ലൈംഗികാതിക്രമങ്ങൾക്ക് എതിരെ പോപ് വിളിച്ചുചേർത്ത ഉച്ചകോടി ഞായറാഴ്ച സമാപിച്ചപ്പോൾ വിശ്വാസികളും, അതിജീവിച്ചവരും, പ്രതിഷേധക്കാരും ഒരുപോലെ നിരാശരായിരുന്നു. കഴിഞ്ഞ വ്യഴാഴ്ച തുടക്കം കുറിച്ച ഉച്ചകോടിയിൽ ലോകമെമ്പാടുമുള്ള ക്രൈസ്തവ സഭകളിൽ നിന്നുമായി 200-ൽ പരം വൈദികർ പങ്കെടുത്തു. വൈദികർക്ക് എതിരെ ഉയർന്ന ലൈംഗികാരോപണങ്ങൾ കഴിഞ്ഞ വർഷം സഭയ്ക്ക് വൻ നാണക്കേടുണ്ടാക്കുകയും സഭയുടെ വിശ്വാസ്യത നഷ്ടപ്പെടുത്തുന്ന തരത്തിലേക്ക് നീങ്ങുകയും ചെയ്തിരുന്നു. കഴിഞ്ഞ വർഷം ശക്തി പ്രാപിച്ച ഏറ്റവും വലിയ വിവാദങ്ങളിൽ ഒന്നായ ചിലിയൻ സഭയിലെ ലൈംഗികാരോപണത്തിനു വിധേയനായ വൈദികനെ ഒരു ഘട്ടത്തിൽ പോപ് തന്നെ ന്യായീകരിക്കുകയുണ്ടായി. ഈ തെറ്റ് ഇനി ആവർത്തിക്കാതിരിക്കാനും വിശ്വാസികളുടെ വിശ്വാസ്യത വീണ്ടെടുക്കാനുമായിട്ടാണ് ചരിത്രത്തിലാദ്യമായി ഒരു പോപ് ഉച്ചകോടി വിളിച്ചുചേർത്തത്.
Read: ആ എട്ടു വൈദികർ ആരൊക്കെ? വത്തിക്കാനിൽ പ്രതിഷേധം
ആദ്യ ദിവസം തന്നെ ലൈംഗികാതിക്രമങ്ങൾക്ക് എതിരെ ശക്തമായ നടപടികൾ എടുക്കണമെന്ന് പ്രസംഗിച്ചുകൊണ്ടാണ് പോപ് ഉച്ചകോടിക്ക് തുടക്കം കുറിച്ചത്. തുടർന്നു വന്ന ദിവസങ്ങളിൽ ലൈംഗികാതിക്രമങ്ങളിൽ സഭയുടെ ഉത്തരവാദിത്വം, മൗനത്തിന്റെ ചട്ടം മാറ്റപ്പെടേണ്ടതിന്റെ ആവശ്യം, സുതാര്യത എന്നിങ്ങനെയുള്ള ആശയങ്ങളെ മുനിർത്തിയായിരുന്നു ചർച്ച നടന്നത്. കന്യാസ്ത്രീകളും, പുരോഹിത വർഗ്ഗത്തിൽ പെടാത്ത സ്ത്രീകളും ഉച്ചകോടിയിൽ പങ്കെടുത്തു സംസാരിച്ചു. ഉച്ചകോടി തുടങ്ങിയ ദിവസം മുതൽ റോമിലേക്ക് വിശ്വാസികളും, അതിജീവിച്ചവരും, പ്രതിഷേധക്കാരും എത്തിക്കൊണ്ടേ ഇരിക്കുകയായിരുന്നു. അവരെല്ലാം തന്നെ ഉച്ചകോടിയിൽ നടക്കുന്ന ഓരോ സംവാദങ്ങളോടും പോപിനു എന്താണ് പറയാനുള്ളതെന്ന് ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നു. എന്നാൽ ആദ്യദിവസത്തിന് ശേഷം അദ്ദേഹത്തിന് സംസാരിക്കാനുള്ള സമയം അനുവദിച്ചിരിക്കുന്നത് അവസാന ദിവസമാണെന്നും അന്ന് പോപ് വിശ്വാസികൾക്കും ഉച്ചകോടിയിൽ പങ്കെടുത്തവർക്കുമായി സംസാരിക്കുമെന്നും സംഘാടകർ അറിയിച്ചിരുന്നു. ഉച്ചകോടിയുടെ അവസാന ദിവസമായ ഞായറാഴ്ച അതുകൊണ്ട് തന്നെ വിശ്വാസികൾക്കും, സഭയിൽ ഉള്ളവർക്കും, റോമിലെത്തിയ അതിജീവിച്ചവർക്കും, പ്രതിഷേധക്കാർക്കും ഒരുപോലെ പ്രധാനപ്പെട്ടതായിരുന്നു.
ഞായറാഴ്ച നടന്ന കുർബാനയുടെ അവസാനം പോപ് സഭയെ അഭിസംബോധന ചെയ്ത് സംസാരിച്ചു. കുട്ടികളെ പീഡിപ്പിക്കുന്ന വൈദികരും മറ്റു ക്രൈസ്തവരും “സാത്താന്റെ ഉപകരണങ്ങളാണ്” എന്നാണ് അദ്ദേഹം പറഞ്ഞത്. “ദൈവത്തിന്റെ ഉഗ്രകോപം” കൊണ്ട് പീഡിപ്പിക്കുന്നവരെ നേരിടുമെന്നും, ഉന്നതർ നടത്തുന്ന മറച്ചുവയ്ക്കലുകൾ അവസാനിപ്പിക്കുമെന്നും, ഈ “നാണകെട്ടതും, ആക്രമണാത്മകവും, വിനാശകരവുമായ തിന്മയുടെ” ഇരകൾക്ക് പ്രാമുഖ്യം നൽകുമെന്നും അദ്ദേഹം പറഞ്ഞു. തുടർന്നു കുട്ടികൾക്കെതിരായ ലൈംഗികാതിക്രമങ്ങളെ കുറിച്ച് സംസാരിച്ച പോപ്, ഇത്തരം അതിക്രമങ്ങൾ സാധാരണയായി നടക്കുന്നത് കുടുംബങ്ങളിലാണെന്നും അതിന്റെ കാരണം ആഗോളതലത്തിലുള്ള ലൈംഗിക വിനോദസഞ്ചാരവും, ഓൺലൈൻ അശ്ലീല ചിത്രങ്ങളുടെ ലഭ്യതയുമാണ് എന്നദ്ദേഹം പറഞ്ഞു. എന്നാൽ കുട്ടികൾക്കെതിരായ ലൈംഗികാതിക്രമം കൂടുതൽ ഗൗരവകരമാകുന്നത് അത് ക്രിസ്തീയ ദേവാലയങ്ങളിൽ നടക്കുമ്പോഴാണ്. മോക്ഷത്തിലേക്ക് മനുഷ്യരെ നയിക്കാനായി ദൈവം തിരഞ്ഞെടുത്ത വിശുദ്ധരായ വ്യക്തികൾ, മനുഷ്യ സഹജമായ ദൗർബല്യങ്ങൾ അവരിൽ അധികാരം ചെലുത്താൻ അനുവദിക്കുകയും അങ്ങനെ സാത്താന്റെ ഉപകരണങ്ങൾ ആയിത്തീരുകയുമാണ് എന്നദ്ദേഹം പറഞ്ഞു.
Read: നീതിക്കായുള്ള കുട്ടികളുടെ നിലവിളി സഭ കേള്ക്കാതിരിക്കരുത്: മാര്പാപ്പ
ഇതിനെത്തുടർന്ന് അദ്ദേഹം എട്ട് കാര്യങ്ങൾ ഉൾക്കൊള്ളിച്ചു കൊണ്ടുള്ള പ്രതിജ്ഞ സഭയ്ക്ക് നൽകുകയും, സഭയുടെ പ്രതിരോധപരമായ മനഃസ്ഥിതി മാറ്റണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഇനി ഒരിക്കലും ലൈംഗികാതിക്രമങ്ങൾ മറച്ചുവയ്ക്കില്ല എന്ന ശപഥവും അദ്ദേഹം സഭയിലെടുത്തു. ” ഇരകളാണ് പ്രാധാന്യമർഹിക്കുന്നവർ, അതേസമയം വൈദികർ നിരന്തരമായ വിശുദ്ധിയുടെ പാത സ്വീകരിക്കണം, ദൈവ ഭയം അവരവരുടെ പരാജയങ്ങൾ അന്വേഷിക്കുന്നതിന് നിങ്ങൾക്ക് വഴികാട്ടട്ടെ” എന്നും അദ്ദേഹം ആശംസിച്ചു. പണ്ട് നിലനിന്നിരുന്ന പേഗൻ ആചാരങ്ങളിൽ കുട്ടികളെ ബലി കൊടുക്കുന്നതിനു സമാനമാണ് കുട്ടികളെ പീഡിപ്പിക്കുന്നതെന്നും, ഇതിനെതിരെ സഭ ശക്തമായി തന്നെ നിലക്കൊള്ളുമെന്നും അദ്ദേഹം അറിയിച്ചു.
കുര്ബാനയെ തുടർന്നു വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ, ഉച്ചകോടിയുടെ പ്രധാന ആശയങ്ങളായിരുന്ന ഉത്തരവാദിത്വം, സുതാര്യത എന്നിവ ശക്തമായ രീതിയിൽ പ്രാവർത്തികമാക്കാൻ സഭ പ്രതിജ്ഞാബദ്ധരാണെന്ന് ഉച്ചകോടിയുടെ മധ്യസ്ഥനായിരുന്ന ഫെദ്രികോ ലൊമ്പാർഡി മാധ്യമ പ്രവർത്തകരോട് പറഞ്ഞു. ഈ ഉച്ചകോടിയുടെ അവസാനത്തിൽ പ്രധാനമായും മൂന്ന് തീരുമാനങ്ങളാണ് സഭ എടുത്തത്.
1. കുട്ടികളുടെ സംരക്ഷണത്തിനായി ഒരു നിയമവും, ലൈംഗികാതിക്രമം നേരിടാൻ ഉള്ള മാർഗനിർദേശങ്ങളും പോപിന്റെ അധികാരത്തിൽ വത്തിക്കാൻ നഗരത്തിൽ പ്രാബല്യത്തിൽ വരുന്നവിധം വിധിക്കും.
2. എങ്ങനെയാണു വൈദിക ലൈംഗികാതിക്രമ കേസുകൾ കൈകാര്യം ചെയ്യേണ്ടതെന്ന് വ്യക്തമാക്കുന്ന മാർഗനിർദേശങ്ങൾ അടങ്ങിയ പുസ്തകം ബിഷപ്പുമാർക്ക് വിതരണം ചെയ്യും.
3. ലോകമെമ്പാടുമുള്ള ബിഷപ് സമ്മേളനങ്ങളിലും രൂപതകളിലും ഈ മാർഗനിർദേശങ്ങൾ നടപ്പിലാക്കാൻ സഹായിക്കുന്ന നിയുക്ത സംഘങ്ങളെ അയക്കും.
എന്നാൽ കഴിഞ്ഞ മൂന്ന് ദിവസങ്ങളിലെന്നപോലെ തന്നെ വിശ്വാസികളും, അതിജീവിച്ചവരും, സഭാ വിദഗ്ധരും ഉച്ചകോടിയുടെ ഈ തീരുമാനങ്ങളോട് വിയോജിപ്പ് രേഖപ്പെടുത്തി. ഉച്ചകോടിയുടെ ഫലമായി എന്തെങ്കിലും ശക്തമായ തീരുമാനം എടുത്തിട്ടുണ്ടെങ്കിൽ അത് കുട്ടികളുടെ സംരക്ഷണത്തിനുള്ള നിയമം മാത്രമാണ്. എന്നാൽ എവിടെയും കുട്ടികളെ പീഡിപ്പിക്കുന്ന വൈദികർക്കെതിരെ എന്ത് നടപടിയെടുക്കും എന്നുള്ളതിനെ കുറിച്ച് ആരും വ്യക്തമാക്കിയിട്ടില്ല. പോപ്പിന്റെ പ്രഭാഷണത്തിന് കാതോർത്തിരുന്ന ലോകമെമ്പാടുമുള്ള വിശ്വാസികളെ അദ്ദേഹം നിരാശപ്പെടുത്തി എന്നാണ് പ്രതിഷേധക്കാർ പറയുന്നത്. അദ്ദേഹത്തിന്റെ എപ്പോഴുമുള്ള വ്യക്തിത്വമല്ല കുർബാനയുടെ സമയത്തു കണ്ടതെന്നും, ഒരുപാട് പ്രതീക്ഷകൾ നൽകിയ പോപ് ഉച്ചകോടിയിൽ സംസാരിച്ച കാര്യങ്ങൾ ക്രോഡീകരിച്ചു പിന്നെയും വിദ്യാഭ്യാസപരമായതും, ദൈവികപരമായ കാര്യങ്ങളും മാത്രമാണ് പറഞ്ഞതെന്നും അവർ ആരോപിച്ചു. “ശക്തമായ നടപടികളാണ് ഞങ്ങൾക്ക് ആവശ്യം, പ്രതിജ്ഞ ചൊല്ലുന്നതും, മാർഗനിർദേശങ്ങൾ നൽകുന്നതും തെറ്റ് ചെയ്തവരെ ലോകത്തിനു മുന്നിൽ കൊണ്ടുവരുന്നില്ല ” പ്രതിഷേധക്കാരിൽ ഒരാൾ സൂചിപ്പിച്ചു.
Peter Saunders, abuse survivor, founder of @NAPAC + former member of papal commission for the protection of minors, talks about his hopes for the #Pope’s forthcoming anti-abuse summit #PBC2019 pic.twitter.com/aNZtiZOya0
— Christopher Lamb (@ctrlamb) February 20, 2019
“ഞാൻ വളരെയധികം നിരാശയിലാണ് മടങ്ങുന്നത്, എന്നാൽ നടന്ന കാര്യങ്ങളിൽ എനിക്ക് അത്ഭുതമില്ല. സത്യസന്ധമായി പറഞ്ഞാൽ, ഇതോടുകൂടെ ലോകം മാറിമറിയാൻ പോകുകയാണെന്നൊന്നും ഞാൻ വിചാരിച്ചില്ല. കാരണം, എനിക്ക് ഈ പ്രസ്ഥാനത്തെ വളരെ നന്നായി തന്നെ അറിയാം, ഒരു മാറ്റത്തിനു കഴിവില്ലാത്ത പ്രസ്ഥാനമാണിത്. എന്നിട്ടും ഇത്രയും ചെയ്തു. പോപ്പിനു അദ്ദേഹത്തിന്റെ അവസരം ലഭിച്ചു. ഇനി ചരിത്രം അദ്ദേഹത്തെ വിലയിരുത്തും”, കുട്ടികളുടെ സംരക്ഷണത്തിനായി പോപ് നിയമിച്ച കമ്മീഷന്റെ മുൻ അംഗമായ പീറ്റർ സൗണ്ടേർ അഭിപ്രായപ്പെട്ടു. “പ്രതിരോധാത്മകവും പ്രതികരണാത്മകവുമായ ഒരു രീതിയാണ് ഇത്തരം മനഃസ്ഥിതികളെ മാറ്റാൻ ആവശ്യമെന്നു അദ്ദേഹം പറയുന്നു. ഇത്രയും വർഷങ്ങളായി അതിജീവിച്ചവർ ഈ തെറ്റിനെതിരെ പ്രതികരിച്ചുകൊണ്ടിരുന്നപ്പോൾ ഇതൊരു തെറ്റാണെന്നു അവർക്ക് മനസിലായില്ല എന്നാണോ? ECA- യുടെ (വൈദിക ലൈംഗികാതിക്രമം അവസാനിപ്പിക്കാനായി രൂപം കൊണ്ട സംഘടന) ഇന്ത്യൻ അംഗമായ വിർജീനിയ സൽദാഹ ചോദിച്ചു. പോപിന്റെ പ്രസംഗത്തിൽ ലൈംഗികാതിക്രമം നടത്തിയ വൈദികരുടെ വിവരങ്ങൾ അടങ്ങിയ രേഖകൾ പുറത്തു വിടുന്നതിനെ കുറിച്ചോ, വൈദിക വൃത്തിയിൽ ഇരുന്നുകൊണ്ട് തന്നെ അവർക്കെങ്ങനെ ഈ കാര്യങ്ങൾ മറച്ചു വയ്ക്കാൻ സാധിച്ചു എന്നതിനെ കുറിച്ചോ ഒരു തരത്തിലുള്ള പരാമർശവും ഉണ്ടായിരുന്നില്ല. “അപ്പോൾ ഇതാണ് രഹസ്യ സ്വഭാവം എന്ന് പറയുന്നത്. പോപ് സത്യസന്ധമായും രഹസ്യങ്ങളും, കുറ്റകൃത്യങ്ങളും മറച്ചു വയ്ക്കുന്നതിനു എതിരാണെങ്കിൽ, തിങ്കളാഴ്ച രാവിലെ ഇത്തരം വൈദികരുടെ വിവരങ്ങളടങ്ങിയ രേഖകളും തെളിവുകളും പുറത്തുവിടണം” ECA- യുടെ സ്ഥാപക അംഗമായ പീറ്റർ ഐലി അഭിപ്രായപ്പെട്ടു.
കഴിഞ്ഞ മൂന്ന് ദിവസമായി മാറ്റം കൊണ്ടുവന്ന പോപ്പിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു നിന്ന തങ്ങൾക്ക് പ്രതീക്ഷ നൽകുന്ന ഒന്നും തന്നെ പോപ് നൽകിയില്ലായെന്നും, മാർഗനിർദേശങ്ങളും, നിയമങ്ങളും പണ്ടുമുതലേ കാനൻ നിയമങ്ങളിൽ ഉള്ളതുതന്നെയല്ലേ എന്നും ഒരു വിഭാഗം ചോദിക്കുന്നു. എന്നാൽ ഉച്ചകോടിയുടെ ആദ്യ ദിവസം തന്നെ ഉച്ചകോടിയിൽ അമിത പ്രതീക്ഷ വയ്ക്കരുതെന്ന് പറഞ്ഞ പോപ് പ്രതീക്ഷയ്ക്ക് വകതരുന്ന ഒരു നടപടികളും ഉച്ചകോടിയിൽ നിന്നും ഉണ്ടാകാൻ സാധ്യതയില്ല എന്ന സൂചന തന്നതായിരുന്നു എന്ന് ഒരു വിഭാഗം വിമർശകർ പറയുന്നു. അർജന്റീനയിൽ നിന്നും ഉയരുന്ന വിവാദങ്ങളും, ചിലിയിലെ വിവാദങ്ങളുമെല്ലാം ചർച്ച ചെയ്യപ്പെട്ടു എന്ന രീതിയിൽ ആക്കിത്തീർക്കുകയാണ് പോപ് ഉച്ചകോടിയിലൂടെ ചെയ്തതെന്ന് കരുതണം. ഉച്ചകോടിക്ക് ശേഷം നടന്ന വാർത്താ സമ്മേളനത്തിൽ അർജന്റീനയിലെ ബിഷപ് സാഞ്ചെയുടെ കാര്യം ഒരു മാധ്യമ പ്രവർത്തക ഉന്നയിച്ചപ്പോൾ ഒറ്റ തിരിഞ്ഞ കാര്യങ്ങളെ കുറിച്ചല്ല ഉച്ചകോടി ചര്ച്ച ചെയ്യുന്നതെന്നും, പൊതുവായി സഭയിൽ നിലനിൽക്കുന്ന ലൈംഗികാതിക്രമങ്ങളെ കുറിച്ചാണ് ചർച്ച ചെയ്തതെന്നും വത്തിക്കാൻ വക്താക്കൾ അറിയിച്ചു. തുടർന്ന് വത്തിക്കാന്റെ ലൈംഗികാതിക്രമ കേസുകൾ കൈകാര്യം ചെയ്യുന്ന മെത്രപ്പൊലീത്ത പറഞ്ഞു, “ആ വിഷയത്തെ കുറിച്ച്, അന്വേഷണം നടക്കുകയാണ്, അതിനാൽ ഞങ്ങളത് മറച്ചു വച്ചിട്ടില്ലായെന്ന് നിങ്ങൾക്ക് മനസിലായിക്കാണുമല്ലോ”.
This is @inesanma for @Crux at the Sunday presser after the close of the #pbc2019 child protection meeting. She did it right. https://t.co/uH0ljWUz46
— Chris Altieri (@craltieri) February 25, 2019
എന്നാൽ ഉച്ചകോടി ചർച്ചയ്ക്കെടുത്ത വിഷയത്തിൽ ശക്തമായ നിലപാട് പ്രതീക്ഷിച്ച വിശ്വാസികൾക്ക് തിരികെ കൊണ്ടുപോകാനായി വത്തിക്കാൻ ഒന്നും നൽകിയിട്ടില്ല. സംശയങ്ങൾ ഇപ്പോഴും ബാക്കിയാണ്. സഭ വിദഗ്ധരുടെ അഭിപ്രായത്തിൽ, ഉച്ചകോടി പ്രതീക്ഷകൾ ഒന്നും തന്നെ പൂർത്തിയാക്കിട്ടില്ല. അവരുടെ അഭിപ്രായത്തിൽ ഉച്ചകോടി പരിഷ്കരണങ്ങളെക്കുറിച്ചുള്ള വാക്പാടവം നിറഞ്ഞ വാഗ്ദാനങ്ങൾ മാത്രമായിരുന്നു. എന്താണ് പരിഷ്കരണം എന്നതിനെ കുറിച്ചൊരു ശക്തമായ നിലപാട് പോലും ഉച്ചകോടിക്ക് നൽകാനും കഴിഞ്ഞില്ല. നാല് ദിവസം തുടർച്ചയായി വിശ്വാസികൾ ആവശ്യപ്പെട്ട “സീറോ ടോളറൻസിനെ” കുറിച്ച് പോപ് എവിടെയും പരാമർശിച്ചില്ല എന്നത് “ശക്തമായ” നിലപാട് വാക്പാടവത്തിൽ മാത്രം ഒതുങ്ങിപ്പോയി എന്നതിന് ഉദാഹരണമാണെന്ന് ഒരു വിഭാഗം അഭിപ്രായപ്പെട്ടു.
Read More: ലൈംഗിക അതിക്രമങ്ങൾക്കെതിരെയുളള പോപ്പിന്റെ ഉച്ചകോടിക്ക് തുടക്കം, അറിയേണ്ടതെല്ലാം
എന്തുതന്നെയായാലും പോപ് വിളിച്ചുചേർത്ത നാല് ദിവസം നീണ്ട ലൈംഗികാതിക്രമത്തിനു എതിരെയുള്ള ഉച്ചകോടി അവസാനിച്ചപ്പോൾ വിശ്വാസികളുടെയും, വിമർശകരുടെയും, അതിജീവിച്ചവരുടെയും മനസ് ഒരുപോലെ ജയിച്ചത് ഉച്ചകോടിയിൽ സംസാരിച്ച സ്ത്രീകളാണ്. തങ്ങൾ ഉയർത്തിപ്പിടിച്ച ഓരോ ആവശ്യങ്ങളും സഭയുടെ അകത്തളത്തിൽ എത്തിച്ചത് സിസ്റ്റർ വെറോണിക്ക ഓപ്പണിബോ, കാനൻ അഭിഭാഷകയായ ലിൻഡ ഗിസോണി, മാധ്യമ പ്രവർത്തകയായ വാലെൻറ്റീന അൽസരാക്കി എന്നിവരാണെന്ന് എല്ലാരും പറയുകയുണ്ടായി. സഭയിൽ “സീറോ ടോളറൻസിനെ” കുറിച്ച് സിസ്റ്റർ വെറോണിക്കയും, സഭയുടെ രഹസ്യ സ്വഭാവത്തിൽ മാറ്റം വരുത്തണമെന്ന് ലിൻഡ ഗിസോണിയും, ലൈംഗികാതിക്രമം കുട്ടികളിൽ മാത്രമല്ല സഭയുടെ കന്യാസ്ത്രീകളിലേക്കും, സാധാരണക്കാരായ സ്ത്രീകളിലേക്കും നീളുന്നുവെന്ന് വാലെൻറ്റീന അൽസരാക്കിയും സൂചിപ്പിച്ചിരുന്നു. ഇത്രയും കാലം സ്ത്രീകളെ മാറ്റിനിർത്തിയിരുന്ന സഭയ്ക്ക് ആവശ്യമായതും സ്ത്രീകളുടെ അഭിപ്രായവും കാഴ്ചപ്പാടുമാണെന്ന് ഉച്ചകോടിയിൽ പങ്കെടുത്ത കർദിനാൾ റെയിൻഹാർഡ് മാർക്സ് അഭിപ്രായപ്പെട്ടിരുന്നു.
Read More: ‘ഞങ്ങൾ നീതി പുലർത്തിയില്ല’ ഒടുവില് സഭാനേതൃത്വം മാപ്പ് പറയുന്നു
സഭയുടെ ചരിത്രത്തിൽ ഇതുവരെ നടക്കാത്തൊരു കാര്യത്തിന് തുടക്കമിട്ട പോപിനെ അഭിനന്ദിക്കുന്നവരും കുറവല്ല. ക്രൈസ്തവ സമൂഹത്തിന്റെ പരിഷ്കരണത്തിന്റെ ആദ്യ പടിയായി ഈ ഉച്ചകോടിയെ കാണുന്നവരും വിശ്വാസികളുടെ ഇടയിലുണ്ട്.