റോം: സ്വവർഗ പങ്കാളികളുടെ സിവിൽ യൂണിയനുകളെ അംഗീകരിച്ചുള്ള പ്രസ്താവനയുമായി ഫ്രാൻസിസ് മാർപാപ്പ. ഇതാദ്യമായാണ് സ്വവർഗ പങ്കാളിത്തത്തെ ഒരു കത്തോലിക്കാ സഭാധ്യക്ഷൻ പിന്തുണച്ച് പ്രസ്താവന നടത്തുന്നത്. റോം ചലച്ചിത്രമേളയിൽ ബുധനാഴ്ച പ്രദർശിപ്പിച്ച ഫ്രാൻസെസ്കോ എന്ന ഒരു ഡോക്യുമെന്ററിയിലുള്ള അഭിമുഖത്തിലാണ് ഫ്രാൻസിസ് മാർപാപ്പ ഇക്കാര്യം അഭിപ്രായപ്പെട്ടത്.
പരിസ്ഥിതി, ദാരിദ്ര്യം, കുടിയേറ്റം, വംശീയവും സാമ്പത്തികവുമായ അസമത്വം, വിവേചനം തുടങ്ങിയ പ്രശ്നങ്ങളെക്കുറിച്ചും വിവേചനം ഏറ്റവും കൂടുതൽ ബാധിക്കുന്നവരെക്കുറിച്ചും പറയുന്നതിനൊപ്പമാണ് ഡോക്യുമെന്ററിയിൽ സ്വവർഗ പങ്കാളികളെക്കുറിച്ച് പരാമർശിക്കുന്നത്.
Read Also: ഭക്ഷണത്തിലൂടെയും ലെെംഗികതയിലൂടെയും ലഭിക്കുന്നത് ദെെവികമായ ആനന്ദം: ഫ്രാൻസിസ് മാർപാപ്പ
“സ്വവർഗാനുരാഗികൾക്ക് കുടുംബമായി ജീവിക്കാനുള്ള അവകാശമുണ്ട്. അവർ ദൈവത്തിന്റെ മക്കളാണ്, ”ഫ്രാൻസിസ് മാർപാപ്പ അഭിമുഖത്തിൽ പറഞ്ഞു. “നമുക്ക് വേണ്ടത് ഒരു സിവിൽ യൂണിയൻ നിയമമാണ്; അതുവഴി അവ നിയമപരമായി പരിരക്ഷിക്കപ്പെടും,” മാർപാപ്പ പറഞ്ഞു.
ബ്യൂണസ് അയേഴ്സിന്റെ ആർച്ച് ബിഷപ്പായി സേവനമനുഷ്ഠിക്കവെ സ്വവർഗ വിവാഹത്തിന് പകരമായി സ്വവർഗ ദമ്പതികൾക്കുള്ള സിവിൽ യൂണിയനുകളെ അദ്ദേഹം പിന്തുണച്ചിരുന്നു. എന്നാൽ, മാർപ്പാപ്പയെന്ന നിലയിൽ അദ്ദേഹം ഇതിനു മുൻപ് സിവിൽ യൂണിയനുകളെ പരസ്യമായി പിന്തുണച്ചിരുന്നില്ല.