വത്തിക്കാന്‍ സിറ്റി: പോപ്പ് എമിരറ്റ്സ് ബെനഡിക്ട് പതിനാറാമന്‍ (95) കാലം ചെയ്തു. വാര്‍ധക്യസഹജമായ അസുഖംമൂലം ദീര്‍ഘകാലമായി ചികിത്സയിലായിരുന്നു. ഇന്നു രാവിലെ 9.34 ഓടെ വത്തിക്കാനിലെ മാറ്റര്‍ എസ്‌ക്ലേഷ്യ ആശ്രമത്തിലായിരുന്നു അന്ത്യം.
2005 മുതല്‍ 2013വരെ കത്തോലിക്ക സഭയെ നയിച്ചു. ആധുനികാലത്ത് സ്ഥാനത്യാഗം ചെയ്ത ഏക മാര്‍പാപ്പായാണ്. തിങ്കളാഴ്ച രാവിലെ മുതല്‍ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ പൊതുദര്‍ശനം ആരംഭിക്കുമെന്ന് വത്തിക്കാന്‍ ന്യൂസ് അറിയിച്ചു. സംസ്‌കാരച്ചടങ്ങുകള്‍ ജനുവരി അഞ്ച് (വ്യാഴാഴ്ച) നടക്കുമെന്ന് വത്തിക്കാന്‍ അറിയിച്ചു. ഇതിന് മുന്നോടിയായി അദ്ദേഹത്തിന്റെ ഭൗതിക ശരീരം സെയ്ന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ ജനുവരി രണ്ട് (തിങ്കളാഴ്ച) മുതല്‍ പൊതുദര്‍ശനത്തിന് വെക്കും. റോമിലെ സെയ്ന്റ് പീറ്റേഴ്‌സ് സ്‌ക്വയറില്‍ നടക്കുന്ന സംസ്‌കാരച്ചടങ്ങിന് ഫ്രാന്‍സിസ് മാര്‍പാപ്പ നേതൃത്വം നല്‍കുമെന്ന് വത്തിക്കാന്‍ വക്താവ് അറിയിച്ചു.
2005-ല്‍ 78-ാം വയസിലാണ് അദ്ദേഹം മാര്‍പാപ്പയായി സ്ഥാനമേറ്റത്. ജോണ്‍ പോള്‍ രണ്ടാമൻ മാർപാപ്പയുടെ പിന്‍ഗാമിയായി 2005 ഏപ്രില്‍ 19 നു സ്ഥാനമേറ്റ അദ്ദേഹം എട്ടു വർഷത്തിനുശേഷം അനാരോഗ്യം മൂലം 2013 ഫെബ്രുവരി 28 നാണു സ്ഥാനത്യാഗം ചെയ്തത്. ആറു നൂറ്റാണ്ടിനിടെ ആദ്യമായായിരുന്നു ഒരു മാർപാപ്പയുടെ സ്ഥാനത്യാഗം.
ഇതുവരെ തിരഞ്ഞെടുക്കപ്പെട്ടതില്‍ ഏറ്റവും പ്രായംകൂടിയ മാര്‍പാപ്പയായിരുന്നു അദ്ദേഹം. 1415-ല്‍ ഗ്രിഗറി പന്ത്രണ്ടാമനു ശേഷം സ്ഥാനമൊഴിയുന്ന ആദ്യത്തെ പോപ്പാണ് ബെനഡിക്ട് പതിനാറാമന്‍. 1927 ഏപ്രില്‍ 16-ന് ജര്‍മനിയിലെ ബവേറിയിലാണു ജോസഫ് റാറ്റ്‌സിംഗര്‍ എന്ന പോപ്പ് എമിരറ്റ്സ് ബെനഡിക്ട് പതിനാറാമന്റെ ജനനം.
ജോസഫ് റാറ്റ്‌സിംഗര്‍ സീനിയറിന്റേയും മരിയയുടെയും മൂന്നാമത്തെ കുട്ടിയായിരുന്നു ജോസഫ് റാറ്റ്‌സിംഗര്‍. 1941-ല്‍ പതിനാലാം വയസ്സില്‍, ജോസഫ് റാറ്റ്സിംഗര്‍, നാസി യുവ സംഘടനയായ ഹിറ്റ്‌ലര്‍ യൂത്തില്‍ അംഗമായി. അക്കാലത്ത് ജര്‍മനിയില്‍ 14 വയസു കഴിഞ്ഞ എല്ലാ കുട്ടികളും ഹിറ്റ്‌ലര്‍ യൂത്തില്‍ പ്രവര്‍ത്തിച്ചിരിക്കണമെന്ന് നിഷ്‌കര്‍ഷിച്ചിരുന്നു.
മുഖ്യമന്ത്രി അനുശോചിച്ചു
പോപ്പ് എമെറിറ്റസ് ബെനഡിക്ട് പതിനാറാമന്റെ വിയോഗം ലോക വിശ്വാസിസമൂഹത്തിന് വേദനയുണ്ടാക്കുന്നതാണ്. 2005 മുതൽ 2013 വരെയുള്ള കാലം ആഗോള കത്തോലിക്കാ സഭയുടെ അധിപതിയായിരുന്നു അദ്ദേഹം. മികച്ച ദൈവശാസ്ത്ര പണ്ഡിതൻ കൂടിയായിരുന്ന അദ്ദേഹം ഇസ്ലാം, ജൂത മതങ്ങളുമായി നല്ല ബന്ധം കാത്തു സൂക്ഷിക്കാൻ പരിശ്രമിച്ചു. മാനവികതയെയും സഹോദര്യത്തെയും മുറുകെപ്പിടിച്ച വ്യക്തിത്വമായിരുന്നു ബെനഡിക്ട് പതിനാറാമന്റേത്. ഹിറ്റ്ലറിന്റെ സൈന്യത്തിൽ നിർബന്ധിത സേവനമനുഷ്ഠിക്കേണ്ടി വന്ന ഘട്ടത്തിൽ കോൺസെൻട്രേഷൻ ക്യാമ്പുകളിൽ ജൂതരേറ്റു വാങ്ങിയ പീഡനങ്ങൾ കണ്ടാണ് അദ്ദേഹം മനുഷ്യ സേവകനായി മാറിയത്. 2013 ൽ സ്ഥാനത്യാഗം ചെയ്യാൻ അദ്ദേഹം കാണിച്ച സന്നദ്ധതയും വലിയ മാതൃകയാണ്. അദ്ദേഹത്തിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. വിശ്വാസി സമൂഹത്തിന്റെ വേദനയിൽ പങ്കുചേരുന്നു.