ദുബായ്: വർധിച്ചു വരുന്ന അസഹിഷ്ണുതയ്ക്കും യുദ്ധങ്ങള്‍ക്കുമെതിരെ ശക്തമായ ആഹ്വാനവുമായി ഫ്രാന്‍സിസ് മാര്‍പാപ്പ. യുദ്ധങ്ങള്‍ക്ക് ശേഷം സിറിയ, ഇറാഖ് പോലുള്ള രാജ്യങ്ങളിലെ ദുരിതങ്ങള്‍ ചൂണ്ടിക്കാട്ടിയ മാര്‍പാപ്പ അതില്‍ ശക്തമായി അപലപിച്ചു.

യുഎഇ സ്ഥാപക സ്മാരകത്തില്‍ ക്ഷണിക്കപ്പെട്ട സദസിനോട് സലാം പറഞ്ഞുകൊണ്ടായിരുന്നു മാര്‍പാപ്പ തന്റെ പ്രഭാഷണം ആരംഭിച്ചത്. യുദ്ധങ്ങള്‍ക്കും ആയുധവില്‍പ്പനയ്ക്കുമെതിരെ വിശ്വാസികള്‍ കൈകോര്‍ക്കണം. മനുഷ്യ സമൂഹത്തിന് മത നേതാക്കളെ ആവശ്യമുണ്ട്. ലോകത്തെ മതങ്ങളുടെ പ്രതിനിധികള്‍ എന്ന നിലയില്‍ യുദ്ധങ്ങളെ ഇല്ലാതാക്കാന്‍ നാം ശ്രമിക്കണമെന്ന് മാര്‍പാപ്പ പറഞ്ഞു. പാവങ്ങളുടെ ശബ്ദമാകാന്‍ മതത്തിന് ആകണമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

യുണൈറ്റഡ് അറബ് എമിറേറ്റ്‌സിലെ പൗരാവകാശം പ്രധാനമായും അവിടെ ജനിച്ച മുസ്‌ലിങ്ങള്‍ക്കായി സംവരണം ചെയ്തിരിക്കുകയാണ്. ലക്ഷക്കണക്കിന് ക്രിസ്ത്യന്‍ കുടിയേറ്റക്കാര്‍ രാജ്യത്തുണ്ട്. എന്നാല്‍ രാജ്യത്തുടനീളം അവര്‍ അക്രമങ്ങള്‍ക്കിരയാകുകയാണ്.

ഒരു സമൂഹത്തിലെ വിവിധ വിശ്വാസങ്ങള്‍ പിന്തുടരുന്ന എല്ലാ ജനങ്ങള്‍ക്കും പൗരത്വത്തിനുള്ള അവകാശമുണ്ട്. അക്രമങ്ങള്‍ നടക്കുമ്പോള്‍ മാത്രമാണ് ഇത്തരം അവകാശങ്ങള്‍ ലംഘിക്കപ്പെടുന്നതെന്നും മാര്‍പാപ്പ പറഞ്ഞു. യുദ്ധങ്ങളുടേയും അക്രമങ്ങളുടേയും ദുരന്ത ഫലങ്ങള്‍ നമ്മുടെ കണ്‍മുന്നിലുണ്ട്. യമന്‍, സിറിയ, ഇറാഖ്, ലിബിയ എന്നിവിടങ്ങളെ കുറിച്ചാണ് ചിന്തിക്കുന്നതെന്നും മാര്‍പാപ്പ പറഞ്ഞു.

ചടങ്ങില്‍ അല്‍ അസ്ഹര്‍ ഗ്രാന്‍ഡ് ഇമാം ഡോ. അഹമ്മദ് ത്വയ്യിബും സംസാരിച്ചിരുന്നു. പിന്നീട് ഇരുവരും മാനവസാഹോദര്യ രേഖയില്‍ ഒപ്പുവച്ചു.
വിദ്വേഷവും അക്രമവും തീവ്രവാദവും അന്ധമായ മതവികാരവും പ്രോത്സാഹിപ്പിക്കുന്നതിന് മതങ്ങളെ ഉപയോഗിക്കുന്നതും കൊലപാതകം, നാടുകടത്തല്‍, ഭീകരവാദം, അടിച്ചമര്‍ത്തല്‍ എന്നിവയെ ന്യായീകരിക്കാന്‍ ദൈവത്തിന്റെ പേര് ഉപയോഗിക്കുന്നതും അവസാനിപ്പിക്കാന്‍ ഈ രേഖയില്‍ പറയുന്നു.

യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ സയിദ് അല്‍ നഹ്യാന്‍ തുടങ്ങിയ രാഷ്ട്രീയ നേതാക്കളും വേദിയില്‍ സന്നിഹിതരായി.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ