scorecardresearch
Latest News

കര്‍ഷകരെ നഗരത്തിലെ മാവോയിസ്റ്റുകളെന്ന് വിളിച്ച് ബിജെപി എംപി; പോയി പത്രം വായിക്കെന്ന് എംബി രാജേഷ്

ആറ് ദിവസത്തെ കാല്‍നടയ്ക്ക് ശേഷം കിസാന്‍ സഭയുടെ കര്‍ഷക റാലി മുംബൈയിലെ ആസാദ് മൈതാനത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ്

മുംബൈ: കിസാന്‍ സഭയുടെ ലോംഗ് മാര്‍ച്ചിനെ മാവോയിസ്റ്റ് റാലിയാക്കി ബിജെപി എംപി. കര്‍ഷക സമരം നടത്തുന്നത് നഗരത്തിലെ മാവോയിസ്റ്റുകളാണെന്നായിരുന്നു പൂനം മഹാജന്റെ പ്രസ്താവന. സിഎന്‍എന്‍ ന്യൂസ് 18നോട് സംസാരിക്കവെയായിരുന്നു ബിജെപി എംപിയുടെ പ്രസ്താവന.

‘കര്‍ഷകര്‍ കമ്യൂണിസ്റ്റുകളുടെ കൊടിയാണ് പിടിച്ചിരിക്കുന്നത്. നഗരത്തിലെ മാവോയിസ്റ്റുകള്‍ അവരെ ഉപയോഗിക്കുകയാണ്. ഇത് നഗര മാവോയിസമാണ്.’ എന്നായിരുന്നു പൂനം മഹാജന്റെ പ്രസ്താവന. നഗരത്തിലെ മാവോയിസത്തിന്റെ കേന്ദ്രമാണ് പൂനെയെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഇതിന്റെ തെളിവാണ് അവരുടെ കൈയ്യിലെ ചുവന്ന കൊടിയെന്നും അവര്‍ പറഞ്ഞു.

Read More : കര്‍ഷക പ്രക്ഷോഭം ചിത്രങ്ങളിലൂടെ

പൂനം മഹാജന്റെ വിവാദ പ്രസ്താവനയ്ക്ക് മറുപടിയുമായി എംബി രാജേഷ് എംപി രംഗത്തെത്തി. പോയി പത്രം വായിക്കൂ എന്നായിരുന്നു പൂനത്തിനുള്ള എംബി രാജേഷിന്റെ മറുപടി.

ആറ് ദിവസത്തെ കാല്‍നടയ്ക്ക് ശേഷം കിസാന്‍ സഭയുടെ കര്‍ഷക റാലി മുംബൈയിലെ ആസാദ് മൈതാനത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. കര്‍ഷകര്‍ ഇന്ന് നിയമസഭ വളയും. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസുമായി കര്‍ഷകര്‍ അല്‍പ്പസമയത്തിനകം കൂടിക്കാഴ്ച്ച നടത്തും.

ഇന്നലെ രാത്രി വിശ്രമം പോലുമില്ലാതെയായിരുന്നു കര്‍ഷകര്‍ മാര്‍ച്ച് തുടര്‍ന്നത്. ഇന്ന് നടക്കുന്ന എസ്എസ്എല്‍സി പരീക്ഷയ്ക്ക് തടസ്സമുണ്ടാകരുത് എന്നുള്ളതിനാലായിരുന്നു കിസാന്‍ സഭ രാത്രിയിലും മാര്‍ച്ചുമായി മുന്നോട്ട് പോയത്. പുലര്‍ച്ചെ അഞ്ച് മണിയോടെയായിരുന്നു മാര്‍ച്ച് ആസാദ് മൈതാനത്തെത്തിയത്.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Poonam mahajan calls farmers urban maoists mb rajesh hits back