ന്യൂഡല്‍ഹി: ആദായനികുതി ഉദ്യോഗസ്ഥരെന്ന് പറഞ്ഞ് വ്യവസായിയുടെ വീട്ടിൽ മോഷണത്തിനെത്തിയ സംഘത്തെ നാട്ടുകാർ പിടികൂടി ‘കൈകാര്യം’ ചെയ്തു. സൗത്ത് ഡല്‍ഹിയിലെ രമേഷ് ചന്ദ് എന്ന വ്യവസായിയുടെ വീട്ടിലാണ് ഞായറാഴ്ച പുലര്‍ച്ചെ ഒമ്പതോടെയാണ് ആറംഗസംഘം ആദായനികുതി ഉദ്യോഗസ്ഥരെന്ന വ്യാജേന എത്തിയത്.

ഇലക്ട്രോണിക് സാധനങ്ങളുടെ വ്യവസായിയാണ് രമേഷ് ചന്ദ് വീട്ടില്‍നി ഹരിയാന സര്‍ക്കാരിന്റെ സ്റ്റിക്കര്‍ ഒട്ടിച്ച ടാറ്റാ സഫാരിയിലും ഹോണ്ടാ സിറ്റിയിലുമായാണ് ഇവരെത്തിയത്. 20 കോടി രൂപയുടെ നികുതി വെട്ടിപ്പ് കണ്ടെത്തിയിട്ടുണ്ടെന്നും ഇതേക്കുറിച്ചുള്ള അന്വേഷണത്തിനെത്തിയതാണെന്നുമായിരുന്നു ഇവരുടെ പറഞ്ഞത്. തുടര്‍ന്ന് കുടുംബാംഗങ്ങളുടെ ഫോണുകളും ഇവര്‍ വാങ്ങിവച്ചു.

തുടര്‍ന്ന് ഇരുപത് ലക്ഷം വീട്ടിനുള്ളില്‍നിന്ന് കൈക്കലാക്കുകയും പുറത്ത് നിര്‍ത്തിയിട്ടിരുന്ന കാറില്‍ കൊണ്ടുപോയി വയ്ക്കുകയും ചെയ്തു. എന്നാല്‍ ഇവരുടെ പെരുമാറ്റത്തില്‍ അസ്വാഭാവികത തോന്നിയതോടെ രമേഷിന്റെ മകള്‍ പരിസരത്തുണ്ടായിരുന്ന പോലീസ് മിത്ര സഞ്ജയ് റാവുവിനോട് വിവരം പറഞ്ഞു.

സഞ്ജയ് വീടിനകത്തെത്തുകയും ആറംഗസംഘത്തോട് വിവരങ്ങള്‍ ചോദിക്കാനും തുടങ്ങി. “തിരിച്ചറിയല്‍ കാര്‍ഡ്‌ കാണിക്കാന്‍ ആവശ്യപ്പെട്ടതോടെ ലാമിനേറ്റ് ചെയ്ത ഒരു കാര്‍ഡ് വളരെ പെട്ടെന്ന് കാണിച്ച് തിരിച്ചു വച്ചു. അപ്പോള്‍ തന്നെ തോന്നി അവ വ്യാജമാണെന്ന്”- സഞ്ജിവ് മിത്ര പറഞ്ഞു.

ഇതോടെ ഉദ്യോഗസ്ഥര്‍ വ്യാജന്മാരാണെന്ന് വീട്ടുകാര്‍ക്കു മനസ്സിലായി. തുടര്‍ന്ന് നൂറ്റമ്പതിലധികം ആളുകളാണ് രമേഷിന്റെ വീടിനു ചുറ്റും തടിച്ചുകൂടിയത്. ചിലര്‍ അകത്തെത്തുകയും ഉദ്യോഗസ്ഥരെ കാര്യമായി തന്നെ ചോദ്യം ചെയ്തു. തുടര്‍ന്ന് മോഷ്ടാക്കളെ പോലീസിനു കൈമാറുകയും ചെയ്തു.

സംഘാംഗങ്ങള്‍ എല്ലാവരും ഉദ്യോഗസ്ഥരായി ചമയുകയായിരുന്നെന്ന് സൗത്ത് ഡല്‍ഹി അഡീഷണല്‍ ഡെപ്യൂട്ടി കമ്മീഷണര്‍ ചിന്‍മോയി ബിസ്വാള്‍ പറഞ്ഞു. മിതേഷ് കുമാര്‍, നൗന്‍ഹ്യാല്‍, യോഗേഷ് കുമാര്‍, ഗോവിന്ദ് ശര്‍മ., അമിത് അഗര്‍വാള്‍, പര്‍വിന്ദര്‍ എന്നിവരാണ് പ്രതികളെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook