ന്യൂഡൽഹി: ജമ്മു-കശ്മീരിലെ പൂഞ്ച് ജില്ലയിൽ സുരക്ഷാ സേനയും തീവ്രവാദികളും തമ്മിലുള്ള ഏറ്റുമുട്ടലിൽ നാല് സൈനികരും ഒരു ജൂനിയർ കമ്മീഷൻഡ് ഓഫീസറും (ജെസിഒ) കൊല്ലപ്പെട്ടു. പൂഞ്ച് ജില്ലയിലെ ഡെറാ കി ഗാലി (ഡികെജി) മേഖലയിൽ തിങ്കളാഴ്ചയാണ് ഏറ്റുമുട്ടലുണ്ടായത്. ഏറ്റുമുട്ടൽ ഇപ്പോഴും തുടരുകയാണെന്ന് സൈനിക വക്താവ് ലഫ്റ്റനന്റ് കേണൽ ദേവേന്ദർ ആനന്ദ് പറഞ്ഞു.
കൊല്ലപ്പെട്ടവരിൽ ഒരു മലയാളി സൈനികനും ഉൾപ്പെടുന്നു. കൊല്ലം ഓടനാവട്ടം സ്വദേശി വൈശാഖ് എച്ച് ആണ് കൊല്ലപ്പെട്ട മലയാളി സൈനികൻ. പഞ്ചാബ് സ്വദേശികളായ സുബേദാർ ജസ്വീന്ദർ സിങ്, മൻദീപ് സിങ്, ഗജ്ജൻ സിങ്, സരാദ് സിങ് എന്നിവരാണ് കൊല്ലപ്പെട്ട മറ്റ് സൈനികർ
പൂഞ്ച് ജില്ലയിലെ സുരങ്കോട്ട് പരിധിയിലുള്ള ഡികെജിക്ക് അടുത്തുള്ള ഗ്രാമങ്ങളിൽ രഹസ്യാന്വേഷണ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഇന്ത്യൻ സൈന്യം നടത്തിയ തിരച്ചിൽ ഓപ്പറേഷനുശേഷമാണ് വെടിവെപ്പ് ആരംഭിച്ചത്.
അതേസമയം, പൂഞ്ചിലെ മുഗൾ റോഡിലെ ചമ്രർ വനങ്ങളിൽ മറ്റൊരു ഏറ്റുമുട്ടൽ നടക്കുന്നുണ്ട്. മൂന്നോ നാലോ തീവ്രവാദികൾ ഈ പ്രദേശത്ത് കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നു, പോലീസിന്റെയും സുരക്ഷാ സേനയുടെയും കൂടുതൽ ശക്തമായ വിന്യാസം പ്രദേശത്തുണ്ടെന്ന് സൈനിക വൃത്തങ്ങൾ അറിയിച്ചു.
Also Read: ഇന്ത്യ-ചൈന പതിമൂന്നാം സൈനികതല ചർച്ച പരാജയം