വത്തിക്കാൻ സിറ്റി: തന്റെ മോതിരം ചുംബിക്കാൻ വിശ്വാസികളെ അനുവദിക്കാതെ ഫ്രാൻസിസ് മാർപാപ്പ. ലൊറേട്ടോയിലെ കാത്തലിക് ദേവാലയത്തിൽ സന്ദർശനത്തിന് എത്തിയപ്പോഴായിരുന്നു സംഭവം. മാർപാപ്പയുടെ മോതിരത്തിൽ വിശ്വാസികൾ ചുംബിക്കാൻ ശ്രമിച്ചപ്പോൾ അദ്ദേഹം പെട്ടെന്ന് കൈ മാറ്റുകയായിരുന്നു. ഇതിന്റെ വീഡിയോ പുറത്തുവന്നതോടെ മാർപാപ്പയെ അനുകൂലിക്കുന്നവരും വിമർശിക്കുന്നവരും തമ്മിൽ തർക്കം രൂക്ഷമായി.
പോപ്പിനെ പലപ്പോഴും വിമർശിക്കുന്ന കാത്തലിക് വെബ്സൈറ്റായ ലൈഫ്സൈറ്റ്ന്യൂസ് പോപ്പിന്റെ മോതിരത്തെക്കുറിച്ചുളള ചരിത്രവും പ്രത്യേകതകളും പറഞ്ഞുകൊണ്ടുളള ലേഖനത്തിൽ വീഡിയോ ദൃശ്യം അസ്വസ്ഥതയുളവാക്കുന്നതാണെന്നാണ് പറഞ്ഞിരിക്കുന്നത്. കാത്തലിക് പാരമ്പര്യവാദികളുടെ വെബ്സൈറ്റായ റൊറേറ്റ് കെയ്ലി പോപ് ആ സ്ഥാനത്ത് തുടരാൻ താൽപര്യപ്പെടുന്നില്ലെങ്കിൽ പുറത്തുപോകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
അതേസമയം, പോപ്പിനെ പിന്തുണക്കുന്ന ജീവചരിത്രകാരന്‍ ഓസ്റ്റെന് ഐവറെ വിമർശകർക്ക് മറുപടിയുമായി രംഗത്തെത്തിയിട്ടുണ്ട്. പോപ് വിശ്വാസികളുമായി ഇടപെഴുകുന്നുണ്ട്. അദ്ദേഹത്തെ ഒരു വിശുദ്ധ തിരുശേഷിപ്പായി കാണരുത്. അദ്ദേഹം ക്രൈസ്തവ പുരോഹിതനാണ്, മറിച്ച് റോമന്‍ ചക്രവര്‍ത്തിയല്ലെന്നും ഐവറെ ട്വീറ്റ് ചെയ്തു. അതേസമയം, സംഭവത്തിൽ വത്തിക്കാൻ ഇതുവരെ പ്രതികരിച്ചിട്ടില്ല.