പോർട്ട് ബ്ലെയർ: ”അയാൾ രാജ്യത്തെ ഉന്നതനും ശക്തനുമായ ഒരാളാണ്. അദ്ദേഹം വളരെ സ്‌പെഷ്യലായ പെൺകുട്ടികളെയാണ് നോക്കുന്നത്.” ബലാത്സംഗത്തിന് ഇരയായ 21കാരിയെ അന്നത്തെ ചീഫ് സെക്രട്ടറി ജിതേന്ദ്ര നരേന്റെ ഔദ്യോഗിക വസതിയിലേക്ക് വിളിപ്പിക്കുന്നതിന് മുമ്പ് റെക്കോർഡ് ചെയ്ത രണ്ട് മിനിറ്റ് കോൺഫറൻസ് കോളിൽ നിന്നുള്ള വാക്കുകളാണിത്.
യുവതിയും ഹോട്ടൽ ഉടമയായ റിങ്കു എന്ന സന്ദീപ് സിങ്ങും തമ്മിലുള്ള സംഭാഷണമാണിത്. അന്നത്തെ ലേബർ കമ്മീഷണർ ആർ.എൽ.ഋഷിയും ഈ കോളിലുണ്ടായിരുന്നു. സംഭാഷണത്തിനിടയിൽ യുവതിയെ സന്ദീപ് ലേബർ കമ്മിഷണർക്ക് പരിചയപ്പെുത്തി കൊടുത്തു.
കഴിഞ്ഞ ആഴ്ചയാണ് നരേനെ ആൻഡമാൻ ആൻഡ് നിക്കോബർ പൊലീസ് അറസ്റ്റ് ചെയ്തത്. നവംബർ 10 ന് പോർട്ട് ബ്ലെയറിലെ സെഷൻസ് കോടതി നരേന്റെ ജാമ്യം നിഷേധിച്ചിരുന്നു. ഒക്ടോബർ ഒന്നിന് എഫ്ഐആർ രജിസ്റ്റർ ചെയ്തതിനു പിന്നാലെ റിങ്കുവും ഋഷിയും ഒളിവിൽ പോയി. ഇരുവരെയും പിടികൂടാൻ സഹായിക്കുന്നവർക്കായി ആൻഡമാൻ പൊലീസ് പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.
കർണാലിൽ നിന്ന് ഒഡീഷയിലെ ഭുവനേശ്വറിലേക്ക് ക്യാബിൽ രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് റിങ്കുവിനെ അറസ്റ്റ് ചെയ്തതെന്ന് ഡൽഹി പൊലീസ് പറഞ്ഞു. പോർട്ട് ബ്ലെയറിൽ നിന്ന് രക്ഷപ്പെട്ട റിങ്കു ഡൽഹി, കൊൽക്കത്ത, ധരിവാൾ എന്നിവിടങ്ങളിൽ ഒളിവിൽ കഴിയുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.
ഞായറാഴ്ച പോർട്ട് ബ്ലെയർ പൊലീസ് റങ്കുവിനെ കസ്റ്റഡിയിലെടുത്തു. റിങ്കുവുമായി ബന്ധപ്പെട്ടതായി അറിയാവുന്ന ആളുകളുടെ കോൾ വിവരങ്ങൾ ചോർത്തിയും, ചില പണമിടപാടുകളുമാണ് ഹോട്ടലുടമയെ പിടികൂടുന്നതിലേക്ക് നയിച്ചതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ഋഷിയെ ഇതുവരെ പിടികൂടാനുണ്ട്.
റിങ്കുവിന്റെ അറസ്റ്റിന് ശേഷം, ഹരിദ്വാറിലും ഋഷികേശിലുമുള്ള നൂറിലധികം ഹോട്ടലുകളിലും അതിഥി മന്ദിരങ്ങളിലും ഋഷികേശിനായി തങ്ങളുടെ സംഘം പരിശോധന നടത്തിയതായി ഡൽഹി പൊലീസിന്റെ ക്രൈംബ്രാഞ്ചിന്റെ സതേൺ റേഞ്ച് അറിയിച്ചു.
കേസിലെ നിർണായകമായ തെളിവായ ഓഡിയോ ക്ലിപ്പ് സ്പെഷ്യൽ ഇൻവെസ്റ്റിഗേറ്റിങ് ടീമിന് ഇരുപത്തിയൊന്നുകാരി കൈമാറിയിരുന്നു. ഈ ഓഡിയോ ക്ലിപ്പിനെക്കുറിച്ചുള്ള വാർത്ത ഒക്ടോബർ 15 ന് ആദ്യം റിപ്പോർട്ട് ചെയ്ത് ദി ഇന്ത്യൻ എക്സ്പ്രസാണ്.
നരേന്റെ പേര് ഒരിക്കലും പറയരുതെന്നും ഈ സന്ദർശനം രഹസ്യമായിരിക്കണമെന്നും കോളിൽ റിങ്കു പെൺകുട്ടിയോട് പറയുന്നുണ്ട്. ”വളരെ രഹസ്യമായിരിക്കണം. ടെലിഫോണിൽ അദ്ദേഹത്തിന്റെ പേര് പറയരുത്. ഫോൺ കോൾ ചോർത്തിയേക്കാം.” പോർട്ട് ബ്ലെയറിലെ ചീഫ് സെക്രട്ടറിയുടെ ഔദ്യോഗക വസതിയിലേക്ക് പോകുന്നതിനു മുൻപായി പെൺകുട്ടിയോട് പറഞ്ഞതാണിത്. വസതിയിൽ എത്തിയ പെൺകുട്ടിയെ നരേനും ഋഷിയും ചേർന്ന് ബലാത്സംഗം ചെയ്യുകയായിരുന്നു.
റിങ്കുവാണ് തന്നെ ഋഷിക്ക് പരിചയപ്പെടുത്തിയതെന്നും, അയാൾക്കൊപ്പമാണ് ചീഫ് സെക്രട്ടറിയുടെ വസതിയിലേക്ക് പോയതെന്നും യുവതി ദി ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു. പോർട്ട് ബ്ലെയറിലെ റിങ്കുവിന്റെ ദേസി ലംഗ് ഹോട്ടലിനു പുറത്തുവച്ചാണ് പരിചയപ്പെട്ടത്. ഗെയ്ഡായ യുവതി വിനോദ സഞ്ചാരികളെ ഡിന്നറിനായി കൊണ്ടുപോയത് റിങ്കുവിന്റെ ഹോട്ടലിൽ ആയിരുന്നു.
ഈ ചെറിയ ജോലി ചെയ്യുന്നത് എന്തിനാണെന്നും സ്ഥിരമായ നല്ലൊരു ജോലി അധികം വൈകാതെ താൻ ശരിയാക്കി നൽകാമെന്നും റിങ്കു യുവതിയോട് പറഞ്ഞു. അതിനുശേഷമാണ് ലേബർ കമ്മിഷണറായ ഋഷിയെ പരിചയപ്പെടുത്താനായി അദ്ദേഹത്തിന്റെ ഓഫിസിലേക്ക് യുവതിയെ കൊണ്ടുപോയത്. ഒരു മാസത്തിനുശേഷമാണ് ഈ ഫോൺ കോൾ (യുവതി റെക്കോർഡ് ചെയ്ത) എത്തുന്നത്. പോർട്ട് ബ്ലയറിലെ വിഐപി റോഡ് വഴിയാണ് ചീഫ് സെക്രട്ടറിയുടെ വസതിയിലേക്ക് ഋഷി തന്നെ കൂട്ടിക്കൊണ്ടുപോയതെന്ന് യുവതി പറഞ്ഞു.