വത്തിക്കാൻ സിറ്റി: ലൈംഗികാതിക്രമ കേസിൽ കുറ്റാരോപിതനായ ബിഷപ്പിനെ താൻ സംരക്ഷിച്ചുവെന്ന ആരോപണത്തിൽ പ്രതികരിക്കാനില്ലെന്ന് പോപ് ഫ്രാൻസിസ്. ആരോപണം ഉന്നയിച്ച ആൾ ഉയർത്തിയ രേഖകളിൽ തന്നെ അതിനുളള മറുപടി ഉണ്ടെന്നും പോപ് ഫ്രാൻസിസ് പറഞ്ഞു.
പോപ് ഫ്രാൻസിസ് സ്ഥാനം രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് വത്തിക്കാനിലെ പ്രതിനിധി സഭയിലെ മുൻ അംഗമായിരുന്ന ആർച്ച് ബിഷപ്പ് കാർലോ മരിയ വിഗാനോയാണ് മുന്നോട്ട് വന്നത്. 11 പേജുളള എഴുതി തയ്യാറാക്കിയ രേഖയാണ് മാർപാപ്പയ്ക്ക് എതിരെ കാർലോ മരിയ വിഗാനോ മുന്നോട്ട് വച്ചത്.
ഡബ്ലിനിൽ നിന്ന് റോമിലേക്കുളള മടക്കയാത്രയിലാണ് തന്നോടൊപ്പം ഉണ്ടായിരുന്ന മാധ്യമസംഘത്തോട് ഈ വിവാദത്തിൽ പ്രതികരിക്കാനില്ലെന്ന് പോപ് ഫ്രാൻസിസ് അറിയിച്ചത്. 11 പേജുളള ആരോപണം മുഴുവനും മാധ്യമപ്രവർത്തകർ ശ്രദ്ധാപൂർവ്വം വായിക്കണമെന്നും എന്നിട്ട് അതിന്റെ വിശ്വാസ്യത എത്രത്തോളമുണ്ടെന്ന് പരിശോധിക്കണമെന്നും പോപ് ആവശ്യപ്പെട്ടു.
ലൈംഗികാതിക്രമ കേസ് പ്രതിയെ സംരക്ഷിച്ചു; പോപ് ഫ്രാൻസിസിനെതിരെ ആരോപണം
11 പേജുളള ഈ പരാതി സഭയ്ക്കകത്ത് നിന്ന് പോപ്പിനെതിരെ അപ്രതീക്ഷിതമായുണ്ടായ ആക്രമണമാണ്.
“ഇന്ന് രാവിലെ ഞാനാ പരാതി വായിച്ചു. വായിച്ച ശേഷം എനിക്ക് നിങ്ങളോട് പറയണമെന്ന് തോന്നിയത് ഇതാണ്. നിങ്ങളോരോ പേരും ആ പരാതി മുഴുവനും ശ്രദ്ധാപൂർവ്വം വായിക്കണം”, പോപ് പറഞ്ഞു.
“ഞാനിതേക്കുറിച്ച് ഒന്നും പറയാനില്ല. എന്നാൽ നിങ്ങൾക്ക് അത് വായിച്ച് നിങ്ങളുടേതായ നിഗമനത്തിലേക്ക് എത്താൻ സാധിക്കും”, പോപ് ഫ്രാൻസിസ് നിലപാട് വ്യക്തമാക്കി.
കഴിഞ്ഞ ദിവസമാണ് പോപ് ഫ്രാൻസിസ് രാജിവയ്ക്കണം എന്നാവശ്യപ്പെട്ടുളള 11 പേജ് പരാതി ഇദ്ദേഹം സമർപ്പിച്ചത്. റോമിലെ പാരമ്പര്യവാദികളായ ഒരു പറ്റം മാധ്യമപ്രവർത്തകർക്കാണ് ഇദ്ദേഹം പരാതിയുടെ പകർപ്പ് കൈമാറിയത്. ഇതിൽ ഒരു പറ്റം ക്രൈസ്തവ സഭാ പ്രതിനിധികളുടെയും വാഷിംഗ്‌ടണിലെ ഒരു പറ്റം ഉദ്യോഗസ്ഥരുടെയും പേര് പറഞ്ഞിട്ടുണ്ട്.
വിരമിച്ച വാഷിംഗ്‌ടൺ ഡിസിയിലെ മുൻ ആർച്ച് ബിഷപ്പ് തിയോഡാർ മക് കരിക്കിനെതിരായാണ് ലൈംഗികാരോപണം ഉന്നയിച്ചിരിക്കുന്നത്. ഇദ്ദേഹത്തെ സംരക്ഷിച്ചതിൽ പോപ് ഫ്രാൻസിസിനും പങ്കുണ്ടെന്നും ഇതിനാൽ പോപ് ഫ്രാൻസിസ് രാജിവയ്ക്കണം എന്നുമാണ് കാർലോ മരിയ വിഗാനോ ആവശ്യപ്പെട്ടത്.