വത്തിക്കാന്‍: കത്തോലിക്ക സഭയുടെ പരമാദ്ധ്യക്ഷൻ പോപ് ഫ്രാൻസിസിനെതിരെ വത്തിക്കാനിൽ പടയൊരുക്കം. ലൈംഗികാതിക്രമ കേസിൽ പ്രതിയായിരുന്ന ബിഷപ്പിനെ പോപ് ഫ്രാൻസിസ് സംരക്ഷിച്ചുവെന്നാണ് വത്തിക്കാനിൽ നിന്ന് തന്നെ ആരോപണം ഉയർന്നിരിക്കുന്നത്. വത്തിക്കാനിലെ പ്രതിനിധി സഭയിലെ മുൻ അംഗമായിരുന്ന ആർച്ച് ബിഷപ്പ് കാർലോ മരിയ വിഗാനോയാണ് ആരോപണം ഉന്നയിച്ചത്.

എന്നാൽ ഈ ആരോപണത്തോട് പോപ് ഫ്രാൻസിസോ സഭാ വൃത്തങ്ങളോ ഇതുവരെയായും പ്രതികരിച്ചിട്ടില്ല. ലൈംഗികാരോപണം നേരിട്ട് സ്ഥാനം രാജിവച്ച വാഷിംഗ്‌ടണിലെ മുൻ കർദിനാൾ തിയോഡർ മക്‌കാരിക്കിനെ പോപ് ഫ്രാൻസിസ് സംരക്ഷിച്ചുവെന്നാണ് ആരോപണം. പുരോഹിതരുടെ ലൈംഗികാതിക്രമങ്ങൾക്കെതിരെ ശക്തമായ നടപടി എടുക്കാത്തത് വേദനാജനകവും സഭയ്ക്ക് നാണക്കേടുമാണെന്ന് പോപ് ഫ്രാൻസിസ് കഴിഞ്ഞ ദിവസമാണ് പ്രസ്‌താവിച്ചത്. ഇതിന് പിന്നാലെയാണ് പോപ്പിനെതിരെ ആരോപണം ഉയർന്നിരിക്കുന്നത്.

വാഷിംഗ്‌ടണിലെ പുരോഹിതരോടും അച്ചൻ പട്ടത്തിന് പഠിക്കുന്നവരോടും തിയോഡർ മക്‌കാരിക് മോശമായാണ് പെരുമാറിയിരുന്നതെന്ന് ആർച്ച് ബിഷപ്പ് കാർലോ മരിയ വിഗാനോ പറയുന്നു. ഇതേക്കുറിച്ച് പല തവണ പരാതി ഉയർന്നെങ്കിലും മാർപാപ്പ അതൊക്കെയും അവഗണിക്കുകയായിരുന്നു. തിയോഡർ മക്‌കാരിക്കിനെതിരെ ബെനഡിക്ട് പതിനാറാമൻ മാർപാപ്പ എടുത്ത നടപടികൾ പോപ് ഫ്രാൻസിസ് റദ്ദാക്കിയെന്നും ആർച്ച് ബിഷപ് കാർലോ മരിയ വിഗാനോ കുറ്റപ്പെടുത്തി.

ക്രൈസ്തവ സഭ ഇപ്പോൾ നേരിടുന്ന പ്രതിസന്ധി പരിഹരിക്കാൻ പോപ് ഫ്രാൻസിസ് ആണ് രാജിവച്ച് മാതൃക കാട്ടേണ്ടതെന്നാണ് ആക്ഷേപം. എന്നാൽ ഈ ആരോപണത്തോട് ക്രൈസ്‌തവ സഭയോ പോപ്പോ ഇതുവരെയായും പ്രതികരിച്ചിട്ടില്ല. അയർലൻഡ് സന്ദർശനത്തിനിടെ പുരോഹിതരുടെ ലൈംഗികാതിക്രമങ്ങൾക്കെതിരെ പോപ്പ് പ്രതികരിച്ചത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook