ന്യൂഡല്‍ഹി: പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെ (പിഎഫ്ഐ) നിയമവിരുദ്ധ സംഘടനകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. അഞ്ച് വര്‍ഷത്തേക്ക് പിഎഫ്ഐയേയും അനുബന്ധ സംഘടനകളേയും നിരോധിച്ചു. ഇത് സംബന്ധിച്ചുള്ള ഉത്തരവ് ആഭ്യന്തര മന്ത്രാലയം പുറത്തിറക്കി.
റീഹാബ് ഇന്ത്യ ഫൗണ്ടേഷന്‍, ക്യാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യ, ഓള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍, നാഷണല്‍ കോണഫെഡറേഷന്‍ ഓഫ് ഹ്യൂമന്‍ റൈറ്റ്സ് ഓര്‍ഗനൈസേഷന്‍, നാഷണല്‍ വിമന്‍സ് ഫ്രണ്ട്, ജൂനിയര്‍ ഫ്രണ്ട്, എമ്പവര്‍ ഇന്ത്യ ഫൗണ്ടേഷന്‍, റീഹാബ് ഫൗണ്ടേഷന്‍ കേരളം എന്നിവയാണ് നിരോധിച്ച പിഎഫ്ഐയുടെ അനുബന്ധ സംഘടനകള്‍.
രാജ്യത്തിന്റെ സുരക്ഷയ്ക്കും പൊതുസമാധാനത്തിനും വിരുദ്ധമായി തീവ്രവാദത്തെ പിന്തുണയ്ക്കുന്ന നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ പിഎഫ്ഐയും അനുബന്ധ സംഘടനകളും ഏര്‍പ്പെടുന്നു എന്നാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവില്‍ പറയുന്നത്.
ഇന്നലെ സംസ്ഥാന പൊലീസിന്റേയും ആന്റി ടെറര്‍ സ്ക്വാഡിന്റേയും (എടിഎസ്) രാജ്യവ്യാപകമായി പിഎഫ്ഐ കേന്ദ്രങ്ങളില്‍ റെയ്ഡ് നടന്നിരുന്നു. കര്‍ണാടക, ഡല്‍ഹി, കേരളം, മഹാരാഷ്ട്ര, ഉത്തര്‍ പ്രദേശ്, തെലങ്കാന, മധ്യപ്രദേശ് എന്നിവിടങ്ങളിലായിരുന്നു റെയ്ഡ് നടന്നത്. 270 പേരെയാണ് ഇതുവരെ അറസ്റ്റ് ചെയ്തിരിക്കുന്നത്.
കഴിഞ്ഞ വ്യാഴാഴ്ച എന്‍ഐഎയുടെ നേതൃത്വത്തിലായിരുന്നു രാജ്യത്ത് റെയ്ഡുകള്‍ നടന്നത്. 15 സംസ്ഥാനങ്ങളിലായിരുന്നു നടപടി. നൂറിലധികം പിഎഫ്ഐ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തിരുന്നു. സംഘടനയുടെ ചെയര്‍മാന്‍ ഒ എം എ സലാമും പിടിയിലായവരില്‍ ഉള്‍പ്പെടുന്നു. നേതാക്കളുടെ അറസ്റ്റിന് പിന്നാലെ പിഎഫ്ഐ കേരളത്തില്‍ ഹര്‍ത്താല്‍ പ്രഖ്യാപിക്കുകയും വ്യാപക ആക്രമണങ്ങള്‍ നടത്തുകയും ചെയ്തിരുന്നു.