എസ്പറാന്സ: ഹുക്ക വലിച്ച് അവശതയിലായ പ്രശസ്ത മോഡല്‍ ജെന്നിഫര്‍ മുനോസ് മരിച്ചു. അര്‍ജന്റീനയില്‍ സുഹൃത്തുക്കള്‍ക്കൊപ്പം നിശാക്ലബ്ബില്‍ ആഘോഷിക്കുന്നതിനിടെയാണ് ജെന്നിഫറിന് നെഞ്ചുവേദനയും അസ്വസ്ഥതയും അനുഭവപ്പെട്ടത്. മദ്യപിച്ചതിന് ശേഷം ഹുക്ക വലിച്ചതിന് പിന്നാലെയാണ് ജെന്നിഫര്‍ നെഞ്ചുവേദനയുണ്ടെന്ന് പറഞ്ഞതെന്ന് സുഹൃത്തുക്കള്‍ പറഞ്ഞു. തുടര്‍ന്ന് ജെന്നിഫറിനെ എസ്പറാന്സയിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ഡോക്ടര്‍മാര്‍ ഇഞ്ചെക്ഷന് നല്‍കിയെങ്കിലും മരണപ്പെടുകയായിരുന്നു. ശ്വാസകോശത്തിലുണ്ടായ സങ്കീര്‍ണത കാരണം ജെന്നിഫര്‍ കോമയിലേക്ക് വീണതായും ഡോക്ടര്‍മാര്‍ പറഞ്ഞു. ഹുക്ക വലിച്ചതിനെ തുടര്‍ന്ന് ശ്വാസകോശത്തിനും ഹൃദയത്തിനും സാരമായ പൊളളലുണ്ട്. ജെന്നിഫറിന് ഒരു പെണ്‍കുഞ്ഞുണ്ട്.
സംഭവത്തില്‍ ഞെട്ടല്‍ രേഖപ്പെടുത്തി ജെന്നിഫറിന്റെ ആരാധകര്‍ സോഷ്യൽ മീഡിയയില്‍ പോസ്റ്റുകള്‍ ഷെയര്‍ ചെയ്തു. ഹൃദയത്തിലും ശ്വാസകോശത്തിലും ഉണ്ടാകുന്നവയടക്കം പല രോഗങ്ങള്‍ക്കും പുകവലി കാരണമാകുമെന്ന് നമുക്ക് അറിയാവുന്നതാണ്. അതേ അപകടങ്ങള്‍ ഹുക്ക വലിക്കുന്നത് മൂലവും ഉണ്ടാകും. ഉപയോഗിക്കുന്നവരെ ആകര്‍ഷിക്കാനായി പല രുചികളില്‍ ഹുക്ക ലഭിക്കും. പൊതുവെ ഹുക്കയില്‍ പുകയില എരിക്കുന്നതിനായി കല്‍ക്കരിയാണ് ഉപയോഗിക്കുന്നത്. ഇതിന്റെ പുകയില്‍ കാര്‍ബണ്‍ മോണോക്സൈഡ് പോലുള്ള ദോഷകരമായ രാസഘടകങ്ങള്‍ അടങ്ങിയിരിക്കുന്നു.
ഹുക്ക എന്ന് കേള്‍ക്കുമ്പോള്‍ അത്ര പ്രശ്നമൊന്നുമില്ലെന്ന് തോന്നുമെങ്കിലും ഇത് സിഗരറ്റിനെക്കാള്‍ പ്രശ്നക്കാരനാണെന്ന് പഠനം. ആരോഗ്യമുള്ള 48 ആളുകളെയാണ് ഗവേഷകര്‍ പരിശോധനയ്ക്ക് വിധേയമാക്കിയത്. ഹുക്ക വലിക്കുന്നതിന് മുന്‍പും ശേഷവും ഇവരുടെ ഹൃദയമിടിപ്പ് രക്തസമ്മര്‍ദ്ദം, ധമനികളുടെ കാഠിന്യം, രക്തത്തിലെ നിക്കോട്ടിന്റെ അളവ്, പുറത്തുവിടുന്ന കാര്‍ബണ്‍ മോണോക്സൈഡിന്റെ അളവ് എന്നിവ പരിശോധിച്ചു. 30 മിനിറ്റ് ഹുക്ക വലിക്കാനാണ് സംഘം ആവശ്യപ്പെട്ടത്. അരമണിക്കൂര്‍ ഹുക്ക വലിച്ച ശേഷം ഹൃദയമിടിപ്പ് സാധാരണയുള്ളതിനേക്കാള്‍ 16 എണ്ണം വര്‍ധിച്ചതായി കണ്ടെത്തി. രക്തസമ്മര്‍ദ്ദവും വര്‍ദ്ധിച്ചു.