ്യങ്ങളെ സംബന്ധിച്ച റിപ്പോര്‍ട്ടില്‍ പറയുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook