വത്തിക്കാന്‍ സിറ്റി: സുഖലോലുപമായ ജീവിതം ഉപേക്ഷിച്ച് ലളിത ജീവിതം നയിക്കാൻ എല്ലാവരും തയ്യാറാകണമെന്ന് ഫ്രാൻസിസ് മാർപ്പാപ്പയുടെ ക്രിസ്മസ് ദിന സന്ദേശം. ലോകത്തെ പാവങ്ങളും പണക്കാരും തമ്മിലുളള വലിയ അന്തരത്തേയും അദ്ദേഹം അപലപിച്ചു. ദാരിദ്രത്തില്‍ ജനിച്ച യേശുവിന്റെ ജീവിതം എല്ലാവരുടേയും ജീവിതത്തിലും പ്രതിഫലിക്കണമെന്നും അദ്ദേഹം പറഞ്ഞു. വത്തിക്കാനിലെ സെന്‍റ് പീറ്റേഴ്സ് ബസിലിക്കയിൽ തിരുപ്പിറവി ദിനത്തിലെ ആരാധനാ ശുശൂഷകൾക്ക് ഫ്രാൻസിസ് മാർപ്പാപ്പ മുഖ്യ കാർമികത്വം വഹിച്ചു.

‘ക്രിസ്തുവിന്റെ ജനനം പുതിയൊരു ജീവിതരീതി നയിക്കുന്നതിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. എല്ലാം നശിപ്പിച്ചും പൂഴത്തിവച്ചുമുളള ജീവിതമല്ല, പരസ്പരം പങ്കുവച്ചും ദാനം ചെയ്തുമുളള ജീവിതമാണത്. ഭൗതികമായ ഈ സൗകര്യങ്ങളൊക്കെ നമുക്ക് ആവശ്യമുണ്ടോയെന്ന് നമ്മോട് തന്നെ ചോദിക്കാം. ഇതൊക്കെ ഉപേക്ഷിച്ച് വളരെ ലളിതമായ ജീവിതം നയിക്കാന്‍ കഴിയുമോയെന്ന് നമുക്ക് നമ്മോട് ചോദിക്കാം,’ പോപ്പ് പറഞ്ഞു.

‘എല്ലാം കൈവശപ്പെടുത്തുന്നതാണ് ജീവിതമെന്നാണ് പലരും ജീവിതം കൊണ്ട് അര്‍ത്ഥമാക്കുന്നത്. മതിവരാത്ത ആഗ്രഹങ്ങളാണ് മനുഷ്യരാശിയെ അടയാളപ്പെടുത്തിയിട്ടുളളത്. ഇന്നു പോലും നമ്മള്‍ സുഖലോലുപതയെ കുറിച്ചാണ് ചിന്തിക്കുന്നത്. കുറച്ച് പേര്‍ വിഭവസമൃദ്ധമായ ഭക്ഷണം കഴിക്കുമ്പോള്‍ ഒരുപാട് പേര്‍ ഒരു ദിവസത്തെ ഭക്ഷണം ഇല്ലാതെ ജീവിക്കുന്നു,’ പോപ്പ് പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook