വത്തിക്കാൻ: പുതുവത്സര രാത്രിയിൽ തന്റെ കയ്യിൽ പിടിച്ച് വലിച്ച യുവതിയോട് നീരസം പ്രകടിപ്പിച്ച് ഫ്രാൻസിസ് മാർപാപ്പ. സെന്റ് പീറ്റേഴ്സ് ചത്വരത്തിലെ ചടങ്ങുകൾക്കുശേഷം വിശ്വാസികൾക്കിടയിലേക്ക് ഇറങ്ങിവന്ന് അഭിവാദനം ചെയ്യുന്നതിനിടെയാണ് സംഭവം. കുട്ടികൾക്ക് ഹസ്തദാനം നൽകിയും അവരെ ആശീർവദിച്ചും മുന്നോട്ടു പോകുന്നതിനിടയിൽ ജനക്കൂട്ടത്തിൽനിന്ന് ഒരു സ്ത്രീ മാർപ്പാപ്പയുടെ കയ്യിൽ പിടിച്ച് വലിക്കുകയായിരുന്നു.

തിരിഞ്ഞുനടക്കാൻ ഒരുങ്ങുന്നതിനിടെയാണ് മാർപ്പാപ്പയുടെ കയ്യിൽ യുവതി കയറിപ്പിടിക്കുന്നത്. മാർപാപ്പ കൈ വിടിവിക്കാൻ ശ്രമിച്ചെങ്കിലും സ്ത്രീ മുറുക്കെ പിടിച്ചു. ഇത് മാർപാപ്പയെ അസ്വസ്ഥനാക്കി.

സുരക്ഷാ ജീവനക്കാർക്കൊപ്പമായിരുന്നു മാർപ്പാപ്പ ജനങ്ങളുടെ ഇടയിലേക്കെത്തിയത്. പെട്ടന്നുള്ള സംഭവത്തിൽ ഇടപെടാൻ അവർക്കായില്ല. മാർപ്പാപ്പ തന്റെ അടുത്തേക്ക് വരുന്നതിന് മുമ്പ് യുവതി കുരിശ് വരയ്ക്കുന്നതും വീഡിയോയിൽ വ്യക്തമാണ്. എന്നാൽ എന്താണ് അവർ മാർപാപ്പയോട് പറഞ്ഞത് എന്ന് വ്യക്തമല്ല.

സംഭവത്തിൽ മാർപ്പാപ്പ മാപ്പ് ചോദിച്ചു. ഇന്ന് വിശ്വാസികളോട് സംസാരിക്കവേയാണ് അദ്ദേഹം ക്ഷമ ചോദിച്ചത്. “നമുക്ക് പലപ്പോഴും ക്ഷമ നഷ്ടപ്പെടാറുണ്ട്, അത്തരത്തിൽ ഇന്നലെ നടന്ന മോശം ഉദാഹരണത്തിന് ഞാൻ ക്ഷമ ചോദിക്കുന്നു,” അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ മാര്‍ച്ചില്‍ വത്തിക്കാന്‍ സന്ദര്‍ശകര്‍ പോപ്പിന്‍റെ മോതിരത്തില്‍ ചുംബിക്കാനുള്ള ശ്രമം അദ്ദേഹം തടസപ്പെടുത്തുന്ന വീഡിയോ വ്യാപകമായി പ്രചരിച്ചിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook