വത്തിക്കാൻ: ലൈംഗിക അതിക്രമ കേസുകളിൽ വത്തിക്കാൻ നിലപാട് കടുപ്പിക്കുന്നു. കുട്ടികൾക്കെതിരായ ലൈംഗിക അതിക്രമങ്ങളിൽ കുറ്റാരോപിതരായ രണ്ട് ചിലിയൻ പുരോഹിതരെ കൂടി ഫ്രാൻസിസ് മാർപ്പാപ്പ പൗരോഹിത്യത്തിൽ നിന്നും പുറത്താക്കി.
ഇത്തരം വിഷയങ്ങളിൽ സഭ നടപടികൾ സുതാര്യമാക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം. പുറത്താക്കിയതിന് പുറമെ ഇക്കാര്യത്തിൽ അപ്പീലിന് പോകാൻ വൈദികർക്ക് സാധിക്കില്ലെന്നും വത്തിക്കാൻ വ്യക്തമാക്കിയിട്ടുണ്ട്.
നേരത്തെ ലൈംഗിക ആരോപണ വിഷയങ്ങൾ കൈകാര്യം ചെയ്യുന്നതിലെ വത്തിക്കാന്റെ രഹസ്യ സ്വഭാവത്തിനെതിരെ നിരവധി പരാതികളുയർന്നിരുന്നു. ബിഷപ്പുമാരും വൈദികരും ഉൾപ്പെട്ട ഇത്തരം പരാതികളിൽ അന്വേഷണം വേഗത്തിലാക്കുന്നതിനും കർശന നടപടികൾ സ്വീകരിക്കുന്നതിനും കത്തോലിക്ക സഭ കാര്യക്ഷമമായി തന്നെ ഇടപെടുമെന്ന് വത്തിക്കാൻ വക്താവ് ഗ്രെഗ് ബൂർക്ക് വാർത്ത ഏജൻസിയായ അസ്സോസിയേറ്റ് പ്രസ്സിനോട് പറഞ്ഞു.
Pope Francis defrocks two more Chilean prelates accused of sexually abusing minors and, in a move aimed at showing greater transparency about how he is responding to the global abuse crisis, publicly explained how and why they were removed. https://t.co/PbdGnznj64
— The Associated Press (@AP) October 13, 2018
കുട്ടികൾക്കെതിരായ ലൈംഗിക അതിക്രമങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചിലിയൻ പ്രസിഡന്റ് സെബാസ്റ്റ്യൻ പിന്നെറ ഫ്രാൻസിസ് മാർപ്പാപ്പയുമായി ചർച്ച നടത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മാർപ്പാപ്പ രണ്ട് വൈദികരെ പൗരോഹിത്യത്തിൽ നിന്നും പുറത്താക്കിയത്. മുൻപ് മറ്റ് രണ്ട് വൈദികരെ ഇത്തരത്തിൽ പുറത്താക്കിയിരുന്നു.