യാങ്കൂണ്‍: കഴിഞ്ഞ മൂന്ന് മാസമായി റോഹിങ്ക്യൻ മുസ്ലിംങ്ങള്‍ അടിച്ചമര്‍ത്തല്‍ നേരിടുന്ന മ്യാന്മറില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ എത്തി. ഇത് ആദ്യമായാണ് അദ്ദേഹം ഒരു ദക്ഷിണേഷ്യന്‍ രാജ്യത്ത് സന്ദര്‍ശനത്തിന് എത്തുന്നത്. ന്യൂനപക്ഷ വിഭാഗമായ റോഹിങ്ക്യൻമുസ്ലിംങ്ങളെ കൂട്ടക്കുരുതി ചെയ്ത് തുടച്ചുനീക്കാനാണ് മ്യാന്മര്‍ ഭരണകൂടം ശ്രമിക്കുന്നതെന്ന ആരോപണം നിലനില്‍ക്കെയാണ് മാര്‍പാപ്പ സന്ദര്‍ശനത്തിനെത്തിയത്. 6 ലക്ഷം റൊഹീങ്ക്യകളാണ് അയല്‍രാജ്യമായ ബംഗ്ലാദേശിലേക്ക് കുടിയേറിയിട്ടുളളത്.
നാല് ദിവസത്തെ സന്ദര്‍ശനത്തിനായാണ് ഫ്രാന്‍സിസ് മാര്‍പാപ്പ മ്യാന്‍മറിലെത്തിയത്. 30ന് അദ്ദേഹം ബംഗ്ലാദേശിലെത്തും. യാങ്കൂണ്‍ വിമാനത്താവളത്തിലെത്തിയ മാര്‍പാപ്പയെ ഭരണകൂടവും സഭാപ്രതിനിധികളും ചേര്‍ന്ന് സ്വീകരിച്ചു. നാളെ മുതലാണ് മാര്‍പാപ്പയുടെ ഔദ്യോഗിക പരിപാടികള്‍. നാളെ തലസ്ഥാനമായ നയ്‌പയ്‌തായിലെത്തി മ്യാൻമർ സ്റ്റേറ്റ് കൗൺസലർ ഓങ് സാൻ സൂ ചിയുമായും സൈനിക മേധാവിയുമായും കൂടികാഴ്ച നടത്തും.
റൊഹീന്‍ഗ്യന്‍ മുസ്‍ലിംകളുടെ സ്ഥിതി ദുസ്സഹമായി തുടരുന്ന പശ്ചാത്തലത്തില്‍ മാര്‍പാപ്പ എന്ത് പ്രതികരണമാകും നടത്തുക ലോകം ഉറ്റുനോക്കുകയാണ്. എന്നാല്‍ പോപ്പിന്റെ പ്രസംഗത്തില്‍ റൊഹീന്‍ഗ്യന്‍ എന്ന വാക്ക് ഒഴിവാക്കണമെന്നാണ് സഭാനേതൃത്വം അദ്ദേഹത്തോട് ആവശ്യപ്പെട്ടിട്ടുള്ളത്. മയാന്‍മര്‍ റൊഹീന്‍ഗ്യകളെ ബംഗാളികള്‍ എന്നാണ് വിളിക്കാറുളളത്. മാര്‍പാപ്പ റൊഹീന്‍ഗ്യകള്‍ എന്ന് ഉപയോഗിച്ചാല്‍ ജനസംഖ്യയില്‍ നാമമാത്രമുള്ള ക്രൈസ്തവരെ അത് ബാധിക്കുമെന്നാണ് നിഗമനം. അത്കൊണ്ട് തന്നെ ഇക്കാര്യത്തില്‍ ഭരണകൂടത്തിനെതിരെ ഒരു തുറന്ന പ്രതികരണമോ ഉണ്ടാകാന്‍ സാധ്യതയില്ല.