ന്യൂഡല്‍ഹി: ഇന്ത്യ സന്ദര്‍ശിക്കുന്ന യുഎസ് വിദേശകാര്യ സെക്രട്ടറി മൈക്കിള്‍ ആര്‍ പോംപിയോ ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി, വിദേശകാര്യ മന്ത്രി എസ്.ജയശങ്കര്‍ എന്നിവരുമായി കൂടിക്കാഴ്ച നടത്തും. ഇരു രാജ്യങ്ങളും തമ്മിലുള്ള വിദേശ ബന്ധം അടക്കം ഇന്ന് ചര്‍ച്ചയാകും. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും തമ്മിലുള്ള കൂടിക്കാഴ്ചയെ കുറിച്ച് ഇന്ന് ചര്‍ച്ച ചെയ്യും.

ജൂണ്‍ 28, 29 തീയതികളില്‍ ജപ്പാനിലെ ഒസാക്കയില്‍ നടക്കുന്ന ജി 20 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും തമ്മില്‍ കൂടിക്കാഴ്ച നടത്താനാണ് സാധ്യത. ഇരു നേതാക്കളും തമ്മിലുള്ള ചര്‍ച്ചയുടെ സമയവും മറ്റും പോംപിയോ – ജയശങ്കര്‍ ചര്‍ച്ചയില്‍ തീരുമാനിക്കും. സമയം തീരുമാനമായിട്ടില്ലെങ്കിൽ ജൂൺ 28 ന് ആയിരിക്കും മോദി – ട്രംപ് ചർച്ച നടക്കുക എന്ന് റിപ്പോർട്ടുണ്ട്. റഷ്യയുമായുള്ള എസ് 400 മിസൈല്‍ കരാറില്‍ ഇന്ത്യ ഉറച്ചുനില്‍ക്കുകയാണ്. ഇക്കാര്യത്തില്‍ യുഎസ് നിലപാടില്‍ ഇന്ത്യ ഇളവ് ആവശ്യപ്പെടുന്നു.

Read Also: ‘ന്യൂനപക്ഷങ്ങള്‍ക്കിവിടെ മതസ്വാതന്ത്ര്യമുണ്ട്’; യുഎസ് റിപ്പോര്‍ട്ടിന് ഇന്ത്യയുടെ മറുപടി

ജപ്പാനിൽ നടക്കുന്ന ജി 20 ഉച്ചകോടിയിൽ നരേന്ദ്ര മോദിയെ വിദേശകാര്യ മന്ത്രി ജയശങ്കർ അനുഗമിക്കും. പോംപിയോ ട്രംപിനൊപ്പം ചേരും.  പോംപിയോ-ജയശങ്കര്‍ ചര്‍ച്ചയില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക പ്രശ്‌നങ്ങളും വ്യാപാര തര്‍ക്കങ്ങളും പ്രധാന വിഷയമാകും.

മോദി ഭരണത്തിൽ ന്യൂനപക്ഷങ്ങൾ വേട്ടയാടപ്പെടുന്നു എന്ന യുഎസ് റിപ്പോർട്ടിനെതിരെ നേരത്തെ ഇന്ത്യ രംഗത്തുവന്നിരുന്നു. പോംപിയോയുടെ സന്ദർശനത്തിന്റെ ഭാഗമായി തയ്യാറാക്കിയ റിപ്പോർട്ടിലാണ് ഇന്ത്യയിൽ ന്യൂനപക്ഷങ്ങൾ വേട്ടയാടപ്പെടുന്നു എന്ന വിമർശനമുണ്ടായിരുന്നത്. എന്നാൽ, ഇതിനു മറുപടിയുമായി ഇന്ത്യ തന്നെ എത്തി.

മതന്യൂനപക്ഷമായ മുസ്‌ലിങ്ങള്‍ക്കെതിരെ ഇന്ത്യയില്‍ അതിക്രമങ്ങള്‍ നടക്കുന്നു എന്ന യുഎസ് റിപ്പോര്‍ട്ട് ഇന്ത്യ തള്ളി. ഇന്ത്യയില്‍ അടുത്ത ദിവസം സന്ദര്‍ശനം നടത്താനിരിക്കെ വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോ യുഎസ് കോണ്‍ഗ്രസില്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടിന് മറുപടി നല്‍കുകയായിരുന്നു ഇന്ത്യ.

രാജ്യത്തെ എല്ലാ പൗരന്‍മാര്‍ക്കും ഇന്ത്യൻ ഭരണഘടന നല്‍കുന്ന സംരക്ഷണം സംബന്ധിച്ച് പ്രസ്താവന നടത്താന്‍ ഒരു വിദേശരാജ്യത്തിന് അവകാശമില്ലെന്ന് വിദേശകാര്യ വക്താവ് രവീഷ് കുമാര്‍ പറഞ്ഞു. ഏറ്റവും വലിയ ജനാധിപത്യ രാജ്യമെന്ന നിലയിലും രാജ്യത്തെ മതേതര സ്വഭാവത്തിലും ഇന്ത്യ അഭിമാനം കൊള്ളുന്നതായി അദ്ദേഹം പറഞ്ഞു.

ഇന്ത്യയുടെ ഭരണഘടന രാജ്യത്തെ എല്ലാ ജനങ്ങള്‍ക്കും മൗലിക അവകാശങ്ങളും മതസ്വാതന്ത്ര്യവും ഉറപ്പ് നല്‍കുന്നു. ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കും ഇന്ത്യ ഇത് ഉറപ്പ് നല്‍കുന്നുണ്ട്. രാജ്യത്തെ ആകെ ജനസംഖ്യയുടെ 14 ശതമാനം ഇന്ത്യയില്‍ മുസ്‌ലിങ്ങളാണെന്നും രവീഷ് കുമാര്‍ യുഎസിന് നല്‍കിയ മറുപടിയില്‍ പറയുന്നു.

Read Also: ‘എന്തുകൊണ്ട് തോറ്റു?’; അവലോകന റിപ്പോര്‍ട്ട് മുഖപത്രത്തില്‍ പ്രസിദ്ധീകരിച്ച് സിപിഎം

ഇന്ത്യയില്‍ ന്യൂനപക്ഷങ്ങള്‍ക്ക് വലിയ രീതിയില്‍ അതിക്രമങ്ങള്‍ നേരിടേണ്ടി വരുന്ന അവസ്ഥയാണ് ഇന്ത്യയിലുള്ളതെന്നാണ് അമേരിക്കയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. ആള്‍ക്കൂട്ട കൊലപാതകം നടത്തുന്ന ഗോ സംരക്ഷകരെ ചെറുക്കാന്‍ ഭരണകൂടം ഒന്നും ചെയ്യുന്നില്ല, മുസ്‌ലിം മതാചാരങ്ങള്‍ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നു തുടങ്ങിയ കാര്യങ്ങളാണ് അമേരിക്ക അവരുടെ റിപ്പോര്‍ട്ടില്‍ സര്‍ക്കാരിനെതിരായ വിമര്‍ശനമായി ഉന്നയിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും മറ്റ് കേന്ദ്ര മന്ത്രിമാരും ബിജെപി നേതാക്കളും ന്യൂനപക്ഷങ്ങള്‍ക്കെതിരെ നടത്തിയ വിദ്വേഷ പ്രസംഗങ്ങളും യുഎസ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook