scorecardresearch
Latest News

തമിഴ്നാട് മുഖ്യമന്ത്രിയെ വിമര്‍ശിച്ച കാര്‍ട്ടൂണിസ്റ്റിനെ അറസ്റ്റ് ചെയ്തു

ഒരു കുട്ടി നിലത്ത് പൊളളലേറ്റ് മരിച്ചു കിടക്കുമ്പോള്‍ പണം കൊണ്ട് നാണം മറയ്ക്കുന്ന ഭരണാധികാരികളെ ആണ് ബാല കാര്‍ട്ടൂണിലൂടെ വരച്ച് കാട്ടുന്നത്

തമിഴ്നാട് മുഖ്യമന്ത്രിയെ വിമര്‍ശിച്ച കാര്‍ട്ടൂണിസ്റ്റിനെ അറസ്റ്റ് ചെയ്തു

ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയെ വിമര്‍ശിച്ച് കാര്‍ട്ടൂണ്‍ വരച്ച പ്രശസ്ത സ്വതന്ത്ര്യ കാര്‍ട്ടൂണിസ്റ്റായ ജി ബാലയെ ക്രൈം ബ്രാഞ്ച് സംഘം അറസ്റ്റ് ചെയ്തു. ജില്ലാ ഭരണാധികാരിയേയും മുഖ്യമന്ത്രിയേയും പരിഹസിക്കുന്ന കാര്‍ട്ടൂണ്‍ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തതിനാണ് നടപടി. തമിഴ്നാട്ടില്‍ ഫെയ്സ്ബുക്കില്‍ മാത്രം 65,000ത്തില്‍ അധികം ഫോളോവേഴ്സ് ഉളള പ്രമുഖ കാര്‍ട്ടൂണിസ്റ്റാണ് ബാല.

തമിഴ്നാട്ടിലെ രാഷ്ട്രീയ സംഭവവികാസങ്ങളെ ആക്ഷേപഹാസ്യത്തിന് വിധേയമാക്കുന്ന ബാലയുടെ കാര്‍ട്ടൂണുകള്‍ ഏറെ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിട്ടുണ്ട്. തിരുനല്‍വേലി കലക്ടറേറ്റിന് മുമ്പില്‍ തീ കൊളുത്തി മരിച്ച കുടുംബത്തെ കുറിച്ചാണ് അദ്ദേഹം പുതിയ കാര്‍ട്ടൂണ്‍ വരച്ചത്. ഇതിന്റെ ഉത്തരവാദിത്വം പൊലീസ് കമ്മീഷണര്‍, ജില്ലാ കലക്ടര്‍, മുഖ്യമന്ത്രി എന്നിവര്‍ക്കാണെന്ന അര്‍ത്ഥത്തോടെയാണ് അദ്ദേഹം കാര്‍ട്ടൂണ്‍ വരച്ചത്.

സ്വകാര്യ പണമിടപാടുകാരുടെ ഭീഷണിയെ തുടര്‍ന്നായിരുന്നു കുടുംബം തീകൊളുത്തി മരിച്ചത്. നേരത്തേ ജില്ലാ കളക്ടറേയും പൊലീസിനേയും ഇത് സംബന്ധിച്ച് വിവരം അറിയിച്ചെങ്കിലും ഇവര്‍ നടപടി എടുത്തിരുന്നില്ല. ബാലയുടെ കാര്‍ട്ടൂണിനെതിരെ ഭരണകൂടം രംഗത്ത് വന്നതോടെ ഇത് സോഷ്യല്‍മീഡിയയില്‍ വൈറലായി മാറി. ഒരു കുട്ടി നിലത്ത് പൊളളലേറ്റ് മരിച്ചു കിടക്കുമ്പോള്‍ പണം കൊണ്ട് നാണം മറയ്ക്കുന്ന ഭരണാധികാരികളെ ആണ് ബാല കാര്‍ട്ടൂണിലൂടെ വരച്ച് കാട്ടുന്നത്. ചിത്രം വ്യാപകമായി പ്രചരിച്ചതോടെ കലക്ടറുടെ നിര്‍ദേശ പ്രകാരം ഡിജിപി അറസ്റ്റിന് ഉത്തരവിടുകയായിരുന്നു.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Popular cartoonist bala arrested for criticising tamil nadu cm palaniswami and officials