മെൽബൺ: ഓസ്ട്രേലിയയില്‍ വിദേശ പൗരൻമാർക്ക് അനുവദിക്കുന്ന താൽക്കാലിക തൊഴിൽ വിസയായ 457 വിസ പദ്ധതി റദ്ദാക്കിയതായി പ്രധാനമന്ത്രി മാല്‍ക്കം ടേണ്‍ബുള്‍ അറിയിച്ചു. നാല് വര്‍ഷം നീണ്ടു നില്‍ക്കുന്ന കാലയളവിലേക്ക് വിദേശികളെ കമ്പനികള്‍ക്ക് ജോലിക്ക് എടുക്കാമെന്ന പദ്ധതിയാണ് വിസ 457.

രാജ്യത്തെ തൊഴിൽ പ്രതിസന്ധി പരിഹരിക്കുകയെന്ന ലക്ഷ്യത്തോടെയും സ്വദേശികള്‍ക്ക് കൂടുതല്‍ തൊഴിലവസരം ഉണ്ടാക്കാനുമാണ് പുതിയ വിസ പദ്ധതി അവതരിപ്പിക്കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.
2016 സെപ്തംബർ 30ലെ കണക്ക് അനുസരിച്ച് 95,757 വിദേശീയരാണ് 457 വിസ പദ്ധതിയുടെ കീഴിൽ ആസ്ട്രേലിയയിൽ ജോലി നോക്കിയത്.

പുതിയ വിസ അനുവദിക്കണമെങ്കിൽ ഉദ്യോഗാർത്ഥികൾക്ക് രണ്ടു വർഷത്തെ തൊഴിൽപരിചയം വേണം. ക്രിമിനൽ പശ്ചാത്തലം ഉണ്ടാവരുത്. ഇംഗ്ളീഷ് ഭാഷയിൽ മികവ് വേണം എന്നീ വ്യവസ്ഥകളും ഉൾപ്പെടുത്തും. വിദേശ തൊഴിലാളികളെ പൂർണമായും ഒഴിവാക്കുകയല്ല സർക്കാരിന്റെ ഉദ്ദേശമെന്നും പ്രധാനമന്ത്രി വിശദീകരിച്ചു.
ഇതോടെ 457 വിസാ പദ്ധതി കൂടുതലായി ഉപയോഗിച്ചുവന്ന ഇന്ത്യാക്കാരടക്കമുള്ള വിദേശീയർക്ക് കനത്ത തിരിച്ചടിയായി. 457 വിസ പദ്ധതിയിലൂടെ പ്രതിവർഷം 95,000 വിദേശ പൗരൻമാരാണ് താൽക്കാലിക തൊഴിലുകൾക്കായി ഓസ്ട്രേലിയയിൽ എത്തുന്നത്. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് എച്ച്-1ബി വിസ പരിഷ്കാരത്തിലേക്ക് കടക്കവെയാണ് ഓസ്ട്രേലിയയുടെ പുതിയ നീക്കം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ