റോം: കത്തോലിക്ക സഭയിൽ വലിയ മാറ്റത്തിനൊരുങ്ങി ഫ്രാൻസിസ് മാർപ്പാപ്പ. വിവാഹിതരായ വിശ്വാസികൾക്കും പുരോഹിതരാകാൻ കഴിയുന്ന തരത്തിൽ നിയമങ്ങൾ മാറ്റാൻ ആലോചിക്കുന്നതായി മാർപ്പാപ്പ അറിയിച്ചു. കാലങ്ങളായി കത്തോലിക്ക സഭയിൽ പിന്തുടർന്ന് പോരുന്ന രീതികൾ പൊളിച്ചെഴുതുന്നതാവും ഫ്രാൻസിസ് മാർപ്പാപ്പയുടെ തീരുമാനം.
ഉൾനാടൻ ഗ്രാമങ്ങളിൽ പുരോഹിതർ കുറവുളളതുകൊണ്ടാണ് ചരിത്രം തിരുത്തുന്ന തീരുമാനത്തെ കുറിച്ച് മാർപ്പാപ്പ ആലോചിക്കുന്നത്. ജർമനിയിലെ ഡൈ സെയ്റ്റ് പത്രത്തിന് നൽകിയ അഭിമുഖത്തിലാണ് മാർപ്പാപ്പ ഇക്കാര്യം പറഞ്ഞത്. എന്നാൽ നിലവിൽ പൗരോഹിതരായവർക്ക് വിവാഹം കഴിക്കാൻ അനുവാദമുണ്ടാകില്ല.
ലോകത്ത് കത്തോലിക്ക വിശ്വാസികൾ തിങ്ങിപ്പാര്‍ക്കുന്ന ബ്രസീൽ പോലുളള രാജ്യങ്ങളിൽ പോലും പുരോഹിതന്മാരുടെ ക്ഷാമം നേരിടുന്നതിനെ കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനിടയിലാണ് മാർപ്പാപ്പയുടെ പുതിയ പരാമര്‍ശം ശ്രദ്ധേയമാകുന്നത്.
കാലത്തിനനുസരിച്ച് കത്തോലിക്ക സഭയിലും മാറ്റങ്ങൾ വരുത്തുന്നതിനുളള പല തീരുമാനങ്ങളും മാർപ്പാപ്പ മുൻപ് കൈക്കൊണ്ടിട്ടുണ്ട്. സ്വവർഗ വിവാഹത്തെയും ഗർഭഛിദ്രത്തെയും കുറിച്ച് ഫ്രാൻസിസ് മാർപ്പാപ്പ നടത്തിയ പരാമർശങ്ങൾ നേരത്തെ വലിയ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.