റോം: പെസഹ വ്യാഴത്തോട് അനുബന്ധിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ തടവുകാരുടെ കാല്‍ കഴുകി ചുംബിച്ചു. മുസ്‌ലിം, ബുദ്ധമത വിശ്വാസികളുടേത് അടക്കം 12 തടവുകാരുടെ പാദമാണ് അദ്ദേഹം കഴുകിയത്. റോമിലെ റെഗിന കോളി ജയിലിലാണ് അദ്ദേഹം തടവുകാരുടെ കാല്‍ കഴുകിയത്. വ്യത്യസ്ത രാജ്യങ്ങളില്‍ നിന്നുളള വ്യത്യസ്ത മതസ്ഥരെ ആയിരുന്നു ഇതിനായി തിരഞ്ഞെടുത്തത്.

നാല് ഇറ്റലിക്കാര്‍, രണ്ട് ഫിലിപ്പീന്‍സുകാര്‍, രണ്ട് മൊറോക്കോ സ്വദേശികള്‍, മോല്‍ഡാവന്‍, കൊളംബിയ, നൈജീരിയ, സീറ ലിയോണ്‍ എന്നിവിടങ്ങളില്‍ നിന്നുളളവരാണ് തടവുകാര്‍. എട്ട് കത്തോലിക്കന്‍ വിശ്വാസികള്‍, രണ്ട് മുസ്‌ലിം, ഒരു ഓര്‍ത്തഡോക്സ്, ഒരു ബുദ്ധമതക്കാരന്‍ എന്നിവരാണ് കൂട്ടത്തിലുണ്ടായിരുന്നത്. ഇത് ആദ്യമായല്ല തടവുകാരുടെ പാദം കഴുകി മാര്‍പാപ്പ ചുംബിക്കുന്നത്.

2013ല്‍ കസാല്‍ ഡി മാര്‍മോ ജയിലിലും 2015ല്‍ രെബീബിയ ജയിലിലും അദ്ദേഹം തടവുകാരുടെ പാദം കഴുകിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം പലിയാനോ ജയിലിലായിരുന്നു ചടങ്ങ് നടന്നത്. വധശിക്ഷ ക്രിസ്ത്യന്‍ വിശ്വാസമോ മാനുഷികപരമോ അല്ലെന്ന് അദ്ദേഹം ചടങ്ങിന് ശേഷം വ്യക്തമാക്കി. പ്രതീക്ഷയ്ക്ക് വക നല്‍കാതെയുളള ശിക്ഷാരീതിയാണ് ഇതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ