ബാഗ്‌ദാദ്: മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി ഫ്രാന്‍സിസ് മാര്‍പാപ്പ ഇറാഖിലെത്തി. വെള്ളിയാഴ്ച ബാഗ്‌ദാദ് വിമാനത്താവളത്തിലെത്തിയ മാര്‍പാപ്പയ്ക്ക് ഊഷ്മള സ്വീകരണമാണ് നല്‍കിയത്. ഇറാഖ് പ്രധാനമന്ത്രി മുസ്തഫ അൽ കദീമി അദ്ദേഹത്തെ സ്വീകരിച്ചു. പരമ്പരാഗത വേഷത്തിലെത്തിയ രണ്ടു കുട്ടികൾ അഭിവാദ്യംചെയ്തു. തുടർന്ന് പ്രസിഡന്‍ഷ്യല്‍ കൊട്ടാരത്തിലെ സ്വീകരണ യോഗത്തില്‍ പങ്കെടുത്തു.
മാര്‍പാപ്പയുടെ സന്ദര്‍ശനം പ്രമാണിച്ച് കനത്ത സുരക്ഷയാണ് ഇറാഖ് സര്‍ക്കാര്‍ ഒരുക്കിയിരിക്കുന്നത്. ചരിത്രത്തില്‍ ആദ്യമായാണ് ഒരു മാര്‍പാപ്പ ഇറാഖ് സന്ദര്‍ശിക്കുന്നത്. കോവിഡ് മഹാമാരി പൊട്ടിപ്പുറപ്പെട്ടശേഷമുള്ള മാർപാപ്പയുടെ ആദ്യ വിദേശസന്ദർശനമാണിത്.
Read More: ഡോളർ കടത്ത് കേസിൽ സ്പീക്കറെ ചോദ്യം ചെയ്യും; കസ്റ്റംസ് നോട്ടീസ് അയച്ചു
രാജ്യത്ത് അംഗബലം കുറഞ്ഞുവരുന്ന ക്രൈസ്തവജനതയെയും യുദ്ധത്തിൽ തകർന്ന ഇറാഖിനെയും ഉയർത്തിക്കൊണ്ടുവരാൻ അദ്ദേഹം ആഹ്വാനം ചെയ്തു. രണ്ടു പതിറ്റാണ്ടിനിടെ ഇറാഖിലെ പഴക്കംചെന്ന ക്രൈസ്തവസ മൂഹത്തിന്റെ അംഗബലം 14 ലക്ഷത്തിൽനിന്ന് രണ്ടരലക്ഷമായി കുറഞ്ഞിരുന്നു. ഒരു ശതമാനം മാത്രമാണ് ഇപ്പോൾ അവശേഷിക്കുന്നത്.
2003-ലെ യുഎസിന്റെ ഇറാഖ് അധിനിവേശത്തിൽ സദ്ദാം ഹുസൈനെ പുറത്താക്കിയതിനു പിന്നാലെയുണ്ടായ ആഭ്യന്തര സംഘർഷത്തിൽനിന്ന് രക്ഷപ്പെട്ടോടിയവരാണ് ഭൂരിഭാഗവും. ഇസ്‌ലാമിക് സ്റ്റേറ്റ് ഭീകരരുടെ ആക്രമണത്തിൽ പതിനായിരങ്ങൾക്ക് വീടുവിട്ടിറങ്ങേണ്ടിവന്നു. ഇറാഖിലെ ക്രൈസ്തവരെ ഇനിയും നിരാശരാക്കാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു.
ഇന്ന് നജാഫില്‍ ഇറാക്കി ഷിയാ മുസ്‌ലിമുകളുടെ ആചാര്യന്‍ ആയത്തുള്ള അലി അല്‍ സിസ്താനിയുമായി മാർപാപ്പ കൂടിക്കാഴ്ച നടത്തും. എര്‍ബില്‍, മൊസൂള്‍, ഉര്‍, ഖറാക്കോഷ് നഗരങ്ങള്‍ സന്ദര്‍ശിക്കുന്ന മാര്‍പാപ്പ മതാന്തരസമ്മേളനങ്ങളിലും പ്രാര്‍ഥനാ പരിപാടികളിലും പങ്കെടുക്കും.
ഇന്ന് ബാഗ്‌ദാദിലും ഞായറാഴ്ച ഇർബിലിലും കുർബാന അർപ്പിക്കും. മൊസൂളും സന്ദർശിക്കുന്നുണ്ട്. കൊറോണ വൈറസ്, ഭീകരാക്രമണ ഭീഷണികൾക്കിടയിൽ ഇറാഖിൽ 1450 കിലോമീറ്റർ സഞ്ചരിച്ച ശേഷം മാർപാപ്പ തിങ്കളാഴ്ച മടങ്ങും.