ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് മൂന്നാം തരംഗം ശമിക്കുന്നതായി സൂചനയെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളുമായി 34 ഇടങ്ങളില്‍ രോഗവ്യാപനം കുറഞ്ഞതായി മന്ത്രാലയം വ്യക്തമാക്കി. കഴിഞ്ഞ വാരത്തില്‍ രാജ്യത്തെ 297 ജില്ലകളിലാണ് ടിപിആര്‍ 10 ശതമാനത്തിന് മുകളിലുള്ളത്. നേരത്തെ 406 ജില്ലകളിലായിരുന്നു പ്രസ്തുത സാഹചര്യം.
“മൂന്നാം തരംഗത്തില്‍ ഏറ്റവും അധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് ജനുവരി 21 നാണ്, 3.47 ലക്ഷം. കഴിഞ്ഞ മേയ് ഏഴിന് പ്രതിദിന കേസുകള്‍ നാല് ലക്ഷം കവിഞ്ഞിരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 1.49 ലക്ഷം കേസുകള്‍ മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. 20 ശതമാനത്തിന് മുകളിലെത്തിയിരുന്ന ടിപിആര്‍ 10 ലേക്ക് എത്തി,” ജോയിന്റ് ഹെല്‍ത്ത് സെക്രട്ടറി ലാവ് അഗര്‍വാള്‍ അറിയിച്ചു.
കേരളത്തിലും മിസോറാമിലുമാണ് കേസുകളും ടിപിആറും വര്‍ധിക്കുന്നതായി കേന്ദ്രം ചൂണ്ടിക്കാണിച്ചു. കേരളത്തിലെ ടിപിആര്‍ കഴിഞ്ഞ വാരം 13.3 ശതമാനത്തില്‍ നിന്ന് 47 ലേക്ക് എത്തിയിരുന്നു. എന്നാല്‍ ഇന്നലെ സംസ്ഥാനത്തെ ടിപിആര്‍ 37 ആണ്. മിസോറാമില്‍ ടിപിആര്‍ 17 ല്‍ നിന്ന് 34.1 ആയി വര്‍ധിച്ചതായും അഗര്‍വാള്‍ അറിയിച്ചു.
“രാജ്യത്തെ 268 ജില്ലകളില്‍ ടിപിആര്‍ അഞ്ച് ശതമാനത്തില്‍ താഴെയാണ്. സ്കൂള്‍ തുറക്കുന്നത് മുതലുള്ള നടപടികളിലേക്ക് പ്രസ്തുത ജില്ലകള്‍ക്ക് കടക്കാവുന്നതാണ്. മഹാമാരി ശമിക്കുന്നത് കൂടുതല്‍ ഇളവുകളിലേക്ക് പോകാമെന്നതിന്റെ സൂചനയാണ്,” നീതി ആയോഗ് അംഗം ഡോ. വി.കെ.പോള്‍ പറഞ്ഞു.
“11 സംസ്ഥാനങ്ങളില്‍ സ്കൂളുകള്‍ പൂര്‍ണമായും തുറന്ന് പ്രവര്‍ത്തിക്കുന്നുണ്ട്. 16 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണപ്രദേശങ്ങളിലും ഭാഗികമായും പ്രവര്‍ത്തനം പുരോഗമിക്കുന്നു. ഒന്‍പത് സംസ്ഥാനങ്ങളില്‍ സ്കൂളുകള്‍ അടച്ചിട്ടിരിക്കുകയാണ്. എല്ലാ സംസ്ഥാനങ്ങളിലേയും അധ്യാപകരില്‍ 95 ശതമാനത്തിലധികം പേരും വാക്സിന് സ്വീകരിച്ചവരാണ്,” വിദ്യാഭ്യാസ വകുപ്പ് ജോയിന്റ് സെക്രട്ടറി എല്‍.സ്വീതി ചാങ്സണ് വ്യക്തമാക്കി.
രാജ്യത്ത് വാക്സിന് സ്വീകരിച്ചവരില്‍ 36.1 ശതമാനം ആളുകള്‍ക്കാണ് ഓക്സിജന്റെ സഹായം ആവശ്യമായുള്ളത്, വെന്റിലേറ്ററിന്റേത് അഞ്ച് ശതമാനവും. കത്തിവയ്പ്പെടുക്കാത്തവരില് 45.5 ശതമാനം ആളുകള്‍ക്ക് ഓക്സിജന്റെ സഹായം വേണം, 11 ശതമാനത്തിന് വെന്റിലേറ്ററിന്റേയും.
Also Read: രാജ്യത്തെ കോവിഡ് മരണസംഖ്യ അഞ്ച് ലക്ഷം കടന്നു; പുതിയ കേസുകള്‍ കുറയുന്നു